Monday, September 21, 2015

ഭൂമിയുടെ മകൾ


പുസ്തകം : ഭൂമിയുടെ മകൾ
രചയിതാവ് : സുധീശ് രാഘവൻ
പ്രസാധകർ : ചിന്ത പബ്ലിഷേർസ്
അവലോകനം : സൂനജ അജിത്


സുധീശ് രാഘവൻ എന്ന എഴുത്തുകാരനെ വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ കുടുംബസമേതം എന്റെ വീട്ടിൽ വെച്ചാണ് കാണുന്നത്. ചേട്ടന്റെ അടുത്ത സുഹൃത്തായ അദ്ദേഹത്തിൻറെ രണ്ടാമത്തെ നോവൽ "ഭൂമിയുടെ മകൾ" അഭിപ്രായം പറയണമെന്ന അഭ്യർത്ഥനയോടെ കൊടുത്തുവിട്ടത്‌ സന്തോഷപൂർവ്വം കൈപ്പറ്റിയ ദിവസം തന്നെ വായിക്കാൻ എടുത്തിരുന്നു.

 ആദ്യത്തെ രണ്ടുമൂന്നു അദ്ധ്യായങ്ങൾ പെട്ടെന്ന് കടന്നുപോയി.. ഭംഗിയുള്ള ഭാഷയും നല്ല ആഖ്യാനവും പിടിച്ചിരുത്തുകതന്നെ ചെയ്തു. പിന്നീട് കഥയിൽ പെട്ടെന്ന് മനസിനെ അലോസരപ്പെടുത്തുന്ന കുറെ സംഭവങ്ങൾ. നമ്മൾ എന്നും വാർത്തകളിൽ അറിയുന്ന കുറെ അനിഷ്ടങ്ങൾ. നിരന്തരം പീഡിപ്പിക്കപ്പെടുന്ന സ്ത്രീജന്മങ്ങളുടെ ഗതികേടുകൾ മാത്രമായി വന്നപ്പോൾ എന്തുകൊണ്ടോ കുറച്ചു ദിവസത്തേക്ക് പുസ്തകം കയ്യിലെടുത്തില്ല. അത് കഴിഞ്ഞപ്പോൾ തിരക്കായി, ഓണം, അതിഥികൾ, യാത്ര അങ്ങനെ.

അപ്പോൾ പിന്നെ യാത്ര പുറപ്പെടുമ്പോൾ മറക്കാതെ ഹാൻഡ്‌ ബാഗിൽതന്നെ 'ഭൂമിയുടെ മകളെ' കയറ്റിവെച്ചു. വീണ്ടും വായിച്ചുതുടങ്ങിയപ്പോഴാണ് ഞാൻ അതിലേക്ക് കുറേക്കൂടി ഇറങ്ങിയതെന്ന് തോന്നുന്നു. അല്ലെങ്കിൽ, വ്യത്യസ്തരായ കഥാപാത്രങ്ങളുടെ മനസുകളിലൂടെയും അനുഭവങ്ങളിലൂടെയും ആഴത്തിൽ നടന്നത് അപ്പോഴാണ്‌ എന്നുപറയാം. അങ്ങനെ സഞ്ചരിക്കുംതോറും ശ്രദ്ധേയമാവുന്നത്‌ ഇതിലെ ബന്ധങ്ങളാണ്. തുടക്കത്തിൽ, ഭാര്യ മരിച്ച ദിവസം തന്നെ ഹൃദയം സ്തംഭിച്ചുപോവുന്ന ഭർത്താവിനെ കാണുമ്പോൾ ഒരുറച്ച കണ്‍വെൻഷനലായ സ്നേഹബന്ധത്തിന്റെ കഥയാവും പറഞ്ഞുവരുന്നത് എന്ന് തോന്നും. പക്ഷെ മുന്നോട്ടു പോവുംതോറും ഉപാധികളില്ലാത്ത ചിലപ്പോഴൊക്കെ പേരിട്ടുവിളിക്കാനാവാത്ത, എന്നാൽ ഉറച്ചതുമായ സ്നേഹബന്ധങ്ങൾ സ്ത്രീയും പുരുഷനും തമ്മിലും സ്ത്രീകൾ തമ്മിലും കാണാൻ സാധിക്കും. കഥയുടെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ നോവലിനുള്ളിൽ മറ്റൊരു നോവൽ തുറന്നുകൊണ്ട് അത്ഭുതപ്പെടുത്തുന്നു എഴുത്തുകാരൻ.

ഭ്രാന്തിയായ ജയന്തിയുടെ ജല്പനങ്ങൾ എന്ന മുൻ‌കൂർ ജാമ്യം ബോധപൂർവം എടുത്തതാണെന്ന് വായിച്ചുവരുമ്പോൾ തോന്നിപ്പോവും. കാരണം ഇതിഹാസമായ രാമായണകഥ തന്നെയാണ് മാറ്റിയെഴുതപ്പെട്ടിരിക്കുന്നത്. പരിത്യക്തയായ ഭൂമീപുത്രിയെ കാട്ടുവാസിയായ രത്തൻ എന്ന ചെറുപ്പക്കാരൻ രക്ഷിക്കുന്നതും അവരുടെ സംരക്ഷണയിൽ അവൾ പ്രസവിക്കുന്നതും അവരുടെയുള്ളിൽ ഒരു പുതിയ ബന്ധം ഉണ്ടാവുകയും ചെയ്യുന്നതായി പറയുമ്പോൾ അവിടെ ചില പുരികങ്ങളെങ്കിലും ഉയരാതിരിക്കില്ല. മര്യാദാ പുരുഷോത്തമൻ അവിടെ രൂക്ഷവിമർശനത്തിന് വിധേയനാവുന്നുണ്ട്.

ഭർത്താവിനെ മാത്രം വിശ്വസിച്ച് കൊട്ടാരത്തിലും കാട്ടിലും ഒരുപോലെ അനുഗമിച്ച പത്നിയുടെ വിഷമാവസ്ഥയിൽ കൂട്ടാവുന്നതിനു പകരം അധികാരമോഹം കൊണ്ട് അവളെ ഉപേക്ഷിച്ചു കളയുകയാണ് രാമൻ ചെയ്യുന്നതെന്ന് ജയന്തി പറയുന്നു. രാമനടങ്ങുന്ന അധീശവർഗം കാട്ടാളനായ രത്തനെ ചെയ്യാത്ത കുറ്റം ചുമത്തി ശിക്ഷിക്കാനോരുങ്ങുമ്പോൾ സീത അവനു സ്നേഹത്തിന്റെ ഭാഷ പഠിപ്പിക്കുന്നു. അധികാരലോകത്ത് അവൾ അറിഞ്ഞതെല്ലാം പകരുന്നു. ജീവരാശിക്കുള്ള സന്ദേശമായി അങ്ങനെ രത്തൻ സ്നേഹത്തിന്റെ ഇതിഹാസം രചിക്കുന്നു. അഹിംസയുടെ ഗാനം! ഭൂമിയുടെ മക്കളുടെ ജീവരാഗം! ഭ്രാന്തി സ്വപ്നം കാണുന്നു, "രാമായണം ഇങ്ങനെയായിരുന്നെങ്കിൽ അവിടെ നീതിയുടെ തുല്യതയും കരുണയും ഉണ്ടാവുമായിരുന്നു. ഒരു ജനതയുടെ സംസ്കൃതി മാറിമറിയുമായിരുന്നു " എന്ന്! പ്രകൃതിയെയാണ്‌ സ്നേഹിക്കേണ്ടത്.

ലോകത്ത് സകലചരാചരങ്ങളും ഒടുവിൽ പ്രകൃതിയോടു ചേരേണ്ടതുതന്നെയാണ് എന്നൊരു സന്ദേശം കൂടി വായിക്കാൻ കഴിയുന്നു ഇതിൽ. ഇതൊരു സ്ത്രീപക്ഷരചന ആണെന്ന് കൂടി നിസ്സംശയം പറയാം. ആണിന് വെട്ടിപ്പിടിക്കാനും സ്വന്തമാക്കി വെക്കാനുമുള്ളതാണ് മണ്ണും പെണ്ണും എന്ന വ്യവസ്ഥിതി യുഗങ്ങൾ താണ്ടിയും അങ്ങനെ തന്നെ തുടരുന്നു എന്നതിനുള്ള ദൃഷ്ടാന്തങ്ങൾ ഒന്നൊന്നായി നിരത്തുന്നുണ്ട്‌ ഇതിൽ. പലതരത്തിൽ മാനഭംഗപ്പെട്ട് യാതനകൾ അനുഭവിക്കേണ്ടി വന്നു നിസ്സഹായരായി നില്ക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ഇടക്കെങ്കിലും നന്മയുടെ അംശം പേറുന്ന ചിലരെ പരിചയപ്പെടുത്തി ഒരു പ്രത്യാശയും തരുന്നുണ്ട് കഥാകാരൻ. മേഴ്സി ലോറയും ഷംസുമൊക്കെ അങ്ങനെ ചിലരാണ്.

അവതാരികയിൽ ശ്രീ ബന്യാമിൻ പറഞ്ഞതുപോലെ "സുഖമുള്ള കാര്യങ്ങൾ കാണാനും കേൾക്കാനും വായിക്കാനും ഇഷ്ടപ്പെടുന്ന ഈ കാലത്ത് അത്ര സുഖമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് നമ്മുടെ ബോധത്തിനുമേൽ ഒരു ചെറിയ പോറൽ വീഴ്ത്താനുള്ള വിജയകരമായ ശ്രമം" തന്നെയായിരുന്നു അതെന്നു ബോധ്യമായി. നല്ലൊരു വായനാനുഭവം സമ്മാനിച്ച സുധീശേട്ടന് നന്ദി.. സന്തോഷം. ഇന്ന് ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ബഹറിനിൽ വെച്ച് നടക്കുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ! ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. വില : 120 രൂപ

3 comments:

  1. അപ്പോൾ ഇത് തേടി പിടിച്ച് വായിക്കണമല്ലോ

    ReplyDelete
  2. നിരക്ഷരന്‍ മാഷേ....... തുഞ്ചന്‍ പറമ്പില്‍ വച്ച് തന്ന ഉപദേശം മനസ്സിലുണ്ട്...... സ്നേഹത്തോടെ ഓര്‍ക്കുന്നു......
    ഒരു പുസ്തകം എങ്ങനെ വായിക്കപ്പെടണം എന്നുള്ളതും ....... വായിക്കണം ....എന്ന് ആകാംക്ഷ ജനിപ്പിക്കുന്ന എഴുത്ത്..... വലിയൊരു സൗഹൃദലോകത്ത് എഴുത്തിന്‍റെ ശക്തിയില്‍ വേറിട്ടു നില്‍ക്കുന്നു ..നിരക്ഷരന്‍
    മുരളിയേട്ടന്‍ പറഞ്ഞ മാതിരി..... തേടി പിടിച്ചു വായിയ്ക്കാവുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു....... ആശംസകൾ

    ReplyDelete
  3. @ വിനോദ് കുട്ടത്ത് - ഇത് ഞാൻ എഴുതിയതല്ല. സൂനജ അജിത്ത് (ശിവകാമി) ആണ് എഴുതിയത്. ഞാൻ ഈ ബ്ലോഗ് കൂട്ടായ്മയ്ക്ക് വേണ്ടി അത് പബ്ലിഷ് ചെയ്തു എന്ന് മാത്രം. എഴുത്തിന് നൽകിയ അഭിനന്ദനങ്ങൾ സൂനജയ്ക്കുള്ളതാണ്.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?