Thursday, January 3, 2013

ഗൊമോറ


പുസ്തകം : ഗൊമോറ
രചയിതാവ് : റോബര്‍ട്ടോ സാവിയാനോ

പ്രസാധകര്‍ : pan macmillan

അവലോകനം : മൊഹമ്മദ് സുഹൈബ്




തിരുവനന്തപുരത്തിന്റെ തെരുവില്‍ കിടന്ന് മരണം പൂകുമ്പോഴും കവി അയ്യപ്പന്റെ കൈയില്‍ ഒരു കവിതയുണ്ടായിരുന്നു. ഷര്‍ട്ടിന്റെ കൈ മടക്കില്‍ നിന്ന് കണ്ടെടുത്ത തുണ്ടു കടലാസില്‍ മുതുകുതേടി വരുന്ന അമ്പിനെ കുറിച്ചും അതില്‍ നിന്ന് മറ തേടിയുള്ള പാച്ചിലിനെ കുറിച്ചും അയ്യപ്പന്‍ എഴുതി. ഒരിക്കലും അ'യം കാംക്ഷിക്കാതെയും സുരക്ഷ വരിക്കാതെയുമുള്ള തന്റെ ജീവിതത്തെ കുറിച്ച് അവസാന മണിക്കൂറുകളില്‍ അയ്യപ്പന്‍ ചിന്താകുലനായിരുന്നിരിക്കാമെന്ന് നവ നിരൂപകര്‍ നിരൂപിച്ചു. അതെന്തായാലും ലോകത്തിന്റെ വേറൊരു കോണില്‍ മുതുകുതേടി വരുന്ന അമ്പില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ നിതാന്ത പ്രയാണം നടത്തുന്ന ഒരാളുടെ ജീവിതവുമായി ആ വരികള്‍ക്ക് വല്ലാത്ത സാമ്യമുണ്ട്. റോബര്‍ട്ടോ സാവിയാനോ എന്ന ഇറ്റാലിയന്‍ പത്ര പ്രവര്‍ത്തകനെ കുറിച്ച് അയ്യപ്പന്‍ വായിച്ചിരുന്നോ എന്ന് അറിയില്ല. പക്ഷേ, സാവിയാനോയുടെ കഥ അറിയുന്നവര്‍ ആശ്ചര്യപ്പെടും; ഇതെങ്ങനെ അയ്യപ്പന്റെ വരികളിലെത്തിയെന്ന്.

പുറകില്‍ നിന്നോ മുന്നില്‍ നിന്നോ തന്നെ തേടിവരുന്ന ആയുധത്തെ പേടിച്ച് നിര്‍ത്താതെ ഓടുകയാണ് റോബര്‍ട്ടോ സാവിയാനോ. അയാളുടെ മുതുക് തുളയ്ക്കാന്‍ ആയുധങ്ങളൊരുങ്ങിയിട്ട് നാളേറെയായി. തലവരയുടെ കനം കൊണ്ടോ ഇറ്റാലിയന്‍ പൊലീസ് ഒരുക്കുന്ന സുരക്ഷാ കവചത്തിന്റെ ബലം കൊണ്ടോ ഈ നിമിഷം വരെ സാവിയാനോയുടെ ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ഇന്ന് സാവിയാനോക്ക് ഇറ്റലിയില്‍ പുറത്തിറങ്ങി നടക്കാനാകില്ല. ജന്മദേശമായ നേപ്പിള്‍സില്‍ കാലു കുത്താന്‍ പോലുമാകില്ല. വല്ലപ്പോഴും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിച്ചാല്‍ സാവിയാനോയെ ഇറ്റലിക്കാര്‍ കണ്ടിട്ട് തന്നെ കാലങ്ങളായി. ഒരിടത്തും അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ദിവസം താമസിക്കാന്‍ പറ്റില്ല. ഇറ്റാലിയന്‍ 'രണാധികാരികള്‍ക്ക് ലഭിക്കുന്നതിലും കനത്ത സുരക്ഷയിലാണ് സാവിയാനോ കഴിയുന്നത്. ഇറ്റലിയിലെ ഏതു നഗരത്തിലും ഏതു തെരുവിലും നിന്ന് ഒരു തോക്ക്, ഒരു ഗ്രനേഡ്, ഒരു ബോംബ്, ഒരു കത്തി സാവിയാനോയുടെ പ്രാണന്‍ തേടി വരാം. സാവിയാനോക്ക് അതറിയാം. ലോകത്തിന് അറിയാം. അതുകൊണ്ടാണല്ലോ ആറു നൊബേല്‍ ജേതാക്കള്‍ സാവിയാനോയുടെ ജീവന്‍ രക്ഷിക്കണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിനോട് സംയുക്തമായി ആവശ്യപ്പെട്ടത്. ലാ റിപ്പബനുിക്ക എന്ന ഇറ്റാലിയന്‍ പത്രം ലക്ഷക്കണക്കിന് ഒപ്പുകള്‍ ശേഖരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

എന്താണ് സാവിയാനോയുടെ ഈ അരക്ഷിതാവസ്ഥക്ക് കാരണം? ആരാണ് അയാളെ വേട്ടയാടുന്നത്? അതറിയണമെങ്കില്‍ നാല് കൊല്ലം പുറകിലേക്ക് പോകണം. 2006. ആ വര്‍ഷമാണ് തന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച ഒരു പുസ്തകം സാവിയാനോ എഴുതുന്നത്. പത്ര പ്രവര്‍ത്തകനായ സാവിയാനോയുടെ ഇഷ്ട വിഷയം ഇറ്റാലിയന്‍ അധോലോകമായിരുന്നു. ആ തരത്തിലുള്ള പഠനങ്ങളും നിരീക്ഷണങ്ങളുമാണ് പുസ്തകത്തിലേക്ക് വഴി തെളിച്ചത്. ഇറ്റാലിയന്‍ മാഫിയ ഘടനയിലെ പ്രബല സംഘമായ "കമോറ'യെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് "ഗൊമോറ'. കമോറയുടെ രക്ത രൂഷിത ചരിത്രത്തെയും കണ്ണില്‍ ചോരയില്ലായ്മയെയും ആന്തരിക ഘടനയെയും കുറിച്ച് "ഗൊമോറ'യില്‍ സാവിയാനോ വിശദമായി പ്രതിപാദിച്ചു. തിരശീലക്ക് പിന്നില്‍ നിന്ന് കൊല്ലിനും കൊലക്കും ഉത്തരവിട്ടിരുന്നവരുടെ പേരുവിവരം തുറന്നെഴുതി. സിനിമയും പോപ്പുലര്‍ സാഹിത്യവും സൃഷ്ടിച്ച മാഫിയയുടെ ഗ്ലാമറിന്റെ മുഖംമൂടി അഴിഞ്ഞുവീണു. ചെറിയൊരു വിമത സ്വരം പോലും അനുവദിക്കാത്ത കമോറക്ക് ഹാലിളകാന്‍ ഇതില്‍ പരം എന്തെങ്കിലും വേണോ. അവരുടെ "കോടതി' സാവിയാനോക്ക് വധശിക്ഷ വിധിച്ചു. ഒരു കുറ്റവാളി സംഘം ശത്രുത പ്രഖ്യാപിച്ചാലുടന്‍ ഇറ്റലി പോലൊരു വികസിത യൂറോപ്യന്‍ രാജ്യത്തെ പ്രജ വിരളേണ്ടതുണ്ടോ എന്ന് ചോദിക്കാന്‍ വരട്ടേ. ഇറ്റാലിയന്‍ മാഫിയയുടെ ചരിത്രം അത്തരം സംശയങ്ങള്‍ തീര്‍ക്കും.

അധോലോകത്തിന്റെ കളിത്തൊട്ടില്‍

ഇറ്റാലിയന്‍ അധോലോകം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ നാലാംകിട കുറ്റവാളി സംഘങ്ങളുമായി താരതമ്യ ചിന്ത മനസില്‍ വരുന്നവര്‍ക്കായി ചില കാര്യങ്ങള്‍. ലോകത്തെ അധോലോക സംഘങ്ങളുടെ വിളനിലവും കളിത്തൊട്ടിലുമാണ് ഇറ്റലി. ഇറ്റലിയില്‍ പിറവിയെടുത്ത ഇത്തരം സംഘങ്ങളാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും സംഘടിത കുറ്റ കൃത്യങ്ങള്‍ക്ക് വിത്തെറിഞ്ഞത്. അതില്‍ നിന്ന് മുള പൊട്ടിയ സംഘങ്ങള്‍ ആ രാജ്യങ്ങളില്‍ ഇന്നും 'ീതി വിതച്ച് നില കൊള്ളുന്നു. അവയില്‍ പലതിനും ഇറ്റാലിയന്‍ സംഘങ്ങളുമായി ഇന്നും ദൃഢബന്ധമുണ്ട്. ആഗോള തമോലോക സാമ്രാജ്യത്തില്‍ ഇറ്റാലിയന്‍ മാഫിയയുടെ ഇരുണ്ട കരങ്ങളുടെ 'ീഷണ സാന്നിധ്യം കുറ്റാന്വേഷകരെ എപ്പോഴും അമ്പരിപ്പിക്കുന്നു.
പല ഇറ്റാലിയന്‍ മാഫിയ സംഘങ്ങളുടെയും ഉത്ഭവം 17, 18 നൂറ്റാണ്ടുകളിലാണ്. യഥാര്‍ഥത്തില്‍ "മാഫിയ' എന്നു വെച്ചാല്‍ സിസിലിയന്‍ അധോലോകമാണ്. ആ പേരിന് പിന്നീട് പൊതു സ്വീകാര്യത കിട്ടി എന്നു മാത്രം. 1812 ല്‍ നെപ്പോളിയന്‍ സിസിലി ദ്വീപ് കീഴടക്കിയതോടെയാണ് സിസിലിയന്‍ മാഫിയക്ക് നിയതമായ രൂപം കൈവരുന്നത്. അതിനും ഏറെ മുമ്പ് മുതല്‍ ഫ്യൂഡല്‍ വ്യവസ്ഥയിലധിഷ്ഠിതമായ ദക്ഷിണ ഇറ്റാലിയന്‍ സാമൂഹ്യ ക്രമത്തില്‍ ഒരു സര്‍വാധികാരിക്ക് കീഴിലുള്ള ചെറുകിട സായുധ സംഘങ്ങള്‍ നിലനിന്നിരുന്നു. ഓരോ പ്രദേശത്തെയും കുറ്റകൃത്യങ്ങളുടെ മൊത്തക്കച്ചവടം കൈയാളിയിരുന്ന ഇത്തരം സംഘങ്ങള്‍ക്ക് പക്ഷേ സംഘടിത സംഘങ്ങളുടെ ഘടനാപരമായ ഉറപ്പ് ഇല്ലായിരുന്നു. ചരിത്രപരമായ ഘടകങ്ങളും വൈദേശിക അധിനിവേശങ്ങളും അനിവാര്യമായ ആ ഉറപ്പ് സംഘങ്ങള്‍ക്ക് ക്രമേണ പകര്‍ന്നു. ചോര കണ്ടാല്‍ കൈയറക്കാത്ത ഡോണ്‍ മാരുടെ നേതൃത്വം അതിന് ഊര്‍ജമായി. ഡോണ്‍ മാര്‍ വരും, പോകും. ചിലര്‍ കൊല്ലപ്പെടും; പൊലീസിനാല്‍, അല്ലെങ്കില്‍ ശത്രു സംഘത്താല്‍. ചിലര്‍ അഴികള്‍ക്ക് പിന്നിലാകും. ജയിലിടിഞ്ഞാലും പുറത്തുവരാവനാകാത്തത്ര കേസുകള്‍ അവര്‍ക്കുണ്ടാകും. ചിലര്‍ ജയില്‍ തന്നെ സുരക്ഷിതം എന്നു കരുതി പോയി പൊലീസിന് പിടി കൊടുക്കും. അവിടെ കിടന്നു മരിക്കും. ശാന്തമായി കട്ടിലില്‍ കിടന്ന് മരിക്കാന്‍ ആരെയും എതിരാളികള്‍ അനുവദിക്കില്ല, പൊലീസ് ഒട്ടും അനുവദിക്കില്ല. പക്ഷേ, മാഫിയ നില നില്‍ക്കും. പല പേരില്‍, കാലങ്ങളോളം.

ലോകത്തിന്റെ വ്രണം

നമ്മുടെ ശ്രദ്ധാ കേന്ദ്രമായ കമോറയുടെ ആസ്ഥാനം തെക്കന്‍ ഇറ്റലിയിലെ നേപ്പിള്‍സിലാണ്. ഉത്തര ഇറ്റലി സമൃദ്ധവും സമ്പന്നവും വര്‍ണ ശബളവും. തെക്ക് ദരിദ്രം, തമോ മയം. മിലാന്‍, ടൂറിന്‍, വെനീസ്, ബൊളോണ്‍, ഫേനുാറന്‍സ്, റോം തുടങ്ങിയ വന്‍ നഗരങ്ങളാണ് ഉത്തര മേഖലയില്‍. നേപ്പിള്‍സ്, പലെര്‍മോ, സിസിലി ദ്വീപ് തുടങ്ങിയവ തെക്ക്. മറ്റു നഗരങ്ങളെക്കാള്‍ ദരിദ്രമാണ് നേപ്പിള്‍സ്. തുറമുഖ നഗരം. അധോലോക പ്രവര്‍ത്തനങ്ങളുടെ തലസ്ഥാനം. വത്തിക്കാനെന്ന വിശ്വാസത്തിന്റെ പ്രകാശ നഗരിയില്‍ നിന്ന് തമോ നഗരിയായ നേപ്പിള്‍സിലേക്ക് വെറും 121 മൈലിന്റെ ദൂരമാണുള്ളത്. ഇറ്റലിയിലെ സാധാരണക്കാരന്റെ പൊതു വാഹനമായ വെസ്പ സ്കൂട്ടറില്‍ കത്തിച്ചുവിട്ടാല്‍ വെറും രണ്ടുമണിക്കൂര്‍ യാത്രയുടെ അകലം.
ലോക ഭൂപടത്തിലെ തുറന്ന വ്രണമാണ് നേപ്പിള്‍സെന്ന് സാവിയാനോ. ആ വ്രണത്തില്‍ നിന്ന് ഒഴുകി പരക്കുന്ന ചുടു നിണം ടൈറേനിയന്‍ കടലിനെ ചുവപ്പിച്ചു കൊണ്ടിരിക്കുന്നു. ഇറ്റലിയിലെ ഏറ്റവും പുരാതനമായ കുറ്റവാളി സംഘമായ കമോറ വളര്‍ന്നതും പച്ച പിടിച്ചതും ആ വ്രണത്തില്‍ നിന്ന് രക്തമൂറ്റിയാണ്. 16ാം നൂറ്റാണ്ടു മുതല്‍ കമോറയുണ്ട് അവിടെ. ഒരു ഏകീകൃത സംവിധാനമല്ല കമോറ. അയഞ്ഞതും സ്വതന്ത്ര സ്വ'ാവമുള്ളതുമായ പ്രവര്‍ത്തന രീതിയാണ് അവരുടെത്. പല മേഖലയിലും പല സംഘങ്ങള്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. 111 കമോറ കുടുംബങ്ങള്‍ നേപ്പിള്‍സിലും പരിസരത്തുമായി പ്രവര്‍ത്തിക്കുന്നതായാണ് രേഖകള്‍. അവര്‍ ചിലപ്പോള്‍ തമ്മിലടിക്കും. ചിലപ്പോള്‍ കെട്ടിപ്പിടിക്കും. എന്നിരുന്നാലും അവരെ മൊത്തമായി കമോറ എന്ന് വിളിക്കുന്നു. നേപ്പിള്‍സിലെ പാല്‍, മല്‍സ്യ, കാപ്പി വ്യവസായങ്ങള്‍ നിയന്ത്രിക്കുന്നത് കമോറയാണ്. 2500 ബേക്കറികള്‍ അവര്‍ നടത്തുന്നു. പെണ്‍വാണി'ം, മാലിന്യനിര്‍മാര്‍ജനം, സംരക്ഷണ പണം പിരിക്കല്‍, പിടിച്ചു പറി, പലിശക്ക് പണം കൊടുക്കല്‍ തുടങ്ങിയവയാണ് പ്രവര്‍ത്തന മേഖലകള്‍. അല്‍ബേനിയന്‍, നൈജീരിയന്‍ മാഫിയയുമായി ശക്തമായ ബന്ധം അവര്‍ നിലനിര്‍ത്തുന്നു. കാസലേസി കുടുംബമാണ് കമോറയിലെ പ്രബല "സമുദായം'. അവര്‍ക്കാണ് സാവിയാനോയുടെ "മിന്നലാക്രമണ'ത്തില്‍ കൂടുതല്‍ പരിക്കേറ്റത്. സാവിയാനോക്ക് വധശിക്ഷ വിധിച്ചതും അവര്‍ തന്നെ.

മറഡോണയുടെ ദുരന്തം

നേപ്പിള്‍സിലെ ഒരാളും ഒരു വ്യവസായവും ഒരു 'രണാധികാരിയും കമോറയുടെ ചുടു കാറ്റേല്‍ക്കാതെ കടന്നു പോകുന്നില്ല. ആ വഴിയില്‍ വരുന്നതിനെയെല്ലാം അത് കരിക്കുന്നു. "വണ്ടേ നീ തുലയുന്നു, വിളക്കും കെടുത്തുന്നു' എന്ന് കവി പാടിയത് എത്ര അര്‍ഥ പൂര്‍ണം. കമോറയുടെ മാരക പ്രഹരമേറ്റവരില്‍ ലോക പ്രശസ്തരും സാധാരണക്കാരുമുണ്ട്. അതില്‍ ഏറ്റവും പ്രശസ്തനാണ് മറഡോണ. അതെ, അര്‍ജന്റീനയുടെ ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ തന്നെ. മറഡോണയുടെ അധ:പതനവും ദുരന്തവും തുടങ്ങുന്നത് നേപ്പിള്‍സില്‍ നിന്നാണ്. സ്പാനിഷ് ലീഗില്‍ ബാഴ്സലോണയില്‍ കളിച്ചുകൊണ്ടിരുന്ന മറഡോണ 1984 ലാണ് നാപ്പോളിയിലെത്തുന്നത്. കമോറയുടെ ഭീഷണ വാഴ്ച നിലനില്‍ക്കുന്ന നേപ്പിള്‍സിലെ നാപ്പോളി ഫുട്ബോള്‍ ക്ലബില്‍. അന്നത്തെ റൊക്കോഡ് തുകയായ 69 ലക്ഷം പൌണ്ടിനായിരുന്നു ട്രാന്‍സ്ഫര്‍. "ഇറ്റാലിയന്‍ സീരി അ' യിലെ മൂന്നാം കിട ടീം മാത്രമായിരുന്ന നാപ്പോളി മറഡോണയുടെ ചിറകിലേറി കുതിക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. രണ്ടുതവണ ലീഗ് ചാമ്പ്യന്‍ഷിപ്പ്, രണ്ടു തവണ റണ്ണര്‍അപ്പ്, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, 1989 ല്‍ യുവേഫ കപ്പ്. നാപ്പോളി യൂറോപ്പിന്റെ നെറുകയിലേക്ക് ഓടിക്കയറുകയായിരുന്നു. അതേസമയം തന്നെയാണ് മറഡോണ ഇറ്റാലിയന്‍ തമോലോകത്തിലേക്കുള്ള തന്റെ ഡ്രിബനുിംഗും തുടങ്ങിയത്. മയക്കു മരുന്നിന്റെ വിലക്കപ്പെട്ട കനി മറഡോണ ആദ്യമായി രുചിച്ചത് നേപ്പിള്‍സില്‍ വെച്ചാണെന്ന് പറയപ്പെടുന്നു. കമോറയുടെ വിരുന്നുകളില്‍ മറഡോണ നിത്യ സാന്നിധ്യമായി, കമോറയിലൂടെ കൊക്കെയ്ന്റെ വി'മാത്മക ലോകത്തും.
ഒ5 ലക്ഷം പൌണ്ട് മതിക്കുന്ന കൊക്കെയ്നുമായി 1990 ല്‍ ഇറ്റലിയിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ മറഡോണ പിടിയിലായി. കമോറക്ക് വേണ്ടിയാണ് മറഡോണ മയക്കുമരുന്ന് കടത്തിയതെന്ന് ആരോപണമുയര്‍ന്നു. 1995 ല്‍ റോമിലെ കോടതി മറഡോണയെ കുറ്റ മുക്തനാക്കിയെങ്കിലും കമോറയുടെ 'ീഷണ കരങ്ങള്‍ ഏതുവരെ നീളുമെന്നതിന് അത് തെളിവായി.
1991ല്‍ മറഡോണ മയക്കുമരുന്നിന് പൂര്‍ണമായും അടിമയായി. ഡോപ്പിംഗ് ടെസ്റ്റില്‍ തോറ്റു. 15 മാസം സസ്പെന്‍ഷന്‍. 1990 ലോകകപ്പില്‍ അര്‍ജന്റീനക്കു വേണ്ടി കളിച്ചതിനും ഇറ്റലി തോറ്റതിനും ഇറ്റലിക്കാര്‍ ചെയ്ത പ്രതികാരമാണ് മയക്കുമരുന്ന് പരിശോധനയെന്ന് 1995 ല്‍ മറഡോണ ആരോപിച്ചു. ഇറ്റലി ആതിഥ്യമരുളിയ ആ ലോകകപ്പില്‍ ഇറ്റലി തോറ്റതു കാരണം വാതുവെപ്പിലും മറ്റുമായി മാഫിയക്ക് വന്‍ തുക നഷ്ടം വന്നിരുന്നു. അതിന് അവര്‍ പ്രതികാരം ചെയ്തുവെന്നാണ് മറഡോണ പറഞ്ഞത്. 1992 ല്‍ അദ്ദേഹം നാപ്പോളിയില്‍ നിന്ന് മടങ്ങി.



കൊലകളുടെ നീതി ശാസ്ത്രം

2007 ഒക്ടോബര്‍ 23ന് ഡെയ്ലി മിറര്‍ പത്രം ലോകത്തെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തി. ഇറ്റലിയിലെ ഏറ്റവും വലിയ വ്യവസായം മാഫിയയുടെതാണെന്ന് കണക്കുകള്‍ സഹിതം അവര്‍ സമര്‍ഥിച്ചു. 63 ബില്യണ്‍ പൌണ്ടിന്റെ വരുമാനമാണ് മാഫിയ വ്യാപാരങ്ങള്‍ സമ്പാദിക്കുന്നത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിനെ പോലും വെല്ലുവിളിക്കുന്ന തുക.
മാഫിയ കൊന്നു തള്ളിയവരുടെ പേരു വിവരം തന്നെ ഒരു ബൃഹദ് ഗ്രന്ഥമായി പ്രസിദ്ധീകരിക്കാനുണ്ട്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ ആരായാലും അവരെ ദയാരഹിതമായി വകവരുത്തുക എന്നത് ഏതു അധോലോകത്തെയും നിലനിര്‍ത്തുന്ന അലംഘ്യ നിയമമാണ്. ഇറ്റാലിയന്‍ മാഫിയ ആ തത്വത്തെ അതിന്റെ ഏറ്റവും 'യാനകമായ ശൈലിയില്‍ നടപ്പിലാക്കുന്നു. നിരത്തില്‍ വിമതസ്വരം ഉയര്‍ത്തുന്ന സാധാരണക്കാരന്‍ മുതല്‍ 'രണാധികാരികള്‍, ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, പത്ര പ്രവര്‍ത്തകര്‍ എന്നു വേണ്ട ന്യായാധിപന്‍മാര്‍ വരെ മാഫിയയുടെ വാള്‍ മുന തുമ്പിലാണ്. 1992 മേയ് 23. സിസിലിയുടെ തലസ്ഥാനമായ പലേര്‍മോയിലെ മജിസ്ട്രേറ്റായ ജോവന്നി ഫാല്‍ക്കണേ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അതേ വര്‍ഷം ജൂണ്‍ 19ന് പലേര്‍മോയിലെ തന്നെ പാവോളോ ബോര്‍സെല്ലിനോ എന്ന മജിസ്ട്രേറ്റും കാര്‍ ബോംബ് പൊട്ടി മരിച്ചു. സിസിലിയന്‍ മാഫിയക്കെതിരെ കടുത്ത നിലപാട് എടുത്തവരായിരു ന്നു ഇരുവരും. 1980 കളില്‍ മാഫിയയെ ശ്വാസം മുട്ടിച്ചു കൊണ്ട് "മാക്സി ട്രയല്‍' എന്ന പേരില്‍ വിശാല കുറ്റവിചാരണക്ക് നേതൃത്വം നല്‍കി എന്നതാണ് അവര്‍ ചെയ്ത കുറ്റം.
തോത്തെ റീന എന്ന മാഫിയ ഗുരുവാണ് ഇരു കൊലകള്‍ക്കും ഉത്തരവിട്ടത്. അയാളുടെ കിങ്കരന്‍മാര്‍ അത് വെടിപ്പായി നടപ്പാക്കി. ന്യായാധിപന്‍മാരുടെ വിധി ഇതാണെങ്കില്‍ മാഫിയക്കെതിരെ ശബ്ദിക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ. ആ 'യത്തിന് മുകളിലാണ് മാഫിയ വാഴുന്നത്. അവര്‍ ഭയം വിതക്കുന്നു, ദാസ്യം കൊയ്യുന്നു. മാഫിയ വിസ്മൃതിയിലേക്ക് തള്ളാന്‍ ആഗ്രഹിച്ച ന്യായാധിപന്‍മാരുടെ ഓര്‍മ നില നിര്‍ത്താന്‍ പലേര്‍മോ വിമാനത്താവളത്തിന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അവരുടെ പേര് നല്‍കി. ഫാല്‍ക്കോണേ^ബോര്‍സെല്ലിനോ എയര്‍പോര്‍ട്ടെന്നാണ് ഇന്ന് പാലേര്‍മോ വിമാനത്താവളത്തിന് പേര്.

"ഗൊമോറ'യുടെ പിറവി

ഈ പശ്ചാത്തലത്തിലാണ് റോബര്‍ട്ടോ സാവിയാനോയുടെ പുസ്തകം പ്രസക്തമാകുന്നത്. അതെഴുതാന്‍ സാവിയാനോ കാണിച്ച ധൈര്യം അയാളെ ലോക പ്രശസ്തനാക്കി. പുസ്തകത്തിന്റെ ഉള്ളടക്കം അയാളെ മാഫിയയുടെ ശത്രുവാക്കി. ജീവന്‍ അപകടത്തിലാക്കി. അറിഞ്ഞുകൊണ്ട് മരണക്കയത്തിലേക്ക് എടുത്തു ചാടുകയായിരുന്നു സാവിയാനോ എന്ന് ചിലര്‍ പറയുന്നു. വല്ലാത്ത ധൈര്യം തന്നെയെന്ന് ചിലര്‍ ആവേശം കൊള്ളുന്നു. പക്ഷേ, ത്രിശങ്കുവിലായത് സാവിയാനോയുടെ ജീവിതം തന്നെ.

തന്റെ വെസ്പ സ്കൂട്ടറില്‍ വര്‍ഷങ്ങളോളം നേപ്പിള്‍സിന്റെ ഇരുണ്ട വീഥികളിലൂടെ രാപകലില്ലാതെ അലഞ്ഞാണ് പുസ്തകത്തിനാവശ്യമായ വിവരങ്ങള്‍ സാവിയാനോ സംഘടിപ്പിച്ചത്. അധോലോകത്തിന്റെ യഥാര്‍ഥമുഖം നേരിട്ടറിയാന്‍ നേപ്പിള്‍സിന്റെ തിരസ്കൃത മേഖലകളില്‍ ഒളിവു ജീവിതം നയിച്ചു. മാഫിയയുടെ വിവിധ തലങ്ങളിലുള്ള ഭീകരരുമായി സൌഹൃദം സ്ഥാപിച്ചു. കൊലക്കളങ്ങളില്‍ നിത്യ സന്ദര്‍ശകനായി. നേപ്പിള്‍സിലെവിടെയും ഒരു അക്രമണം നടന്നാല്‍, ഒരു കൊലപാതകം നടന്നാല്‍ പൊലീസിനും മുമ്പ് വിവരമറിയാനും സ്ഥലത്തെത്താനുമുള്ള വിവര ശൃംഘല സ്ഥാപിച്ചു. തങ്ങളുടെ മൂക്കിന് താഴെ അപകടം വളരുന്നത് പക്ഷേ കമോറ അറിഞ്ഞില്ല. ഒരു പക്ഷേ കമോറക്ക് അതിന്റെ ചരിത്രത്തില്‍ പറ്റിയ ഏറ്റവും വലിയ വീഴ്ചകളിലൊന്നായി സാവിയാനോയുടെ നേപ്പിള്‍സിലെ ഒളിവു ജീവിതം. നേപ്പിള്‍സില്‍ ഇല പാറിയാല്‍ അറിയുമെന്ന് വീമ്പിളക്കുന്ന കമോറ തമ്പുരാന്‍മാര്‍ക്ക് മുഖത്തേറ്റ പ്രഹരം.

സിസിലിയിലെ യഥാര്‍ഥ മാഫിയയെ കമോറ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നുവെന്ന് സാവിയാനോ "ഗൊമോറ'യില്‍ സമര്‍ഥിക്കുന്നു. സാമ്പത്തിക ശക്തിയും ആള്‍ ബലത്തിലും കമോറയാണ് ഇന്ന് ഇറ്റലിയിലെ ഏറ്റവും വലിയ കുറ്റവാളി സംഘം. കമോറ ശ്രേണിയിലെ പ്രമുഖരുടെ പേരു വിവരവും ചെയ്തികളും വിശദമായി തന്നെ സാവിയാനോ "ഗൊമോറ'യില്‍ എഴുതി. ശക്തമായ തെളിവുകളുടെ അകമ്പടിയോടെ. മയക്കുമരുന്ന് കടത്തിന്റെ യൂറോപ്യന്‍ തലസ്ഥാനമായി നേപ്പിള്‍സ് മാറിയതെങ്ങനെയെന്ന് കാര്യ കാരണ സഹിതം വിവരിച്ചു. തൊഴിലില്ലായ്മയും സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പരാജയവുമാണ് നേപ്പിള്‍സിലെ കമോറയുടെ വിഹാരരംഗമാക്കാന്‍ അരങ്ങൊരുക്കിയത്. നേപ്പിള്‍സ് തുറമുഖത്ത് വന്നിറങ്ങുന്ന ചരക്കുകളില്‍ 60 ശതമാനവും കരിഞ്ചന്തയിലേക്കുള്ളതാണ്. അത് നിയന്ത്രിക്കുന്നത് കമോറയും. സര്‍ക്കാര്‍ ഏജന്‍സികള്‍ വരെ അത് സമ്മതിക്കുന്നുണ്ട്. നേപ്പിള്‍സിലെ 50 ശതമാനം കച്ചവട സ്ഥാപനങ്ങളും കമോറയുടെതാണ്. ജര്‍മനിയിലും ആസ്ട്രിയയിലും വരെ അവര്‍ക്ക് കടകളുണ്ട്.

നേപ്പിള്‍സ് നഗരത്തിലെ ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം കമോറയുടെ മയക്കുമരുന്ന് കാരിയര്‍മാരാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്നതിലും ആകര്‍ഷമായ പ്രതിഫലമാണ് ഈ ടീനേജ് പിള്ളേര്‍ക്ക് ലഭിക്കുന്നത്. അവരോട് അനുവാദമൊന്നും ചോദിച്ചിട്ടല്ല കമോറ തെരഞ്ഞെടുക്കുന്നത്. ലളിതമായ ഭാഷയില്‍ അവരെ കമോറ "ഏറ്റെടുക്കുക'യാണെന്ന് സാവിയാനോ പറയുന്നു. നിരസിക്കാനാകാത്ത വാഗ്ദാനങ്ങളാണ് പിള്ളേര്‍ക്ക് ലഭിക്കുന്നത്. മയക്കുമരുന്ന് കാരിയര്‍മാരില്‍ തന്നെ പല തലങ്ങളില്‍ പണിയെടുക്കുന്നവരുണ്ട്. ആഴ്ചയിലാണ് ശമ്പളം. പരിസരം നിരീക്ഷിക്കാന്‍ നിയോഗിച്ചിട്ടുള്ള ഏറ്റവും താഴെക്കിടയിലുള്ള "ലുക്കൌട്ട്സിന്' 100 യൂറോ. കോ ഓഡിനേറ്റര്‍മാര്‍ക്ക് 500. വിതരണം ചെയ്യുന്നവര്‍ക്ക് 800. സ്വന്തം വീട്ടിലോ ഗോഡൌണിലോ മയക്കുമരുന്ന് സൂക്ഷിക്കുന്നവര്‍ക്ക് 1,000. ഒരു യൂറോ എന്നാല്‍ 62 രൂപ ആണെന്ന് ഓര്‍ക്കണം. ആഴ്ചയില്‍ ഒരു ദിവസം "ഓഫ്'. വൈകുന്നേരം 3 മണി മുതല്‍ അര്‍ധ രാത്രി വരെയും അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ നാലു മണി വരെയുമാണ് ജോലി ഷിഫ്റ്റ്. നിരത്തുകളില്‍ കനത്ത പൊലീസ് സാന്നിധ്യമുള്ളതിനാല്‍ പകല്‍ കാര്യമായി "പണി' നടക്കില്ല. റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ കാര്യക്ഷമത അനുസരിച്ച് കാല ക്രമേണ സ്കൂട്ടറുകളോ കാറോ നല്‍കപ്പെടുന്നു. പിന്നീട് ചെറുകിട ആയുധങ്ങള്‍ ലഭിക്കും. പിന്നെ യന്ത്രതോക്കുകളും. പതിയെ "സംവിധാന'ത്തിനുള്ളിലേക്ക് ഉയര്‍ത്തപ്പെടും. സാമൂഹ്യ ക്രമത്തില്‍ അവരുടെ സ്ഥാനം അതിവേഗം മെച്ചപ്പെടും. ഓരോ തലത്തിലുമുള്ളവര്‍ ഒരിക്കല്‍ താനും വലിയൊരു "ബോസ്' ആകും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ ആ ലക്ഷ്യത്തിലെത്തും. ചിലര്‍ അതിലേക്കുള്ള വഴിയില്‍ സ്വയം നശിക്കും. ചിലര്‍ നശിപ്പിക്കപ്പെടും. ചെറുപ്പക്കാര്‍ വലിയ ഷോപ്പിംഗ് മാളുകളില്‍ ചെന്ന് "സ്വയം പരിചയപ്പെടുത്തി' ആവശ്യമുള്ളത് എടുത്തുകൊണ്ട് പോകുന്നത് നേപ്പിള്‍സില്‍ പതിവാണ്. കമോറയുമായുള്ള ബന്ധം അവര്‍ക്ക് അതിനുള്ള ധൈര്യം നല്‍കുന്നു, അധികാരം നല്‍കുന്നു.

യൂറോപ്പിന്റെ പരീക്ഷണശാല

കമോറയുടെ മയക്കുമരുന്ന് പരീക്ഷണ ശാലയും നേപ്പിള്‍സിന്റെ തെരുവുകളാണ്. നേപ്പിള്‍സെന്ന വിശാല പരീക്ഷണശാലയിലെത്താതെ ഒരു ലഹരി വസ്തുവും യൂറോപ്പിന്റെ വിപണിയിലെത്തുന്നില്ല. മയക്കുമരുന്നിന് അടിമകളായവരെ പുതിയ "ചേരുവ' കളുടെ പരീക്ഷണത്തിന് ഗിനിപ്പന്നികളാക്കുന്നു. എതിര്‍ക്കാനോ എതിര്‍ത്ത് ജയിക്കാനോ ഇരകള്‍ക്ക് കഴിയില്ല. ഒരിക്കല്‍ ഇത്തരത്തില്‍ കമിതാക്കളെ ബലമായ പരീക്ഷണത്തിന് വിധേയരാക്കുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചക്ക് സാവിയാനോ ദൃക്സാക്ഷിയായി. രക്തമുറയുന്ന ആ "നാടകം' ഗമോറയില്‍ വിവരിക്കുന്നുണ്ട്. ബലമായി മയക്കുമരുന്ന് കുത്തിവെക്കപ്പെട്ട് കാമുകന്‍ മരണാസന്നനായി നിരത്തുവക്കില്‍ കിടക്കുമ്പോള്‍ ഒന്നു സംഭവിക്കാത്തതുപോലെ "അവന്‍ മരിക്കുകയാണെന്ന് തോന്നുന്നു'വെന്ന് മൊബൈലില്‍ ആരോടോ പറഞ്ഞ് കമോറ "ശാസ്ത്രജ്ഞന്‍' കാറു കയറി പോയി. ഒറ്റുകാരോട് പൊറുക്കാന്‍ ഒരു അധോലോക ദൈവവും ആവശ്യപ്പെടുന്നില്ല. മരണമാണ് ഒറ്റിന്റെ കൂലി. മിക്കപ്പോഴും ആ കൂലി "തൊഴിലാളി' തന്നെ ഏറ്റുവാങ്ങും. അല്ലെങ്കില്‍ കുടുംബം. ഗെല്‍സോമിന വെര്‍ദ എന്ന 22 കാരിയുടെ കത്തിക്കരിഞ്ഞ ശരീരം കാറില്‍ നിന്ന് പൊലീസ് കണ്ടെടുക്കുമ്പോള്‍ സാവിയാനോ സ്ഥലത്തുണ്ട്. ഗെല്‍സോമിനയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച്, ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. എന്നിട്ട് ശരീരം കാറിലിട്ട് കത്തിച്ചു. പൊലീസ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഗെല്‍സോമിന ഒരു തരത്തിലും കമോറയുടെ ശത്രു ആയിരുന്നില്ല. ഗെന്നാരോ നൊറ്റൂര്‍ണോ എന്ന കാലുമാറിയ ഗുണ്ടാത്തലവന്റെ കാമുകി മാത്രമായിരുന്നു അവര്‍. ഒരു സംഘത്തിനൊപ്പം നിന്നിട്ട് വലിപ്പം കൂടിയൊരു അപ്പക്കഷണം പ്രതീക്ഷിച്ച് സംഘം മാറിയതാണ് നൊറ്റൂര്‍ണോ ചെയ്ത പാപം. നൊറ്റൂര്‍ണയെ കിട്ടാത്തതിനാല്‍ കാമുകിയെ തട്ടി പ്രതികാരം തീര്‍ത്തു. ഒരു തെറ്റിന് മാപ്പുകൊടുത്താല്‍ ഭാവിയിലെ എത്രയോ വലിയ തെറ്റുകള്‍ക്ക് അത് പ്രചോദനമാകും എന്ന് കമോറക്കറിയാം.

2005 ജനുവരി 5 ന് കര്‍മേല ആട്രിസ് എന്ന മധ്യവയസ്ക മുഖത്ത് വെടിയേറ്റ് സ്വന്തം വീട്ടുമുറ്റത്ത് മരിച്ചുവീണു. ഫ്രാന്‍സിസ്കോ ബാരണ്‍ എന്ന പ്രമുഖ മാഫിയതലവന്റെ മാതാവായിരുന്നു കര്‍മേല. കര്‍മേലയുടെ കയ്യിലും ചില്ലറ ചട്ടമ്പിത്തരം ഉള്ളതിനാല്‍ പ്രത്യാക്രമണം 'യന്ന് മാസങ്ങളായി വീടിന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു അവര്‍. പരിസരത്തെ ഒരു ചെക്കന്‍ വന്നു കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ കര്‍മേലക്ക് സംശയം ഒന്നും തോന്നിയില്ല. ആ ചെക്കന്‍ ഒരു കെണിയായിരുന്നുവെന്ന് തിരിച്ചറിയും മുമ്പ് അവരുടെ ജീവന്‍ ശരീരം വെടിഞ്ഞിരുന്നു. വാതില്‍ തുറന്ന് പുറത്തിറങ്ങിയ കര്‍മേലയും ശരീരത്തേക്ക് വെടിമഴ പെയ്തിറങ്ങി.

സാവിയോന സ്ഥലത്തെത്തുമ്പോള്‍ കര്‍മേലയുടെ ശരീരം മൂടിയിട്ടു കൂടിയില്ല. അത്ഭുതം എന്തെന്നാല്‍ കൊലയാളികള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ട് എന്നതാണ്. എല്ലാവര്‍ക്കും അവരെ അറിയാം. പക്ഷേ ആരും പറയില്ല. 'യത്തിന്റെ വാഴ്ച എന്തെന്ന് സാവിയാനോ വിവരിക്കുന്നു. വെടിവെച്ചിട്ട് കൊലയാളികള്‍ അപ്പുറത്തേക്ക് മാറി നിന്നു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ അവരും തിരിച്ചുവന്നു. തങ്ങള്‍ സൃഷ്ടിച്ച രംഗത്തിന്റെ 'ീകരത എത്രയുണ്ടെന്ന് മനസിലാക്കാന്‍. തങ്ങളുടെ സ്വന്തം സിനിമയില്‍ ഡബിള്‍റോള്‍ കൈകാര്യം ചെയ്യുകയായിരുന്നു അവരെന്ന് സാവിയാനോ. ആദ്യം നായക വേഷം, പിന്നെ കാഴ്ചക്കാരന്റെ റോള്‍.
ഈ രംഗം വീക്ഷിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ സാവിയാനോ രണ്ടു കുട്ടികള്‍ സംസാരിക്കുന്നത് കേള്‍ക്കുന്നു:
ഒന്നാമന്‍: മരിക്കുന്നെങ്കില്‍ ആ സ്ത്രീയെ പോലെ തലക്ക് വെടിയേറ്റ് മരിക്കണം. ബാങ്, ബാങ്, ഒറ്റയടിക്ക് തീരും എല്ലാം.
രണ്ടാമന്‍: പക്ഷേ, അവര്‍ക്ക് മുഖത്തും വെടിയേറ്റല്ലോ, അത് അത്ര നല്ല കാര്യമല്ല.
ഒന്നാമന്‍: മുന്നില്‍ നിന്നായാലും പിറകില്‍ നിന്നായാലും തലക്ക് വെടിയേറ്റ് തന്നെ മരിക്കണം.
ഈ ചര്‍ച്ചയില്‍ താല്‍പര്യം കയറിയ സാവിയാനോ ഇടപെട്ടു. "നെഞ്ചില്‍ വെടിയേറ്റാല്‍ എന്താ കുഴപ്പം?' പക്ഷേ, സാവിയാനോയേക്കാള്‍ മരണത്തിന്റെ മനശാസ്ത്രം അവര്‍ക്കറിയാമായിരുന്നു. നെഞ്ചില്‍ വെടിയേറ്റാലുണ്ടാകാവുന്ന വേദനയും മരിക്കാന്‍ 10 മിനിറ്റിലേറെ എടുക്കുമെന്ന വിലപ്പെട്ട വിവരവും അവര്‍ കൈമാറി. ശ്വാസകോശം രക്തത്താല്‍ നിറയും. ഒരു വലിയ സൂചി തുളച്ചു കയറും പോലെ നിങ്ങളുടെ ശരീരത്തിനുള്ളിലൂടെ വഴി മാറി മാറി വെടിയുണ്ട സഞ്ചരിക്കും. വേദനയാല്‍ നിങ്ങള്‍ പുളയും. നടുറോഡില്‍ കിടന്ന് വിസര്‍ജിക്കും. ആംബുലന്‍സ് വരും വരെ ആള്‍ക്കാര്‍ ചുറ്റും കൂടി നിന്ന് ഭയത്തോടെ നോക്കി നില്‍ക്കും. എന്നുമെന്നും രംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന നിങ്ങള്‍ ഒരു ഭീകര കാഴ്ചയായി ഒടുങ്ങും. പക്ഷേ തലയിലാകുമ്പോള്‍ ആ പ്രശ്നമില്ല. ഒറ്റ ബുള്ളറ്റില്‍ കാര്യം തീരും, ഉടനടി. മരണത്തെ കുറിച്ചുള്ള ആ കുട്ടികളുടെ കാഴ്ചപ്പാടും അറിവും സാവിയാനോയെ ഞെട്ടിച്ചു. കമോറയുടെ ശിക്ഷണ വൈഭവം. അധോലോകത്തിന്റെ കൂടുതല്‍ രഹസ്യങ്ങളിലേക്ക് ആ കുട്ടികള്‍ പിന്നീട് സാവിയാനോയെ നയിച്ചു.

കമോറയുടെ ശത്രുവിനൊപ്പം അറിയാതെ കച്ചവടത്തിലേര്‍പ്പെട്ടുപോയ ആറ്റിലിയോ റൊമോനോയുടെ വിധിയും സാവിയാനോ വിശദമായി പ്രതിപാദിക്കുന്നുണ്ട്. റെമാനോയുടെ വെടിയുണ്ടകള്‍ തുള വീഴ്ത്തിയ ശരീരം കണ്ട സാവിയാനോ ഇങ്ങനെ എഴുതി: ആ തുളകളിലൂടെ ആയിരിക്കണം ആയിരമായിരം ആഗ്രഹങ്ങള്‍ ബാക്കിവെച്ച് റെമോനോയുടെ ആത്മാവ് വേദനയോടെ ഇറങ്ങിപ്പോയത്. യല്‍

ഉലയുന്ന സാമ്രാജ്യം

സാവിയാനോയുടെ വെളിപ്പെടുത്തലുകള്‍ ഇറ്റലിയില്‍ 'ൂകമ്പം സൃഷ്ടിച്ചു. കമോറ സാമ്രാജ്യവും ഒന്നു ഉലഞ്ഞു. കമോറയുടെ നിരവധി റിംഗ്ലീഡര്‍മാരുടെ പേരുവിവരവും അവരുടെ ചെയ്തികളും തെളിവു സഹിതം സാവിയാനോ പുറത്തുകൊണ്ടുവന്നു. പുറംലോകമറിയാതിരുന്ന ഇരുണ്ട കഥകള്‍ പലതും യൂറോപ്പില്‍ പാട്ടായി. 2006ല്‍ ഇറ്റലിയിലെ പ്രമുഖ പ്രസാധകരായ "മോണ്ടാദോരി'യാണ് ഗൊമോറ പ്രസിദ്ധീകരിച്ചത്. ആദ്യത്തെ അഞ്ചുമാസം തുടര്‍ച്ചയായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതായിരുന്നു ഗൊമോറയുടെ സ്ഥാനം. 42 'ാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 40 ദശലക്ഷം കോപ്പികള്‍ ലോകമെമ്പാടുമായി വിറ്റഴിഞ്ഞു. അവിടെയും നിന്നില്ല, "ഗൊമോറ' സിനിമയായി. 2008 ഓസ്കാര്‍ അവാര്‍ഡിന് ഇറ്റലിയുടെ എന്‍ട്രി ആയിരുന്നു അത്.
പുസ്തകവും സിനിമയും വിദേശത്ത് സാവിയാനോയെ താരമാക്കുമ്പോള്‍ നാട്ടില്‍ അയാള്‍ കൂടുതല്‍ അരക്ഷിതനാകുകയായിരുന്നു. ദൈനംദിന ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ മുറുമുറുപ്പായി അത് തുടങ്ങി. പിന്നീട് പ്രത്യക്ഷ 'ീഷണിയുടെ രൂപം അതിന് കൈവന്നു. വീട്ടിലെ ഫോണ്‍ പെട്ടന്ന് "ചത്തു'. സ്ഥിരം പോകുന്ന റെസ്റ്റോറന്റുകളിലെ വെയ്റ്റര്‍മാര്‍ മുഖം തിരിച്ചു. "വേറെ എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് സാധനം വാങ്ങിക്കൂടെ' എന്ന് പതിവ് കടക്കാര്‍ ചോദിക്കാന്‍ തുടങ്ങി. കമോറയുടെ ശത്രുവുമായി ബന്ധപ്പെടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന ജനപ്രതിനിധികള്‍ വരെ അകലം പാലിക്കാന്‍ തുടങ്ങി. പക്ഷേ, ഏറ്റവും വലിയ "പ്രഹരം' നല്‍കിയത് നേപ്പിള്‍സ് മേയര്‍ റോസ ഐയര്‍വോലിനോ ആയിരുന്നു. പുസ്തകത്തിന് ല'ിച്ച ഒരു അവാര്‍ഡ് നല്‍കാ ന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാവിയാനോയെ റോസ തള്ളി പറഞ്ഞു: "താന്‍ തള്ളിപ്പറഞ്ഞ നേപ്പിള്‍സ് നഗരത്തിന്റെ പ്രതീകമാണ് ഈ സാവിയാനോ'.
തനിക്ക് ചുറ്റും ഭയത്തിന്റെ ഒരു തിരശീല വീഴുന്നത് സാവിയാനോ തിരിച്ചറിഞ്ഞു. അത് ഒരു കമോറ ശൈലിയാണ്. ശത്രുവിന് ചുറ്റും ഭയം വിതക്കുക. അയാളെ ഒറ്റപ്പെടുത്തുക. ശ്വാസം മുട്ടിക്കുക. അങ്ങനെ മാനസികമായി കീഴ്പെടുത്തുക. എന്നിട്ടൊരുദിവസം മിന്നലാക്രമണത്തിലൂടെ കഥ കഴിക്കുക. അങ്ങനെയിരിക്കെ ഒരു കമോറ പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. അയാളാണ് ആ വിവരം പുറംലോകത്തെ അറിയിച്ചത്. സാവിയാനോയെ കൊല്ലാന്‍ കമോറ ശ്രേണിയിലെ പ്രബല ഗ്യാങായ കാസലേസി ഉത്തരവിട്ടിരിക്കുന്നു. കാസലേസിക്കാണ് "ഗൊമോറ' ഏറ്റവും പരിക്കേല്‍പ്പിച്ചത്. 2008 ഡിസംബര്‍ 25 ന് മുമ്പായി സാവിയാനോയെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. അതിനായി പ്രത്യേക സംഘവും രൂപവത്കരിച്ചു കഴിഞ്ഞു. ഇറ്റാലിയന്‍ പത്രങ്ങളില്‍ ഇത് വലിയ വാര്‍ത്തയായി. യൂറോപ്പില്‍ ചര്‍ച്ചയായി. സാവിയാനോയെ രക്ഷിക്കണമെന്ന് മുറവിളി ഉയരാന്‍ തുടങ്ങി. തണുപ്പന്‍ മട്ടില്‍ ആദ്യം പ്രതികരിച്ച ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി. 2008 ഒക്ടോബര്‍ 20ന് ഓര്‍ഹന്‍ പാമുക്, ദാരിയോ ഫോ, റീത്താ ലെവി മൊണ്ടാല്‍ച്ചിനി, ഡെസ്മണ്ട് ടുട്ടു, മിഖായേല്‍ ഗോര്‍ബച്ചേവ്, ഗുന്തര്‍ ഗ്രാസ് എന്നീ ആറു നോബല്‍ ജേതാക്കള്‍ സാവിയാനോയുടെ ജീവന്‍ കാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരിന് തുറന്ന കത്തയച്ചു. ലാ റിപ്പബനുിക്ക പത്രം ലക്ഷക്കണക്കിന് വായനക്കാരുടെ ഒപ്പ് ശേഖരിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു. കനത്ത സമ്മര്‍ദത്തിനടിപ്പെട്ട ഇറ്റാലിയന്‍ സര്‍ക്കാര്‍ സാവിയാനോക്ക് പൊലീസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു. അന്നു മുതല്‍ ഇറ്റാലിയന്‍ പൊലീസിന്റെ സംരക്ഷണയിലാണ് സാവിയാനോയുടെ ജീവന്‍. സാധാരണ ജീവിതം നയിക്കാന്‍ ഇനി അയാള്‍ക്ക് ഒരിക്കലും ആവില്ല. രഹസ്യ കേന്ദ്രത്തില്‍ നിന്ന് രഹസ്യകേന്ദ്രങ്ങളിലേക്ക് ദിനവും സാവിയാനോയെ മാറ്റിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും പൊലീസ് ബാരക്കുകളിലാണ് രാ പാര്‍ക്കല്‍.

തന്റെ ഒളിവു ജീവിതത്തെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണ് ഇപ്പോള്‍ സാവിയാനോ. "ബ്യൂട്ടി ആന്റ് ദി ഇന്‍ഫെര്‍നോ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും. "എനിക്ക് ഇപ്പോള്‍ പുറത്തിറങ്ങാനാകില്ല. നഗരത്തിലൂടെ ഒന്ന് നടക്കാന്‍ പോലും എനിക്കാകില്ല, അംഗരക്ഷകര്‍ക്കൊപ്പം പോലും. ഒരു രാത്രിയില്‍ കൂടുതല്‍ ഒരു ഹോട്ടലില്‍ പോലും തങ്ങാനാകില്ല. പൊലീസ് ബാരക്കുകളിലാണ് കൂടുതല്‍ ഞാന്‍ താമസിക്കുന്നത്' പുസ്തകത്തില്‍ സാവിയാനോയില്‍ വിവരിക്കുന്നു.

ഇറ്റാലിയന്‍ പൊലീസും കമോറയും തമ്മിലുള്ള ബലപരീക്ഷണമാണ് സാവിയാനോയുടെ കാര്യത്തില്‍ നടക്കുന്നതെന്ന് പുറമേ നിന്ന് നോക്കുമ്പോള്‍ തോന്നാം. പക്ഷേ, കമോറയുടെ നീരാളികൈകള്‍ക്ക് ഇറ്റാലിയന്‍ ഭരണ സംവിധാനത്തിന്റെ അടിവേരുകളേക്കാള്‍ നീളമുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന്റെ സുരക്ഷ എത്ര കാലം സാവിയാനോയുടെ ജീവനെ പൊതിഞ്ഞു പിടിക്കുമെന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ട്. ഇറ്റാലിയന്‍ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കു വരെ മാഫിയ ബന്ധമുണ്ടെന്ന് സാവിയാനോ ഈയിടെ ആരോപിച്ചത് ഈ പശ്ചാത്തലത്തിലാണ്. പത്രങ്ങളുടെ വിദേശ പേജുകളില്‍ "ഇറ്റാലിയന്‍ പത്ര പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു' എന്ന വാര്‍ത്ത വരാന്‍ ഇനി എത്ര കാലം എന്നതു മാത്രമാണ് ശേഷിക്കുന്ന ചോദ്യം. സാവിയാനോമാര്‍ വരും, പോകും. പക്ഷേ മാഫിയ അതിജീവിക്കും. അതാണ് ഇറ്റലിയുടെ ചരിത്രം.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?