Friday, November 16, 2012

ദൈവവും കളിപന്തും


പുസ്തകം : ദൈവവും കളിപന്തും
രചയിതാവ് : പി.എ.നാസിമുദ്ദീന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്, കോട്ടയം
അവലോകനം : സുധീഷ് കൊട്ടീമ്പ്രം

ദൈവവും കളിപ്പന്തുംകവിതയുടെ സൗന്ദര്യശാസ്‌ത്രമാനങ്ങളെപ്രതിയുള്ള നമ്മുടെ ജാഗരൂകത 'പുതുകവിതാ' വാദങ്ങളിലെത്തി നില്‍ക്കുമ്പോഴും, പാരമ്പര്യവിച്‌ഛേദമെന്ന തുലാസില്‍ അവയുടെ തോത്‌ തീരുമാനിക്കുമ്പോഴും കവിതയുടെ രേഖീയചരിത്രബന്ധങ്ങള്‍ക്ക്‌ പുറത്ത്‌ ചില വാങ്‌മയങ്ങള്‍ ഉണ്ട്‌. വെള്ളമോ വളമോ കിട്ടാതെ, വായനയുടെ സഹവര്‍ത്തിത്വം പോലും ലഭിക്കാതെ അത്‌ ഒരു പ്രതിചരിത്രത്തെ നിര്‍മ്മിക്കുന്നു. ജീവിതത്തിന്റെ ദുരന്തവാഹിയായ പര്യപ്രേക്ഷ്യത്തെ കവിതയില്‍ നിഗൂഹനം ചെയ്‌ത ആധുനികതയുടെ വാലറ്റത്ത്‌ രേഖപ്പെടുത്താത്ത ഇടങ്ങളുണ്ട്‌. സമാഹരിക്കാന്‍ വൈകിപ്പോവുകയും വായിക്കപ്പെടാന്‍ അതിലേറെ അമാന്തിക്കപ്പെടുകയും ചെയ്‌ത പി.എ. നാസിമുദ്ദീന്റെ കവിതകള്‍ അത്തരമൊരു പ്രതിഭാവനയുടെ ചരിത്രസാക്ഷ്യമാണ്‌. കാവ്യസങ്കേതങ്ങളുടെയോ നിര്‍മ്മാണയുക്തികളുടേയോ ലഘുത്വമല്ല, ഈ കവിയുടെ ബലം. 'ജീവിതത്തിന്റെ കടലിനെ മഷിപ്പാത്ര'മാക്കുന്ന കാവ്യനീതിയുടെ ബന്ധുത്വമാണിതിന്‌.



ആധുനികത അവശേഷിപ്പിച്ച ആത്മബലിയുടെയും ആത്മാനുരാഗത്തിന്റെയും പേലവഹര്‍മ്യ ങ്ങള്‍ക്കിടയിലൂടെ ഇയാള്‍ കവിതയുടെ ഒരു തെരുവിനെ വരച്ചു. അതില്‍ ആത്മകേന്ദ്രിത കവിസ്വത്വം അലിഞ്ഞില്ലാതെയായി. 'ഞാനി'നെ എഴുതുമ്പോഴും അത്‌ തന്റെ (മനുഷ്യ) ഗോത്രത്തിന്റെ പരിച്‌ഛേദമായി. സ്‌നേഹവും ഉന്മാദവും ദാര്‍ശനികതയും അപഹാസവും നര്‍മ്മവും ജീവിതയോഗ്യമായ ഒരു ഭൂലോകത്തെ പ്രതീക്ഷയോടെ എഴുതി. കാലത്തിന്റെ വിപരീതത്വത്തെ പാഠാന്തരപ്പെടുത്തുന്ന എഴുത്തുവിദ്യയാണ്‌ നാസിമുദ്ദീന്റെ കവിത. ദ്വന്ദ്വങ്ങളെ വിശകലനം ചെയ്യുന്ന ഇടനിലക്കാരന്‍ ഈ കവിതകളിലുണ്ട്‌. ഇരുട്ടും വെളിച്ചവും, ശത്രുവും മിത്രവും, രതിയും മരണവും, നന്മതിന്മകളുടെ നീക്കിയിരിപ്പും കവിതയുടെ മൂലകമാവുന്നുണ്ട്‌. വിഷാദിയായ ഒരു ദൈവം അവിടെ താമസിക്കാനെത്തുന്നു. ഉറക്കം നിഷേധിക്കപ്പെട്ട ആ ദൈവത്തിന്‌ തെരുവ്‌ സ്വര്‍ഗമാകുന്നു. പ്രപഞ്ചസങ്കരത്തിന്റെ ഏതോ ഇടനിലയില്‍ വെച്ച്‌ ഇയാള്‍ ചോദിക്കുന്നുണ്ട്‌ 'പ്രഭോ, എന്താണ്‌ സഫലത?' എന്ന്‌. അഭിനവസ്വാമികളുടെ ചോദ്യമല്ല ഈ ചോദ്യം. നിര്‍വ്വാണത്തിനുവേണ്ടിയുള്ള ആധ്യാത്മിക വഴിയല്ല കവിയുടെ വഴി എന്നറിയുന്ന, സൂര്യന്റെ 'ശീതചുംബനം' ഏല്‍ക്കുന്ന കുട്ടിയായി ഈ കവി നിസ്വജീവിതത്തിന്റെ വര്‍ത്തമാനമെഴുതുന്നു.



വിപരീതത്വങ്ങളെ അതിവര്‍ത്തിച്ചെഴുതുന്ന ഭാഷയിലൂടെ നാസിമുദ്ദീന്‍ ഒരു നവലോകബോധം സ്വായത്തമാക്കുന്നുണ്ട്‌. 'സ്വന്തം ജാലകങ്ങള്‍ അടച്ചുപൂട്ടുന്നവന്‍ തീര്‍ച്ചയായും ഒരു കുറ്റവാളിയായിത്തീരും' എന്നറിയുന്നുണ്ട്‌. 'മനുഷ്യനായിരിക്കുക എത്ര രസകരമാണ്‌' എന്ന സാര്‍വ്വലൗകികമായ ദര്‍ശനമാണ്‌ ജീവിതയോഗ്യമായ ഇഹലോകത്തെക്കുറിച്ച്‌ എഴുതാന്‍ ഇയാളെ പ്രേരിതനാക്കുന്നത്‌. സംഘര്‍ഷകാലത്തിന്റെ തലച്ചുമടേറ്റുക നിയോഗമായി ഏറ്റെടുക്കുകയല്ല, മറിച്ച്‌ തന്റെ കളിപ്പന്തുമായി ലോകം ചുറ്റാമെന്ന്‌ വിനീതമായി ആഗ്രഹിക്കുന്ന ശൈശവ നിഷ്‌കളങ്കത മാത്രമാണിത്‌.

"കിടക്കാന്‍ നേരത്ത്‌

അവള്‍ ഒരു ഗ്ലാസ്‌ ചുക്കുവെള്ളം തരുമായിരുന്നു

ചുക്കുവെള്ളം കുടിച്ചില്ലെങ്കില്‍

എനിക്കു പല്ലുവേദന വരും

പല്ലുവേദന വന്നാലാകെ വിഷമിക്കും

വിഷമിച്ചാലാത്മഹത്യ ചെയ്യും

ഞാനാത്മഹത്യ ചെയ്‌തില്ലെ !

അപ്പോഴീ കവിത എഴുതുന്നതാരാണ്‌?

ഞാനോ പ്രേതമോ? നിഴലോ?"

(സിക്‌സോഫ്രേനിയ)



ജീവിതത്തോട്‌ ഉത്‌കണ്‌ഠപ്പെടുന്ന ഉന്മാദമാണ്‌ നാസിമുദ്ദീന്റെ വാക്കുകളെ അയത്‌നലളിതമായ കാവ്യാനുഭവമാക്കുന്നത്‌.

"നാം ഇരുവരും ലോകത്തിന്റെ

ഉദാര സ്‌നേഹിതര്‍ തന്നെ.

അനന്തതയുടെ കാണാമറയത്ത്‌

നിന്റെ തോണി ആകൃതിവെക്കുന്നു.

ഭാവനയുടെ ചക്രവാളത്തില്‍

എന്റെ വചനങ്ങള്‍ ശരീരമണിയുന്നു.

ഓ മീന്‍പിടുത്തക്കാരാ

നാം ഒരുപേര്‍ തന്നെ

ഭൂമിയുടെ ഒരേ ഉപ്പുതന്നെ."

(മീന്‍പിടുത്തക്കാരനും കവിയും)

മിത്രത്താല്‍ വധിക്കപ്പെടേണ്ടവരായ തലമുറയോടാണ്‌ കവിക്ക്‌ സംസാരിക്കേണ്ടത്‌ എന്നതുകൊണ്ട്‌ തന്നെ, മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന സംക്രമണചിന്തയെ ഈ കവി കരുതിവെയ്‌ക്കുന്നു. എന്നാല്‍ രണ്ടീച്ചകള്‍ തീരുമാനിച്ചാല്‍ വര്‍ഗ്ഗീയകലാപം ഉണ്ടാക്കാമെന്നും ഇയാള്‍ തിരിച്ചറിയുന്നുണ്ട്‌. 'വര്‍ഗ്ഗീയ കലാപം' എന്ന കവിതയുടെ രാഷ്‌ട്രീയ ഊന്നലുകള്‍ പ്രസക്‌തവുമാണ്‌. വിപണിയും കപട ആത്മീയതയും മനുഷ്യനെ വാസയോഗ്യമല്ലാതാക്കിത്തീര്‍ക്കുന്ന ലോകത്തെക്കുറിച്ച്‌ 'ആധുനിക ആത്മീയയന്ത്രങ്ങള്‍' എന്ന്‌ വരിമുറിച്ചെഴുതാത്ത ഗദ്യത്തിലും കവി പറയുന്നു.



അറുപതെഴുപതുകളിലെ സാങ്കല്‍പ്പികാധുനികതയെ വിമര്‍ശിക്കുന്ന 'കാല്‍ശതകം മുന്‍പ്‌', രാസജീവിതത്തെ എഴുതുന്ന 'ഗുളിക' തുടങ്ങിയ കവിതകളിലും പ്രകടലോകത്തിന്റെ പ്രച്‌ഛന്നവേഷങ്ങളെ വിമര്‍ശാത്മമകമായി ആഖ്യാനം ചെയ്യുന്നു. കാലദേശങ്ങളെ അപ്രസക്തമാക്കുന്ന ചില കവിതകളും ഈ സമാഹാരത്തിലുണ്ട്‌.

"മുറ്റത്തെ പേരമരം പോലെ

സൗമിനി തനിച്ചുനിന്നു.

ചില്ലകള്‍ കാറ്റിലുലയാതെ

അവള്‍ കടുത്തുനിന്നു.

കുഞ്ഞുങ്ങള്‍ കേണു പറഞ്ഞു

അമ്മയായി, ഈ പേരമരം അശ്രീകരം!

നമുക്കിതുവെട്ടി മുറ്റത്ത്‌ നിറയെ

മൊസാണ്ടച്ചെടി നടാം."

(നാലു സ്‌ത്രീകള്‍)



ചില ഉപമകള്‍ കവിതയില്‍ 'കടുത്തു'നില്‍ക്കുന്ന പേരമരമായി നാസിമുദ്ദീന്‍ സൂക്ഷിക്കുന്നു. കവിതയെഴുത്തിന്റെ നൈരന്തര്യത്തിലും അനശ്വരതയിലും ഉള്ള വിശ്വാസങ്ങള്‍ അമ്പേ കൊഴിഞ്ഞുപോയ പുതുകാലത്ത്‌ ചേറിയ വാക്കിന്റെ നാഴിയുരികൊണ്ട്‌ ഈ കവിക്ക്‌ അന്നം. കാല്‍ശതകത്തിനുശേഷം വരാനിരിക്കുന്ന 'ഒരു സല്‍ക്കാരമുഹൂര്‍ത്ത'ത്തിലും അവര്‍ ചോദിച്ചിരിക്കാം,

"ഭക്ഷണമേശയില്‍ ഞാനുമഥിതിയും

കൊതികൊണ്ട്‌ കുലീനരായിരുന്നു.

എന്റെയും അതിഥിയുടേയും

മൗനത്തില്‍ പുകയുന്ന തീയേതാണ്‌?

ഞങ്ങള്‍ക്കിടയിലെ വന്മതിലിന്റെ ഉയരമെത്രയാണ്‌?"

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?