Sunday, May 12, 2013

ഗ്രൌണ്ട് സീറോ

പുസ്തകം : ഗ്രൌണ്ട് സീറോ
രചയിതാവ് : അഷ്‌‌റഫ് പെങ്ങോട്ടയില്‍
പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്
അവലോകനം : ബഷീര്‍ മേച്ചേരി


ഗോളഗ്രാമത്തില്‍ നിന്നുയരുന്ന നിലവിളികള്‍
ലയാളിയുടെ അനുഭവമേഖലയുടെ അതിരുകള്‍ വികസ്വരമാകുന്നത് ആഗോളഗ്രാമത്തിലേക്ക് തന്നെയാണ്. പ്രതീതിലോകത്തില്‍ കേരളത്തില്‍ ജീവിക്കുന്ന ഒരു മലയാളിക്കും ഒട്ടൊക്കെ അതറിയാമെങ്കിലും , കേരളം വിട്ട് അന്യരാഷ്ട്രങ്ങളില്‍ ജീവിതം നീക്കുന്നവരാണ് നിത്യേന അതനുഭവിക്കുന്നത്. അവരുടെ ഉപ്പും കണ്ണീരും രക്തവും സമകാല കഥാഭാവനയിലും കലരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അഷ്‌റഫ് പെങ്ങോട്ടയിലിന്റെ ഗ്രൌണ്ട് സീറോ എന്ന സമാഹാരത്തിലെ കഥകള്‍ വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.
നിരന്തരമായി കഥകള്‍ എഴുതുന്ന ഒരാളല്ല അഷ്‌റഫ് പെങ്ങോട്ടയില്‍. പക്ഷെ ചെറുകഥ എന്ന സാഹിത്യരൂപത്തെ ഗൌരവമായി തന്നെ വീക്ഷിക്കുന്ന എഴുത്തുകാരനാണെന്ന് ഗ്രൌണ്ട് സീറോയിലെ ഓരോ കഥകളും വ്യക്തമാക്കിത്തരുന്നു. കേരളത്തിന് പുറത്ത് , ഇന്ത്യാ രാജ്യത്തിന് പുറത്ത് മലയാളി തൊട്ടറിയുന്ന സമകാല ജീവിതത്തിന്റെ രേഖകള്‍ ഈ സമാഹാരത്തിലെ പതിമൂന്ന് കഥകളിലും വേരോടി നില്‍ക്കുന്നുണ്ട്.
മനുഷ്യനെയും പ്രകൃതിയെയും ചുട്ടെരിക്കാന്‍ പ്രാപ്തിയുള്ള മാരക സ്ഫോടക ശേഷിയുള്ള അക്രമണായുധങ്ങളുടെ അവശിഷ്ടങ്ങള്‍ ആക്രിക്കച്ചവടത്തിനുപയോഗിച്ചു ഉപജീവനത്തിനായി കറന്‍സിനോട്ടുകള്‍ നേടുന്ന റഷാഗുലിനെ കേരളത്തിലിരുന്ന് ഒരെഴുത്തുകാരന് കണ്ടെത്താനാവില്ല. അശരണമായ അഫ്ഗാന്‍ ജീവിതത്തിന്റെ അപരിചിത പ്രദേശങ്ങളിലേക്ക് വായനക്കാരെ നയിക്കുകയാണ് കഥാകൃത്ത് “ഷോമാലിയയിലെ കാല്‍പ്പാടുകള്‍” എന്ന കഥയില്‍. കമ്മ്യൂണിക്കേഷന്‍ സൌകര്യങ്ങള്‍ ഏറെ പുരോഗമിച്ച്, ആധുനീകരിച്ച് ഒരു “ഗ്ലോബല്‍ വില്ലേജായി“ മാറിയ ലോകത്തിന്റെ അരികുജീവിതങ്ങളിലേക്ക് ഒരെത്തിനോട്ടം. ഒരഫ്ഗാന്‍ കഥയുടെ വിവര്‍ത്തനം എന്ന് തോന്നിപ്പിക്കുംവിധമുള്ള രചനയെന്ന്‍ കഥകള്‍ക്ക് പഠനം നിര്‍വഹിച്ച സര്‍ജ്ജു എഴുതിയത് എത്ര ശരി.
വേള്‍ഡ് ട്രേഡ് സെന്ററിന്റെ” പതനത്തോടൊപ്പം എത്രയോ മനുഷ്യജീവനുകളും പൊലിഞ്ഞു. ഫെഡക്സ് എന്ന കൊറിയര്‍ കമ്പിനിയില്‍ ഡെലിവറിമാനായി ജോലിചെയ്യുന്ന ജാക്സണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരനും അവരിലൊരാളായിരുന്നു. ആഖ്യാതാവും ജാക്സണും തമ്മിലുള്ള ബന്ധം എങ്ങിനെയാണ്? ഒരു പഴയ സെല്‍ഫോണാണ് അവരെ ബന്ധിപ്പിക്കുന്ന ഏക ഉപകരണം. രണ്ടാഴ്ച ദൈര്‍ഘ്യമുണ്ടായ ഒരു അമേരിക്കന്‍ യാത്രയില്‍ വാങ്ങിയ ആ സെല്‍ഫോണിന്റെ മെസേജ് ബോക്സിലെ സന്ദേശങ്ങളാണ് ശ്വാസം മുട്ടിപ്പിടഞ്ഞു മരിച്ച , ജാക്സണ് കഥയില്‍ ജീവന്‍ നല്‍കുന്നത്. നാം നേരിട്ടനുഭവിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ആധുനീകലോകത്ത് മനുഷ്യന് ഒട്ടേറെ മാധ്യമങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും മനസ്സിലാക്കപ്പെടാതിരിക്കുന്നിടത്താണ് അവന്റെ ദുരന്തം. തത്വശാസ്ത്രങ്ങളും സനാതനമൂല്യങ്ങളുമൊന്നും ഇവിടെ അവരുടെ സഹായത്തിനെത്തുന്നില്ല. ദുരന്തങ്ങള്‍ വ്യക്തികളെ കാണിച്ചു തരുന്നു. സമൂഹത്തിന്റെ ചലനവേഗങ്ങളെല്ലാം വ്യര്‍ത്ഥമാണെന്ന് മനസ്സിലാക്കപ്പെടാന്‍ മാത്രം! “ഗ്രൌണ്ട് സീറോ“ എന്ന കഥക്ക് ദൈര്‍ഘ്യം കുറവാണെങ്കിലും വലിയ അര്‍ത്ഥവ്യാപ്തികളുള്ള കഥയാണിത്.
നാഗരീകജീവിതത്തിന്റെ തിളക്കമുള്ള പ്രതലങ്ങളിലൂടെ ജീവിതം നീക്കുന്ന ആഖ്യാതാവ് തന്റെ സ്കൂള്‍ കാലത്തെ സുഹൃത്തായ സിദ്ധാര്‍ത്ഥനെ കണ്ടെത്തുന്നത് ആകസ്മീകമായാണ്. സെന്ട്രല്‍ ബാങ്കിലെ മീറ്റിങ് കഴിഞ്ഞ് സ്പാര്‍ട്ടെക്ക് പാതയിലൂടെ നടക്കുമ്പോള്‍ ഈന്തപ്പനത്തണലുകളില്‍ നിന്ന് കേട്ട നാടന്‍ കോഴികളുടെ കൊക്കലും കുറുകലുമാണ് വീണ്ടും സിദ്ധാര്‍ത്ഥനെക്കുറിച്ചോര്‍ക്കാന്‍ കാരണമായത്. ഉപേക്ഷിക്കപ്പെട്ട കാറുകള്‍ക്കിടയില്‍ സിദ്ധാര്‍ത്ഥന്റെ ജീവിതം ഏകാന്തമായിരുന്നെങ്കിലും ആ രാത്രികള്‍ പഴയ തീവ്രസൌഹൃദത്തെ ജ്വലിപ്പിക്കുകയായിരുന്നു. “കാട്ടുക്കോഴികള്‍” എന്ന കഥയില്‍ ഇങ്ങിനെ വായിക്കാം: “......... റാന്തലുമായി സിദ്ധാര്‍ത്ഥന്‍ മുറ്റത്തേക്ക് വന്നു. പഴയ രണ്ടുമൂന്നു കാറിന്റെ സീറ്റുകള്‍ കിടക്കുന്നിടത്തായി റാന്തല്‍ തൂക്കിയിട്ടു. രണ്ട് ഗ്ലാസ്സും കുപ്പിയും വന്നു. കോഴിപൊരിച്ചതും മുറിച്ച തക്കാളിയും അച്ചാറും പച്ചമുളകും വന്നു. ഖുബ്ബൂസ് വന്നു. ചെറിയ കാറ്റ് വന്നു. നാടന്‍ പാട്ടുകളും വര്‍ത്തമാ‍നങ്ങളും വന്നു. ഏതോ സര്‍ദാര്‍ജിയില്‍ നിന്നും വാങ്ങിവെച്ച കുപ്പി പലതവണ തുറന്നടഞ്ഞു. കടിച്ചുവലിച്ച കോഴിക്കാലുകള്‍ കാറട്ടികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞു.”
മരുഭൂമികളുടെ ആ കോണില്‍ തൊട്ടപ്പുറത്ത് ബിദൂനകളുടെ കോളനിയാണ്. അവര്‍ ഏതുനാട്ടുകാരെന്നോ, വംശക്കാരെന്നോ ആര്‍ക്കുമറിയില്ല. ഒരു നാടും ഇല്ലാത്ത ജിപ്സികളെപ്പോലുള്ളവര്‍. പല ഭാഷ സംസാരിക്കുന്നവര്‍. ചിലപ്പോള്‍ സിദ്ധാര്‍ത്ഥനെക്കാണാന്‍ കുപ്പികളുമായി ബിദൂനുകളും വരും. പെണ്ണുങ്ങളെയും കൊണ്ടുവരും. പാട്ടുംകുടിയും ഡാന്‍സും തീറ്റയുമൊക്കെയായി നേരം വെളുപ്പിക്കും. അപ്രകാരമൊരു അരാജകജീ‍വിതത്തിന്റെ ആഹ്ലാദാരവങ്ങളിലേക്ക് സിദ്ധാര്‍ഥനെ കണ്ടെത്തിയത് മുതല്‍ ആഖ്യാതാവ് എത്തപ്പെടുകയാണ്. ഓഡിറ്റിങിന് പോകുമ്പോഴെല്ലാം സിദ്ധാര്‍ത്ഥന്റെ അടുത്ത് പോകും. “സര്‍ദാര്‍ജിയും കോഴിക്കാലും നാട്ടുവര്‍ത്തമാനങ്ങളുമായി കാര്‍സീറ്റുകളില്‍ മലര്‍ന്നു കിടക്കും. ഏഴ് ബിയിലെ സീനത്തിനെ പറ്റി പറയും. നിലാവുള്ള രാത്രികളില്‍ മരുഭൂമിയിലേക്ക് നടക്കാനിറങ്ങും. പരസ്പരം മണ്ണ് വാരിയെറിയും. കാട്ടുപ്പുല്ലുകള്‍ പിടിച്ചു വലിക്കും. ഒറ്റപ്പെട്ട് കാണുന്ന ഗാഫ് മരങ്ങള്‍ക്ക് ചോട്ടില്‍ തളര്‍ന്നിരിക്കും”
ആഖ്യാതാവിന്റെ ജീവിതം കോര്‍പ്പറേറ്റ് ബന്ധങ്ങളുടെ ഉന്നത സൌഹൃദങ്ങളുടെയും, കുടുംബജീവിതത്തിന്റെയും യാന്ത്രികതയിലൂടെ നീങ്ങുകയാണ്. പിന്നീടൊരിക്കല്‍ സിദ്ധാര്‍ത്ഥനെ ഓര്‍മ്മ വന്ന് പകല്‍ ആ പഴയ സ്ക്രാപ്പ് യാര്‍ഡില്‍ ചെന്നന്വേഷിച്ചെങ്കിലും അയാളെ കണ്ടെത്താനാകുന്നില്ല. പകരം നരച്ച താടിയും അയഞ്ഞ കുപ്പായവുമിട്ട ഒരു പഠാണിയാണ് അയാളെ എതിരേല്‍ക്കുന്നത്. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ആ പഠാണിയാണ് പോലും ഇതിന്റെ കാവല്‍ക്കാരന്‍. അയാളുടെ ഓര്‍മ്മയില്‍ ആ പരിസരത്ത് പോലും ഒരു സിദ്ധാര്‍ത്ഥന്‍ ഉണ്ടായിരുന്നില്ല. കോഴികളെ വളര്‍ത്തിയിരുന്നതായും വൃദ്ധന്‍ ഓര്‍ക്കുന്നില്ല. പക്ഷെ ഒരുപാട് കാട്ടുകോഴികളുണ്ട്. അവ പകലുകളില്‍ കാറട്ടികള്‍ക്കിടയില്‍ ഒളിച്ചിരിക്കും രാത്രികളില്‍ ചുറ്റിക്കറങ്ങി ഇരതിന്ന് വരും.
നിരാശനായി മടങ്ങുമ്പോള്‍ പിന്‍‌കണ്ണാടിയുടെ സുരക്ഷിതത്വത്തിലൂടെ ഒരു നിമിഷം അയാള്‍ കണ്ണുപായികുന്നു. എവിടെ നിലാവില്‍ മയങ്ങിക്കിടക്കുന്ന ഈന്തപ്പനയോലകളും, തകരപ്പാട്ടയും ചേര്‍ത്തുണ്ടാക്കിയ ബിദൂനുകളുടെ കോളനി? കുത്തേറ്റു പിടയുന്നത് പോലുള്ള മുട്ടനാടിന്റെ ഒറ്റകരച്ചില്‍ കേള്‍ക്കുന്നില്ലല്ലോ..? കുന്നിന്റെ അങ്ങേച്ചെരുവില്‍ അലഞ്ഞു നടക്കുന്ന ചെന്നായ കേള്‍ക്കും മുന്‍പ് മരുഭൂമിയുട മടക്കുകളില്‍ അലിഞ്ഞമരുന്ന ആ ദീനരോദനം.? ഒന്നുമില്ല. മരുമണം മാത്രം ആ കാറ്റിന് പിന്നാലെ പാഞ്ഞുവരുന്നു.
യഥാര്‍ത്ഥ സംഭവങ്ങളുടെ നൈരന്തര്യത്തിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത് എങ്കിലും , യഥാര്‍ത്ഥത്തിന്റെ വസ്തുനിഷ്ഠഭാവത്തെ പിന്നീട് നിരാകരിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. അസാമാന്യമായ കൈയടക്കത്തോടെ അതിന്റെ വേര്‍പിരിവുകള്‍ എവിടെ സംഭവിച്ചുവെന്ന്‍ വായനക്കാരന്‍ അത്ഭുതംകൂറും. യാഥാര്‍ഥ്യം ഇവിടെ മിക്കപ്പോഴും അവ്യക്തതതയുടെ മൂടുപടമണിയുന്നു. ലളിതമായ ആഖ്യാനം. അതിനെല്ലാമുപരി വായനക്കാരന്റെ ഭാവനയെ നൃത്തം വെപ്പിക്കാന്‍ പര്യാപ്തമായ ദൃശ്യസാദ്ധതകള്‍ ഈ കഥയുടെ സവിശേഷതയാകുന്നു.
ആഗോളഗ്രാമത്തില്‍ സുരക്ഷിതത്വസജ്ജീകരണങ്ങള്‍ക്ക് പ്രഥമ പ്രാധാന്യമുണ്ട്. Standard of living പോലെ തന്നെ. അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി സെക്യൂരിറ്റി ക്യാമറകളും റഡാര്‍ യന്ത്രങ്ങളും ഘടിപ്പിക്കപ്പെടും പട്ടാളത്തിലും പോലീസിനുമൊക്കെ പുറമെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്മാരും ഗാര്‍ഡുകളും. അവയെയൊക്കെ സംയോജിപ്പിക്കുന്ന ഓഫീസ് കേന്ദ്രങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത്. ജീവസുരക്ഷയെന്നാല്‍ ഉന്നതശ്രേണിയിലുള്ള ഉപരിവര്‍ഗ്ഗത്തിന്റെ ജീവസുരക്ഷയെന്നാണ് അര്‍ത്ഥമാക്കേണ്ടത് എന്ന് മാത്രം.
കോറല്‍ ബീച്ച് ഗാര്‍ഡന്‍സിലെ അതീവസുന്ദരങ്ങളായ ഇരുപത്തിയൊന്ന് വില്ലകളും സുരക്ഷിതമായ അകലം സൃഷ്ടിച്ചിട്ടുണ്ട്. അതുവഴി എല്ലാവര്‍ക്കും വേണ്ടതിലധികം സ്വകാര്യതയും. മാത്രവുമല്ല, ചുമരുകളും ജാലകങ്ങളും സൌണ്ട് പ്രൂഫ് ചെയ്ത് താമസക്കാര്‍ക്ക് പരമാവധി “പീസ് ഓഫ് മൈന്‍ഡ്” പ്രധാനം ചെയ്യുന്നുമുണ്ട് കോറല്‍ ബീച്ച് മാനേജ്മെന്റ്. ഈ ടെന്‍ഷന്‍ ഫ്രീ ലൈഫ് ആണ് തന്റെ സ്മാര്‍ട്ട്നസ് നിലനിര്‍ത്തുന്നത് എന്ന് , ചില ബിസിനസ്സ് മീറ്റിങുകളുടെ ഇടവേളകളില്‍ നിശ്ചിതപ്പെടുത്തിയ രണ്ട് പെഗ്ഗിനൊപ്പം നുണയാറുമുണ്ട് രവീന്ദ്രനാഥ്. “ (കഥ : കുമിളനൃത്തം)
എന്നാല്‍ എപ്പോഴാണ് ഒരു കുമിള പോലെ ഞൊടിയിടയില്‍ പൊട്ടിയൊടുങ്ങി എല്ലാം ഭയാനകമായ ഒരു ചുവപ്പിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നത് എന്നത് ആര്‍ക്കുമറിയില്ല. രവീന്ദ്രദാസിന്റെ ജീവിതത്തില്‍ അതാണ് സംഭവിച്ചത്. ഗ്യാരേജില്‍ കിടന്നുപിടയുന്ന രക്തക്കട്ട നോക്കി നിശ്ചലനാകാനേ സിസ്സഹായനായ അയാള്‍ക്ക് കഴിയുന്നുള്ളു.
ഒളിഞ്ഞുനോട്ടക്കാര്യത്തില്‍ മലയാളിക്കുള്ള അഭിനിവേശത്തെക്കുറിച്ച് നാം ധാരാളമായി കേട്ടിട്ടുണ്ട്. ആധുനീകോപകരണങ്ങള്‍ പലതും മാര്‍ക്കെറ്റില്‍ വന്ന് നിറഞ്ഞത് അതിന്റെവേഗം കൂടിയിട്ടേയുള്ളൂവെന്ന് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒരു യൂറോപ്യന്‍ കുടുംബ(?)ത്തിന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കുകയും , അവരുടെ സ്വാതന്ത്ര്യാഘോഷങ്ങളില്‍ അസൂയ പുലര്‍ത്തി സാംസ്കാരികത്തനിമയുടെ പുറം ആവരണങ്ങത്തിലേക്ക് ചുരുങ്ങിക്കൂടുകയും ചെയ്യുന്ന മലയാളി ദമ്പതികളുടെ ലോകമാണ് “വീടുവീടാന്തരം” എന്ന കഥയുടെ പ്രമേയം.
ദൈനംദിന ജീവിതവ്യാപാരങ്ങള്‍ക്കിടയില്‍ കണ്ടുംകേട്ടും ചിരപരിചിതമായ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും നാമാരും കല്‍പ്പിക്കാറില്ല. പക്ഷെ പരിചിതമെന്ന് തോന്നുന്ന അത്തരം കാര്യങ്ങളിലേക്ക് ഒരു കഥാകൃത്തിന്റെ ധൈഷണികമായ ഉള്‍ക്കാഴ്ചയോടെ ഇടപെടുമ്പോഴാണ് ആധുനീകമനുഷ്യരെന്ന് അഭിമാനിക്കുന്നവരുടെ ജീവിതത്തിന്റെ അപചയമേഖലകളിലേക്ക് വെളിച്ചം വീഴ്തുന്നത്. സാംസ്കാരികവും സാമൂഹികവുമായി നാം നേടിയെടുത്തതെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഉന്നതിയുടെ പടവുകള്‍ എത്ര നിസ്സാരമാണെന്നും, മാനുഷ്യകത്തിന്റെ ഇന്നത്തെ ഉള്ളറകള്‍ എത്ര ജീര്‍ണ്ണമാണെന്നും ഈ കഥകളെ പിന്തുടരുമ്പോള്‍ നമുക്ക് മനസ്സിലാകും.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?