Wednesday, July 3, 2013

കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി

പുസ്തകം : കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി
രചയിതാവ് : സിന്ധു.കെ.വി
പ്രസാധകര്‍ : കൈരളി ബുക്സ് , കണ്ണൂർ
അവലോകനം : കുമാരന്‍





ത്തരാധുനികത തുറന്നിട്ട വിശാലമായ സ്പേസ് ഏറ്റവും കൂടുതലായി ഉപയോഗിച്ചു കണ്ടത് സൈബറിടങ്ങളിലാണ്.   പരമ്പരാഗതമായ എഴുത്തുരീതികളെ പൊളിച്ചെഴുതിക്കൊണ്ട് ഇന്റർനെറ്റ് രംഗത്തേക്ക് എഴുത്തുമേഖല വ്യാപിച്ചപ്പോൾ അച്ചടിയുടെ വിസ്ഫോടനത്തിലെന്നതു പോലെ തന്നെ സമൂലമായ ഒരു മാറ്റം നമ്മുടെ വിജ്ഞാന മണ്ഡലത്തിലുമുണ്ടായി.  സാഹിത്യവും കലകളും അവയെ അടയാളപ്പെടുത്തുന്ന ഇടങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുതുടങ്ങി.  എഴുത്തിടങ്ങളിൽ പരമോന്നതമായ സ്വാതന്ത്ര്യം സൈബർ ലോകത്ത് ലഭിക്കാൻ തുടങ്ങിയതോടെ സജീവമായ ചലനമാണ് മലയാള സാഹിത്യരംഗത്ത്, വിശിഷ്യാ കവിതാമണ്ഡലത്തിൽ ഉണ്ടായത്.  ഇതിന്റെ ചുവട് പിടിച്ച് കാമ്പുള്ള നിരവധി കവിതകളും കവികളും ഇന്റർനെറ്റിൽ നിന്നും മുഖ്യധാരാ സാഹിത്യത്തിലേക്ക് കടന്ന് വരികയുണ്ടായി.

സൈബർ രംഗത്തെ സജീവ സാന്നിദ്ധ്യമായ സിന്ധു കെ.വി.യുടെ പ്രഥമ കവിതാ സമാഹാരമാണ്  'കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി.'  ആദ്യപുസ്തകത്തിന്റെ ബദ്ധപ്പാടുകളൊന്നും കാണാനില്ലാത്ത ഇരുത്തി വായിക്കപ്പെടേണ്ട കവിതകളാണ് അവയിലേറെയും.   അവനവന്റെ അന്ത:വിസ്ഫോടനങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ രേഖപ്പെടുത്തുന്ന സിന്ധുവിന്റെ കവിതകളിൽ സ്ത്രൈണതയുടെ ശക്തി തെളിഞ്ഞുകാണുന്നു.  'നടക്കുകയാണു ഒരാൾ' എന്ന കവിതയിൽ തന്നെത്തന്നെ വരച്ചിടുന്ന എഴുത്തുകാരി, നിറുത്തലുകളില്ലാത്ത ഇടങ്ങളിലൂടെ നടന്നു കൊണ്ടേയിരിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്.

‘‘നിറുത്തലുകൾ ഏറെയുള്ള പെണ്ണിടങ്ങളിൽ
നടക്കാനെതിലെയും വഴികളെന്ന്,
മറ്റെന്തിനേക്കാളും ഞാൻ നടക്കുകയാണ്‘' എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ഈ ഭാഷ സിന്ധുവിന്റെ കവിതകളുടെ മുഖമുദ്രയാണ്.

വീടിന്റെ അർഥതലങ്ങൾ തന്നെ അഴിഞ്ഞുവീഴുന്ന ദൃശ്യമാണ് 'അവൾ / ചില ബഹിരാകാശ യാത്രകൾ' എന്ന കവിതയിൽ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നത്. പുരുഷാധിപത്യ സമൂഹം കാലങ്ങളായി അവളെ തളച്ചിട്ട വീട് /അടുക്കള അഴിയുന്നതോടെ അത്തരം തടവറകളെ രൂപപ്പെടുത്തിയ വ്യവസ്ഥകളപ്പാടെ തകർന്നു വീഴുന്നതു കാണാം.  അതോടെ കവിത സ്വയം ഒരു ബഹിരാകാശമായി മാറുന്നു.  മനസ്സിന്റെ അബോധതലങ്ങളിലെ മായക്കാഴ്ച്ചകൾ 'ബ്ലാക് & വൈറ്റ്'  എന്ന കവിതയിൽ വിഭ്രമാത്മകമായി കടന്നു വരുന്നു. നാട്ടുവഴിച്ചുവടുകളുടെ താളമുള്ള 'കാവ്; കുളം; അരയാൽ' നാട്ടുനന്മയുടെ തുടിപ്പുകൾ പേറുന്നുണ്ട്.  മനുഷ്യനും പ്രകൃതിയും സ്ത്രീയും പുരുഷനും മാറിമറിഞ്ഞുവരുന്ന  നിരീക്ഷണമാണ് 'കാപ്പിത്തോട്ടങ്ങളൂടെ സൂക്ഷിപ്പുകാരി' എന്ന കവിതയിലുള്ളത്. തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രകൃതി, സ്ത്രീ -അവളുടെ മായക്കാഴ്ചകൾ, അനുഭൂതികൾ, അവൾക്കു മാത്രം പകരാനാവുന്ന സുരക്ഷിതത്വം എന്നിങ്ങനെ മണ്ണും മനുഷ്യനുമെന്ന പോലെ സ്ത്രീയും പുരുഷനും ഇഴുകിച്ചേരുന്ന ഈ കവിത അങ്ങേയറ്റം ഉർവ്വരമായൊരു കാഴ്ചയാണ് തരുന്നത്. ഇക്കവിതകളിലൊക്കെയും അടിയൊഴുക്കായി പ്രവര്‍ത്തിക്കുന്ന പ്രകൃതിയുടെ തണുപ്പ് നാം തിരിച്ചറിയേണ്ടതുണ്ട്.
'‘ഒഴുകുന്ന പൂക്കളേ, ഞെരമ്പുകളേ
ചിലങ്കയിടാത്ത പെൺകിടാങ്ങളേ,
നിങ്ങൾ ഗ്രാമങ്ങളുടെ അമ്പാസിഡര്‍മാരാണ്'‘
സ്ഥലകാലങ്ങളെ, ദേശസങ്കല്‍പ്പങ്ങളെ പൊളിച്ചിടുന്ന സൈബര്‍ലോകത്തിരുന്നും ഗ്രാമങ്ങളുടെ അമ്പാസിഡര്‍മാരായ പുഴകളെ കവയത്രി കാണുന്നു.

പൊതുവെ അബലകൾ എന്നു വിളിക്കപ്പെടുന്ന ചില ജീവിതപരിസരങ്ങളിൽ അവിശ്വസനീയമായ കരുത്തുള്ള സ്ത്രീയെ ചിത്രീകരിക്കുന്ന,  'കോടമഞ്ഞിൽ ചില രൂപങ്ങൾ' സിന്ധുവിന്റെ ശക്തമായ ഒരു കവിതയാണ്.  തനിച്ചാവുന്ന സ്ത്രീ ശക്തയാണെന്നു മാത്രമല്ല അവളെ സമൂഹത്തിനു ഭയമാണെന്നുകൂടി നിരീക്ഷിക്കുന്നുണ്ട്.  നിരന്തരമായി അവളുടെ ശരീരത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് സമൂഹം ആ കരുത്തിൽ നിന്നും അവളെ തകർക്കുന്നത്.  യാതൊരു വിധ ആശങ്കകളുമില്ലാതെ ഒരുവൾ സ്വയം തിരിച്ചറിയുന്നിടത്ത്,
'‘നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.
നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ, ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.” എന്ന് നാം വായിക്കുന്നു. ഒരു നിറം മാത്രം പ്രതീക്ഷിച്ച് വന്നെത്തി ഒടുവിൽ അവളിൽ മഴവില്ലു കണ്ട് മടങ്ങുന്ന രാത്രി, പക്ഷേ പ്രതീക്ഷ ബാക്കിവെച്ചാണ് പോകുന്നത്.
'‘നിന്നെക്കോരാനെങ്കിലും
ചോര്‍ച്ചയില്ലാത്ത ഒരു പാത്രം
കരുതണം ഞാൻ
എന്‍റെ കൈവിരൽ പഴുതിലൂടെ
അത്രമേൽ നീ ഊര്‍ന്നുപോകുന്നു‘' എന്ന് 'പ്രണയം ' എന്ന കവിത പറയുമ്പോൾ,

'‘അടയാളങ്ങൾ ബാക്കിയില്ലാത്ത ആകാശത്തിനു കീഴിൽ
എവിടെയാണു നീ ‘' എന്ന് ജീവിതത്തിന്‍റെ വേനല്‍പ്പൊള്ളലുകളിൽ അഭയം അന്വേഷിച്ചലയുന്ന മനുഷ്യനെ ‘ദേശാടനപ്പക്ഷി'  എന്ന കവിതയിൽ നാം  കാണുന്നു .
'‘നിന്‍റെ ജടയിലെ അഴിയാക്കുരുക്കുകള്‍ക്ക്
ഇതിലുമേറെയെന്തു സ്വപ്നം തരാനാകും‘' എന്ന 'ഗംഗ' യുടെ തിരിച്ചറിവിൽ അമര്‍ത്തപ്പെടുന്ന മോഹങ്ങളുടെ കുത്തൊഴുക്ക് തന്നെ കാണാം.  ഈ കവിതകളിലൊക്കെയും വായനക്കാരന് അവനവനെ കണ്ടെത്താനും താദാത്മ്യം പ്രാപിക്കാനും കഴിയുന്നു എന്നിടത്ത് ഇക്കവിതകളുടെ സാമൂഹ്യബോധം ദർശിക്കാനാവും.

പെണ്ണെഴുത്തെന്ന വായനയ്ക്കപ്പുറത്തേക്ക് സിന്ധുവിന്‍റെ കവിതകൾ കടന്നു ചെല്ലുന്നുണ്ട്. സങ്കീർണ്ണമായ  ജീവിത വിഷയങ്ങളിലേക്ക് ഊളിയിട്ടു ചെല്ലാനും ശക്തമായ ബിംബങ്ങളിലൂടെ അവ പകർത്തി വെയ്ക്കാനും അനായാസം ഈ എഴുത്തുകാരിക്കു കഴിയുന്നു.  കഠിനമായ ഏകാന്തതയോടുള്ള സംവാദമായും വായിക്കാവുന്ന ഈ കവിതാ സമാഹാരം ഉപരിപ്ലവമായ വായനയ്ക്കപ്പുറത്ത് അതിന്റെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു  പോകുന്നുണ്ട്.

കണ്ണൂർ കൈരളി ബുക്സ് ആണ്  'കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി' യുടെ പ്രസാധകർ. പ്രധാന ആനുകാലികങ്ങളിലൂടെയും ഇന്‍റര്‍നെറ്റിലുമായി  വെളിച്ചം കണ്ട നാൽ‌പ്പതോളം കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?