Monday, September 10, 2012

കള്ളന്റെ പുസ്തകങ്ങൾ

പുസ്തകം : തസ്‌ക്കരൻ - മണിയൻപിള്ളയുടെ ആത്മകഥ / കള്ളൻ ബാക്കി എഴുതുമ്പോൾ
തയ്യാറാക്കിയത് : മണിയന്‍പിള്ള / ജി.ആര്‍.ഇന്ദുഗോപന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരന്‍




ജി
.ആർ.ഇന്ദുഗോപൻ തയ്യാറാക്കിയ ‘തസ്‌ക്കരൻ - മണിയൻപിള്ളയുടെ ആത്മകഥ‘ കുറേ നാളുകൾക്ക് മുന്നേ വായിക്കാനായിട്ടുണ്ട്. അന്നതിനെപ്പറ്റി ഒരു കുറിപ്പെഴുതി ഇടണമെന്ന ആഗ്രഹം നടക്കാതെ പോയി. അപ്പോളതാ വരുന്നു ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന പേരിൽ മണിയൻപിള്ളയുടെ ബാക്കി കഥ. ആദ്യപുസ്തകത്തിന് 503 പേജും രണ്ടാമത്തെ പുസ്തകത്തിന് 96 പേജുമാണുള്ളത്. ഇനിയൊരു ഭാഗം ഉണ്ടാകില്ലെന്ന് ഇന്ദുഗോപൻ ഉറപ്പ് തരുന്നു. *കള്ളന്റെ കഥയുടെ ഉറവ വറ്റിയതുകൊണ്ടല്ല അത്. എന്തൊക്കെ പറയണമെന്ന് കള്ളന് കൃത്യമായ ധാരണ ഉള്ളതുകൊണ്ടാണ്. കള്ളന്റെ മനസ്സ് മോഷ്ടിക്കാൻ ഒരുത്തനുമാകില്ലെന്ന് ഇന്ദുഗോപൻ തറപ്പിച്ച് പറയുന്നു. “എടുത്തുകൊണ്ട് പോയ്ക്കോ ” എന്നുപറഞ്ഞ് വെളിയിൽ വെക്കുന്നത് മാത്രമേ കഥയാക്കാൻ പറ്റൂ. ഡി.സി. ബുക്സ് ആണ് രണ്ടുപുസ്തകങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ആദ്യപുസ്തകത്തിൽ, മോഷണം തൊഴിലാക്കി കൊണ്ടുനടക്കുകയും, അൽ‌പ്പം വൈകിയാണെങ്കിലും പല കേസുകളിലും പിടിക്കപ്പെടുകയും ചെയ്യുന്ന മണിയൻപിള്ള എന്ന കള്ളന്റെ ജീവിതാനുഭവങ്ങളാണ്. ഒരു തുറന്ന് പറച്ചിൽ തന്നെയാണത്. തുറന്ന് പറച്ചിൽ എന്ന് പറയുമ്പോൾ, സ്വന്തം തോന്ന്യാസങ്ങളും പൊലീസ്, കോടതി എന്നീ തലങ്ങളിലെ തോന്ന്യാസങ്ങളുമെല്ലാം അതിന് പാത്രീഭവിക്കുന്നു. പിടിക്കപ്പെടുന്ന കേസുകൾ പലതും കോടതിയിലെത്തുമ്പോൾ കേസ് വാദിക്കുന്നത് മണിയൻപിള്ള തന്നെയാണ്. വർഷങ്ങളുടെ പരിചയസമ്പത്തുകൊണ്ട് നിയമവശങ്ങളൊക്കെ കഥാനായകൻ സ്വായത്തമാക്കിയിട്ടുണ്ട്. പലപ്പോഴും കേസുമായി കോടതിയിലെത്തുന്ന പൊലീസുകാർ കോടതിയിൽ നിന്ന് വിയർക്കുന്ന തരത്തിലായിരിക്കും കള്ളന്റെ കേസ് വിസ്താരം. അതുകൊണ്ടുതന്നെ കോടതിയിലേക്ക് പോകുന്ന പൊലീസുകാർ “ ഡാ മണിയാ കോടതിയിലിട്ട് മാനം കെടുത്തരുതേ “ എന്ന രീതിയിൽ അഭ്യർത്ഥിക്കുന്നതുമൊക്കെ പതിവാണ്.

കള്ളനെ പിടിച്ചാൽ സത്യം തെളിയിക്കാൻ പൊലീസിന്റെ മൂന്നാം മുറകൾ, ജീവിതകാലം മുഴുവൻ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, പൊലീസിന്റെ പിടിപ്പുകേടുകൾ, ത്രസിപ്പിച്ച ചില മോഷണങ്ങൾ, സത്യസന്ധമായി സമ്പാദിച്ച പണം പൊള്ളുമെന്ന സത്യം, എരണം കെട്ടപണം എന്താണ്, വീടുണ്ടാക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോഷണം കുറേയൊക്കെ തടയാനാവും എന്നതൊക്കെ രസകരമായി പ്രതിപാദിക്കുന്നുണ്ട് ഗ്രന്ഥത്തിൽ. നല്ല പോലീസുകാരെ പേരെടുത്ത് തന്നെ പറയുമ്പോൾ കാക്കിക്കുള്ളിലെ ക്രൂരന്മാരെ പേര് മാറ്റിയാണ് പറഞ്ഞിരിക്കുന്നത്. താൻ കാരണം അതിലൊരു പൊലീസുകാരന്റെ അനന്തര തലമുറയിലൊരാൾക്ക് പോലും ഒരു വ്യസനം ഉണ്ടാകരുതെന്ന് കള്ളന് നിർബന്ധമുള്ളതുകൊണ്ടാണിത്. കോടതിയുടെ കാര്യത്തിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ പുസ്തകത്തിലുണ്ട്.

കഥയുടെ അവസാനത്തോടടുക്കുന്ന ഭാഗത്ത്, വായനക്കാർ കള്ളനെ കാണുന്നത് കർണ്ണാടകത്തിൽ പേരുകേട്ട ഒരു വ്യവസായി ആയിട്ടാണ്. കൈ നിറയെ പണം, ആവശ്യത്തിലധികം ജോലിക്കാർ, സുഖ സൌകര്യങ്ങൾ എന്നുവേണ്ട, ഇലൿഷന് മത്സരിക്കാനായി പ്രമുഖ പാർട്ടിക്കാർ, സലിം ബാഷ എന്ന പുതിയ പേരിൽ ഇസ്ലാം മതം സ്വീകരിച്ച് മാന്യനായി ജീവിക്കുന്ന മണിയൻ പിള്ളയെ സമീപിക്കുന്നതുവരെ കാര്യങ്ങൾ ചെന്നെത്തുന്നു. അപ്പോളാണ് വിധി കേരളാ പൊലീസിന്റെ രൂപത്തിൽ അവിടെയെത്തുന്നത്. തെളിയിക്കപ്പെടാത്ത ചില കേസുകളിൽ കള്ളൻ വീണ്ടും അകത്താകുന്നു. എല്ലാ സ്വത്തുക്കളും കണ്ടുകെട്ടപ്പെടുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വർഷങ്ങളോളം നല്ല നടപ്പുമായി ഒരു പൊലീസ് സ്റ്റേഷനിലെ ജോലിക്കാരനായി നിന്നിട്ട് പോലും അവസാനം ചില സങ്കേതികതകളുടെ പേരിൽ കർണ്ണാടകത്തിലെ സ്വത്ത് മുഴുവൻ അയാൾക്ക് നഷ്ടപ്പെടുന്നു.

പ്രമുഖ കള്ളന്മാരുടെ മോഷണരീതികൾ, മോഷണത്തിനിടയിൽ അവർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ, (കയറിച്ചെല്ലുന്ന വീടുകളിലെ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടുന്ന തലത്തിലേക്ക് വരെ അത് നീളുന്നു.) നായ്ക്കളെ വളർത്തുന്ന വീടുകളിലെ മോഷണങ്ങൾ, അവറ്റകളെ വരുതിയിലാക്കുന്ന രീതികൾ എന്നിങ്ങനെ പിടിച്ചിരുത്തി വായിപ്പിക്കാൻ പോന്ന രംഗങ്ങൾ നിറഞ്ഞ ഒരു പുസ്തകമാണ് തസ്‌ക്കരൻ. പുസ്തകത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പക്ഷെ എല്ലാവരും വായിച്ചിരിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കള്ളന്റെ മനഃശ്ശാത്രം ഇതിൽ വരച്ചിട്ടിട്ടുണ്ട്. കള്ളന്റെ പ്രവൃത്തിമേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളും വ്യക്തികളും നമുക്കന്യമായ ലോകമാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ നാം കാണാത്തതും കേൾക്കാത്തതുമായ ഒരു പരിഛേദമുണ്ടിതിൽ. അത് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്. നല്ലവനായ ഒരാൾക്ക് ഈ പുസ്തകം ഉപകാരപ്പെടുന്നത്, എങ്ങനെ സ്വന്തം വീട്ടിൽ കളവ് നടക്കാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാം എന്ന നിലയ്ക്കാണ്. അതേ സമയം ദുഷ്ടബുദ്ധിയായ ഒരാൾക്ക് ഒരു മോഷ്ടാവാകാൻ പോന്ന എല്ലാ വിദ്യകളും ഇതിൽ പറയുന്നുമുണ്ട്. പുസ്തകം എന്തായാലും മാർക്കറ്റിൽ ലഭ്യമാണ്. ഒരു ചെറുകിട കള്ളനോ അല്ലെങ്കിൽ ഇതുവരെ കള്ളനാകാത്ത ഒരു മോശം വ്യക്തിയോ പുസ്തകത്തിനകത്തുള്ള വിദ്യകൾ നമുക്കെതിരെ പ്രയോഗിക്കില്ലെന്ന് എന്താണുറപ്പ് ? അതുകൊണ്ടാണ് ഇതെല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാകുന്നത്.

ഒരാൾ ജീതകാലം മുഴുവൻ കള്ളനായി കഴിയണമെന്നില്ലല്ലോ ? കള്ളനും കൊലപാതകിക്കും വരെ മാനസാന്തരം ഉണ്ടാകാം. കരിക്കൻ വില്ല കൊലക്കേസിലെ പ്രധാന പ്രതി ശിക്ഷ കഴിഞ്ഞിറങ്ങിയതിനുശേഷം ജീവകാരുണ്യപ്രവർത്തനങ്ങളുമായി ഇന്നെങ്ങിനെയാണ് നല്ല ജീവിതം നയിക്കുന്നതെന്ന് നമുക്കെല്ലാമറിയാം. മണിയൻ പിള്ള ജയിലിൽ വെച്ച് കണ്ടുമുട്ടുന്ന അത്തരം പല പ്രമുഖ കുറ്റവാളികളും, കള്ളന്മാരും പുസ്തകത്തിൽ വന്നുപോകുന്നുണ്ട്. പക്ഷെ മണിയൻപിള്ളയുടെ കാര്യത്തിൽ മാത്രം ഒരു മാനസാന്തരം കൊണ്ട് ജീവിതം രക്ഷിച്ചെടുക്കാൻ പറ്റുന്നില്ല. പൊലീസുകാർ അതിനയാളെ സമ്മതിക്കുന്നില്ല. ആ കഥയാണ് ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന രണ്ടാം ഭാഗത്തിൽ.

15 കൊല്ലത്തിനുശേഷം ചെയ്യാത്ത കുറ്റത്തിന് കേസ് ചാർജ്ജ് ചെയ്ത് ഐ.പി.സി. 401 -)ം വകുപ്പും ചുമത്തി അയാളെ വീണ്ടും ജയിലിൽ അടക്കുന്നു പൊലീസുകാർ. പുഷ്ക്കരകാലത്ത് മൂന്നാം മുറയൊക്കെ പുല്ലുപോലെ നേരിട്ടിരുന്ന കള്ളൻ, മാനസാന്തരപ്പെട്ടതിനുശേഷം പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ഭയചകിതനാകുന്നു. തുറുങ്കിനകത്തെ ഓരോ ദിവസവും ഓരോ യുഗമായി അയാൾക്കനുഭവപ്പെടുന്നു. കള്ളന്റെ നോട്ടപ്രകാരം ‘രാശിയുള്ള‘ ഒരു വീട് കണ്ടാൽ അയാൾക്കിന്ന് ഭയമാണ്. അത്തരത്തിൽ നോക്കാനയാൾക്കാവുന്നില്ല. ആദ്യകാലത്ത് അനുഭവിച്ച മൂന്നാം മുറകൾ, കാര്യമായി തടിയനങ്ങി ജോലിയൊന്നും ചെയ്യാനാകാത്ത പാകത്തിലാക്കിയിരിക്കുന്നു മണിയൻപിള്ളയെ. സീരിയലുകളിലും സിനിമകളിലും എൿട്രാ ആർട്ടിസ്റ്റ് ആയി ജോലി ചെയ്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ആദ്യപുസ്തകത്തിന്റെ റോയൽറ്റിയായി കിട്ടിയ പണവും കുറേയൊക്കെ സഹായിക്കുന്നുണ്ട്. റോയൽറ്റി തുകയുടെ മൂന്നിൽ രണ്ട് ഭാഗം കള്ളനും, മൂന്നിൽ ഒരുഭാഗം കള്ളന് കഞ്ഞിവെച്ചവനും ആണെന്ന് ശ്രീ.ഇന്ദുഗോപൻ ആദ്യപുസ്തകത്തിന്റെ ആമുഖത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മദ്യപാനമാണ് മണിയൻ‌പിള്ളയ്ക്ക് പലപ്പോഴും സ്വയം പാരയാകുന്നത്. കളവ് ഉപേക്ഷിച്ചതുപോലെ മദ്യപാനവും ഉപേക്ഷിക്കാനായെങ്കിൽ രണ്ടാമത്തെ പുസ്തകം എഴുതാനുള്ള സാദ്ധ്യത തന്നെ വിളരമാകുമായിരുന്നെന്ന് തോന്നി. കൂട്ടത്തിൽ പൊലീസിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആരുടെയോ ശുഷ്ക്കാന്തിയും കൂടെ ആയപ്പോൾ അറുപതാം വയസ്സിലും മണിയൻപിള്ള ഒരു ‘കള്ളനായി‘ തുടരേണ്ടി വരുന്നതിനെപ്പറ്റിയാണ് ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന രണ്ടാം ഭാഗത്തിൽ. ആത്മകഥ എഴുതിയത് മണിയൻ‌പിള്ളയ്ക്ക് പ്രശ്നമാകുന്നുണ്ട്. ‘നിനക്കിപ്പോഴും മോഷണമൊക്കെ ഉണ്ടോടേയ് ‘ എന്ന് ചോദിക്കുന്നതിന് പകരം ‘നിനക്കിപ്പോഴും പുസ്തകമെഴുത്തൊക്കെ ഉണ്ടോടേയ് ‘ എന്ന് ചോദിച്ചാണ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് എന്നതുതന്നെ കള്ളന്റെ ആത്മകഥ പല മാന്യദേഹങ്ങൾക്കും ഇരിക്കപ്പൊറുതി ഇല്ലാതാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. “എന്നോടീച്ചതി വേണ്ടായിരുന്നു സാറന്മാറേ“ എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ചപ്പോൾ, “എന്തുചെയ്യാം മണിയൻപിള്ളേ മുകളീന്നുള്ള ഉത്തരവല്ലേ ?” എന്നാണ് മറുപടി. ആരാണ് മുകളിൽ നിന്ന് ആ ഉത്തരവിറക്കിയത് ? കള്ളന്റെ കഥയിൽ അങ്ങനെ പല മാന്യന്മാരേയും പേരെടുത്ത് പറയാതെ പരാമർശിച്ചിട്ടുണ്ടല്ലോ ? ഒരു മന്ത്രിക്ക് പെണ്ണ് കൂട്ടി കൊടുത്ത കഥയും, 76-77 കാലഘട്ടത്തിൽ മറ്റൊരു മന്ത്രിക്ക് വേണ്ടി ഒരാളുടെ വീട്ടിൽ കയറി പാസ്പ്പോർട്ട് മോഷ്ടിച്ചു കൊടുത്ത കഥയുമൊക്കെ അച്ചടിച്ച് വരുമ്പോൾ മുഖം‌മൂടി അണിഞ്ഞ പെരുങ്കള്ളന്മാർ വിറളിപിടിക്കുന്നത് സ്വാഭാവികം മാത്രം. ഒരിക്കലെങ്കിലും മോഷണം നടത്തിയിട്ടുള്ള ഒരുത്തന്നെ പിന്നീടവൻ എത്ര നല്ലവനായാൽ‌പ്പോലും, വീണ്ടും കള്ളന്റെ കുപ്പായമിടീക്കാൻ പ്രസ്തുത മാന്യന്മാർക്ക് ഒരു തുള്ളിപോലും വിയർപ്പ് പൊടിക്കേണ്ടി വരുന്നില്ല. രാഷ്ട്രീയക്കാരെ നമ്പരുതെന്ന് കള്ളൻ* പറയുമ്പോൾ, കള്ളനെ നമ്പിയാലും കുള്ളനെ നമ്പിയാലും, രാഷ്ട്രീയക്കാരെ നമ്പരുതെന്ന് പുസ്തകം വായിച്ചിട്ട് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല.

അതിനിടയ്ക്ക് തസ്‌ക്കരൻ എന്ന ആത്മകഥ കേരള സർവ്വകലാശാലയുടെ മലയാളം ബിരുദ കോഴ്‌സിന്റെ അധികവായനയ്ക്ക് ശുപാർശ ചെയ്യപ്പെടുന്നു. വിഷയം നിയമസഭ വരെ എത്തുന്നു. ഇതിനേക്കാൽ നല്ല ആത്മകഥകളില്ലേ പഠിപ്പിക്കാൻ എന്ന് എതിർപ്പുകളും വരുന്നു. എന്തായാലും അവിടെ വരെ കാര്യങ്ങൾ എത്തിയതിൽ മണിയൻപിള്ളയ്ക്കും ഇന്ദുഗോപനും അഭിമാനിക്കാം. തന്റെ പുസ്തകത്തെ അംഗീകരിക്കാൻ ഒരു ശ്രമമെങ്കിലും നടത്തിയ സർക്കാരിനോട് ഒരു അഭ്യർത്ഥനയുണ്ട് കള്ളന്റെ വക. “ശിഷ്ടകാലം എന്നെ എങ്ങനെയെങ്കിലും ജീവിച്ച് പോകാൻ അനുവദിച്ചാൽ മതി. കാരണമില്ലാതെ എന്നെ വേട്ടയായി പിടിക്കാതിരുന്നാൽ മതി ”

പുസ്തകത്തിന്റെ തുടക്കത്തിലുള്ള ‘അവരുടെ രാവുകൾ‘ എന്ന ലേഖനത്തിലൂടെ ശ്രീ.അഷ്ടമൂർത്തി ചോദിക്കുന്ന ചോദ്യം അതേപടി പകർത്തി എഴുതണമെന്ന് തോന്നുന്നു.

“അല്ലെങ്കിൽ ആരാണ് കള്ളൻ ? ആരാണ് കള്ളനല്ലാത്തത് ? മനസ്സുകൊണ്ടെങ്കിലും കറപുരളാത്തവർ ആരുണ്ട് ? ഒരൊളിഞ്ഞ് നോട്ടം പോലും നടത്താത്ത എത്രപേരുണ്ട് നമുക്കിടയിൽ ? പൊരിഞ്ഞ അടികിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ നമ്മളിൽ അധികം പേരും ഇന്ന് മാന്യന്മാരായി ജീവിക്കുന്നത് ? “

----------------------------------------------------------------------------------------
*കള്ളൻ എന്ന് ലേഖനത്തിൽ പലയിടത്തും പരാമർശിച്ചിരിക്കുന്നത് മണിയൻപിള്ളളെ മോശക്കാരനാക്കി കാണിക്കാനല്ല. രണ്ട് പുസ്തകങ്ങളിലും പലയിടത്തും സന്ദർഭാനുസരണം ഉപയോഗിച്ചിരിക്കുന്ന ആ പദം അതേ സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

3 comments:

  1. Didn't know about these books. Thanks for the review. Should buy these now. :)

    ReplyDelete
  2. ആത്മകഥകള്‍ വായിക്കപ്പെടുന്നത് അന്യരുടെ ജീവിതത്തെ കണ്ടറിയാനുള്ള മനുഷ്യന്റെ സ്വാഭാവിക താല്‍പര്യവും ആകാംക്ഷയും കാരണമാണ്.ആമെനും ലൈമഗികത്തോഴിലാളിയുറെ ആത്മകഥയും വായിക്കാന്‍ ഉള്ള താല്പര്യം പച്ചവിരല്‍,സഹയാത്ര എന്നീ പുസ്തകങ്ങളോടു ഇല്ല.

    ReplyDelete
  3. But it's out of stock everywhere... Looking to buy this since long time..

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?