Thursday, August 2, 2012

കുമാരസംഭവങ്ങള്‍

പുസ്തകം : കുമാരസംഭവങ്ങള്‍
രചയിതാവ് : അനില്‍കുമാര്‍.ടി (കുമാരന്‍)
പ്രസാധകര്‍ : ഡിസംബര്‍ ബുക്സ്, കണ്ണൂര്‍
അവലോകനം : സജിം തട്ടത്തുമല



ബ്ലോഗ് രചനകളിൽ നിന്ന് പിറവിയെടുത്ത ഒരു പുസ്തകമാണ് കുമാരസംഭവങ്ങൾ. കുമാരൻ എന്ന പേരില്‍ അറിയപ്പെടുന്ന അനില്‍കുമാര്‍.ടി തന്റെ ബ്ലോഗുകളിൽ എഴുതി ഇതിനകം ഒരു പാട് പേർ വായിച്ച് രുചിയറിഞ്ഞവയാണ് ഇതിലെ രചനകള്‍. ബ്ലോഗെഴുത്തുകൾ പുസ്തകമാകുമ്പോൾ നെറ്റകത്തിന് പുറത്ത് നിൽക്കുന്നവർക്കും അവ വായിക്കാൻ അവസരം വരുന്നു. ബ്ലോഗ് രചനകൾ പുസ്തകമാകുന്നത് നിലവിൽ ബ്ലോഗകത്ത് എന്തു നടക്കുന്നു എന്നത് പുറം ലോകം കൂടി അറിയാൻ സഹായകവുമാണ്. പുസ്തകത്തിന്റെ പുറത്തുതന്നെ ബ്ലോഗ് രചനകൾ എന്ന് എഴുതിയിരിക്കുക കൂടി ചെയ്തിരിക്കുമ്പോൾ ഒരു പുസ്തകവില്പനശാലയിലോ, ഒരു വായനശലയിലോ ഇരിക്കുന്ന ഈ പുസ്തകം എടുത്തു നോക്കി എന്താണീ ബ്ലോഗെഴുത്ത് എന്ന് അന്വേഷിക്കുവാനും പുസ്തകം വാങ്ങി കൊണ്ടുപ്പോയി വാ‍യിച്ചു നോക്കുവാനും ചിലരെങ്കിലും തയ്യാറായെന്നുവരാം. അങ്ങനെ ഈ രചനകൾ വായിക്കപ്പെടുന്നു എന്നതിനു പുറമേ ബ്ലോഗിന് പ്രചരണവും കൂടിയാകുന്നു എന്നത് ബ്ലോഗില്‍ എഴുതുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഏറെ സന്തോഷകരമായ കാര്യം തന്നെ. ബ്ലോഗ് രചനകളുടെ പുസ്തകരൂപങ്ങൾക്ക് ഇന്റെർനെറ്റിനെയും ബ്ലോഗുകളെയും പറ്റി അധികം അറിയാത്തവർക്കു കൂടി അവയെപ്പറ്റി അറിയാനും അഥവാ അറിയാനുള്ള ഒരു ജിജ്ഞാസ ഉണ്ടാക്കുവാനും കഴിയും. അങ്ങനെ ഇന്റെർനെറ്റിൽ ഒരു സമാന്തര സാഹിത്യമേഖല വളർന്നുകൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം എല്ലവരും അറിയട്ടെ! ഇത്രയും ആമുഖമായി പറഞ്ഞത്, ബ്ലോഗുകളിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യകാല കൃതികൾക്ക് അങ്ങനെ ഒരു കർത്തവ്യം കൂടി നിറവേറ്റുവാൻ ഉണ്ട് എന്ന് സൂചിപ്പിച്ചുവെന്നുമാത്രം.

ബ്ലോഗ് ആർക്കും എപ്പോൾ വേണമെങ്കിലും തുടങ്ങുകയും നിർത്തുകയുമാകാം. പരിമിതമായ കമ്പ്യൂട്ടർ പരിജ്ഞാനം കൊണ്ട് ആർക്കും ബ്ലോഗ് ലോകത്ത് വിഹരിക്കാം. അവനവൻ പ്രസാധനമാണ് ബ്ലോഗുകൾ. ബ്ലോഗ്ഗർ സർവ്വതന്ത്ര സ്വതന്ത്രനുമാണ്. ഇതിൽ എഴുത്തുകാരൻ തന്നെ തിരുത്തുകാരനും അടുക്കുകാരനും എന്നതിനാൽ എഴുത്തിന്റെ ഇ-ലോകത്ത് നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടാകാം. അത് ഒരു പോരായ്മയായി കാണേണ്ടതില്ല. കാരണം വായനക്കാരന് അവനവന്റെ നിലവാരത്തിനും അഭിരുചിക്കും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനും വായനയെ തന്റെ സൌകര്യാർത്ഥം ക്രമപ്പെടുത്താനും സാധിക്കും. ഭാഷാപരമായും സഹിത്യപരമായും പാണ്ഠിത്യത്തിന്റെ മറുതല കണ്ടവർക്ക് മാത്രമേ എഴുത്തിന്റെ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്നൊന്നുമില്ല. മനസിന്റെ ഉള്ളിലുള്ളത് മറ്റുള്ളവർക്ക് വായിച്ചാൽ മനസിലാകത്തക്കവിധം ഒരു കടലാസിലോ ബ്ലോഗിലോ പകർത്തി വച്ചാൽ അതിനുള്ളിൽ എങ്ങനെയായാലും സാഹിത്യത്തിന്റെ ഒരംശം ഉണ്ടാകും. വായിക്കുന്നവന് അതിൽ എന്തെങ്കിലും ഒരു ഗുണപാഠം ഉണ്ടെങ്കിലോ, അതിൽ കേവലം ആസ്വദിക്കുവാനെങ്കിലും എന്തെങ്കിലുമുണ്ടെങ്കിലോ അത് സാഹിത്യം തന്നെ. ഇനി അതിനുമപ്പുറം അല്പം ഗഹനമായി ചിന്തിക്കുവാൻ അതിൽ എന്തെങ്കിലും കൂടിയുണ്ടെങ്കിൽ എഴുത്തിന് അല്പം നിലവാരം കൂടുതലായുണ്ട് എന്നേയുള്ളൂ.

കലയും സാഹിത്യവുമൊന്നും ആരുടെയും കുത്തകയല്ല. അഥവാ ആണെന്നു വിചാരിച്ചാൽ തന്നെ ഇനിയുള്ള കാലം അത് നടക്കുകയുമില്ല. മുഖ്യധാരയെന്നും അല്ലാത്തതെന്നുമുള്ള വേർതിരിവുകളും വരുംകാലത്ത് പലതുകൊണ്ടും പ്രസക്തമല്ല.മനുഷ്യനു മനസിലാകാത്ത വിധം എന്തെങ്കിലും എഴുതിവയ്ക്കുന്നത് മാത്രമല്ല സാഹിത്യം.ഏതൊരു സാധാരണക്കരനും മനസ്സിലാകുന്ന എഴുത്തുകളും സാഹിത്യമാണ്. അവ വായിക്കാൻ കൂടുതൽ ആളുകളെ കിട്ടുകയും ചെയ്യും. എഴുതിയത് ബ്ലോഗിലെങ്കിൽ അത് മോശം എന്ന മുൻ‌വിധിയിൽ അധിഷ്ഠിതമായ ഒരു മനോഭാവം പുലർത്തുന്നവർ ഉണ്ട്. അത് ഒരുതരം ബുദ്ധിജീവിജാഡയാണ്. ബ്ലോഗ് രചനകളുമായി ബ്ലോഗ്ഗർമാർ പ്രസാധകരെ തേടി ചെല്ലുന്ന കാലത്തു നിന്നും ബ്ലോഗ് രചനകൾ തേടി പ്രസാധകർ ബ്ലോഗർമാരെ സമീപിക്കുന്ന കാലം ഇതിനകം വന്നുകഴിഞ്ഞു.

മുഖ്യധാരാ ബുദ്ധിജീവിഗ്രന്ഥങ്ങൾ പലതും അലമാരകളിലിരുന്ന് ചിതലരിക്കുമ്പോൾ നല്ല ബ്ലോഗ് രചനകൾ നിരവധി വായനക്കാരെ ഹഠാതാകർഷിക്കുന്നുവെന്ന് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഗഹനമായ ചിന്തകൾക്ക് വേണ്ടി മാത്രമല്ല ആളുകൾ പുസ്തകങ്ങൾ തേടുന്നത്. മാനസിക ഉല്ലാസത്തിനുവേണ്ടിയും പുസ്തകങ്ങളെ ആശ്രയിക്കുന്നവരുണ്ട്. അതുകൊണ്ടാണല്ലോ ഓൺലൈനില്‍ ബ്ലോഗ് വായനക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്. പല ബ്ലോഗ് കൃതികളും പുസ്തകമാകും മുമ്പേ നിരവധി പേർ വായിച്ചു കഴിഞ്ഞിരിക്കും. മാത്രവുമല്ല ബ്ലോഗിൽ എഴുത്തുകാരനും വായനക്കാരനും തമ്മിൽ ഒരു സംവാദാത്മക ബന്ധം പോലും സ്ഥാപിക്കുവാനും കഴിയും. ബ്ലോഗ് പോസ്റ്റുകളിൽ കമന്റ് ഓപ്ഷൻ വഴി വായനക്കർക്ക് അവരുടെ വായനയുടെ അനുഭവം പങ്ക് വയ്ക്കാൻ കഴിയും. അഭിപ്രായങ്ങളും പ്രശംസകളും വിമർശനങ്ങളും പങ്കുവയ്ക്കാൻ കഴിയും. ഇപ്പോൾ ദിവസവും ഓരോ നിമിഷവും പുതിയപുതിയ നിരവധി രചനകൾ ബ്ലോഗുകളിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും പോസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ നിലയിൽ ഇന്റെർനെറ്റ് മേഖലയാണ് അച്ചടി മേഖലയേക്കാൾ സാഹിത്യത്തിൽ ഇന്ന് ഏറെ സജീവം എന്നു സമ്മതിക്കേണ്ടിവരും. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച രചനകള്‍ കോര്‍ത്തിണക്കിയ ഒരു സമാഹാരത്തെ പരിചയപ്പെടുത്തുന്ന കര്‍ത്തവ്യമായതിനാല്‍ ബ്ലോഗ് എന്താണെന്ന് കൂടെ പറഞ്ഞേക്കാം എന്ന ചിന്തയില്‍ നിന്നും ഉരിത്തിരിഞ്ഞതാണ് മേല്‍‌പ്പറഞ്ഞവ മുഴുവന്‍.

ഇവിടെ കുമാരന്റെ പുസ്തകത്തിൽ ആമുഖമായിതന്നെ തന്റെ പരിമിതികൾ കുമാരൻ എഴുതിവച്ചിട്ടുണ്ട്. ബ്ലോഗ് വായനക്കാരനും പുസ്തകവായനക്കാരനും തമ്മിൽ അല്പം ചില വ്യത്യാസങ്ങൾ ഉണ്ട്. ബ്ലോഗ് വായനയ്ക്ക് അല്പം വേഗത കൂടുതലാണെന്നതാണ് അതിലൊന്ന്. മറ്റൊന്ന് ഇവിടെ ബ്ലോഗ് വായനക്കാരിൽ ഭാഷാപരമായി പരിമിതികൾ ഉള്ളവരും കൂടിയുണ്ട് എന്നതാണ്. എന്നാൽ ഇന്ന് ബ്ലോഗിംഗ് രംഗത്തേക്ക് കടന്നുവരുന്നവർ ബ്ലോഗിംഗിലൂടെ ആ പരിമിതികൾ തരണം ചെയ്തു കൊണ്ടിരിക്കുകയാണ്. ബ്ലോഗിം‌ഗ്‌ വഴി മലയാള ഭാഷയുമായും സാഹിത്യവുമായും സ്കൂൾതലം വരെ മാത്രം ബന്ധമുണ്ടായിരുന്നവർ പോലും ഇന്ന് നന്നായി മാതൃഭാഷ കൈകാര്യം ചെയ്തു വരുന്നു. അതിനു കാരണം ബ്ലോഗുകളിലെ നർമ്മം തുളുമ്പുന്ന രചനകളാണ്. നർമ്മം ഇഷ്ടപ്പെടാത്തവർ ആരുമില്ല. നർമ്മം തുളുമ്പുന്ന ബ്ലോഗ് രചനകൾ നിരവധിയാളുകളെ വായനയുടെ ലോകത്തേക്കും എഴുത്തിന്റെ ലോകത്തേക്കും ആനയിക്കുന്നുണ്ട്. ആദ്യം ഒരു കൌതുകത്തിനോ, തമാശയ്ക്കോ, സൌഹൃദത്തിനോ ബ്ലോഗിന്റെ ലോകത്തേക്ക് കടന്നുവരുന്നവരിൽ പലരും പിന്നീട് നല്ല ബ്ലോഗെഴുത്തുകാരായി മാറുന്ന അനുഭവങ്ങൾ സർവ്വ സാധാരണമാണ്. ഇന്ന് ബ്ലോഗുകൾ സന്ദർശിക്കുന്നവർക്ക് മലയാളത്തിൽ നന്നായി കമന്റെഴുതാനെങ്കിലുമുള്ള മലയാള ഭാഷാജ്ഞാനം ഉണ്ടെന്നത് അഭിമാനകരമാണ്. ടൈപ്പുചെയ്യുന്നതിന് കീ ബോർഡിലെ ഇംഗ്ലീഷ് അക്ഷരമാലയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിലും പതിയുന്നത് മലയാള അക്ഷരങ്ങളാണ്. വളരുന്നത് മലയാള ഭാഷയാണ്. കേരളത്തിലെ എല്ലാ മേഖലകളിൽ ഉള്ളവരും ബ്ലോഗെഴുതുന്നതിനാൽ ഓരോ പ്രദേശത്തെയും പ്രാദേശികമായ ഭാഷാന്തരങ്ങൾ കൂടി എല്ലാവരും പങ്കുവയ്ക്കുകയാണ്. ഇത് മലയാള ഭാഷയുടെ സമഗ്രമായ വികാസത്തിന് കാരണമാകുകയാണ്. എന്നിട്ടും ഇത് ചിലർ കണ്ടില്ലെന്ന് നടിക്കുന്നതാണ് കഷ്ടം. കമ്പ്യൂട്ടർ കണ്ട് കണ്ണുമിഴിച്ച് നിൽക്കുന്നവരാണ് ബ്ലോഗ് വിമർശകരായ പല മുഖ്യധാരാ (അങ്ങനെയൊരുധാരയുണ്ടെന്ന് പറയാനില്ലെങ്കിലും) ബുദ്ധിജീവികളും. കറണ്ടടിക്കുമെന്ന് പേടിച്ച് ഇവരിൽ പലരും കീ ബോർഡിൽ പോലും തൊടില്ല.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ചെറുതും വലുതുമാ‍യ പല സംഭവങ്ങളും ഉണ്ടാകും. അതിൽ ചിലതിലൊക്കെ നർമ്മത്തിന്റെ അംശങ്ങൾ ഉണ്ടാകും. അതല്ല ഗൌരവമായ അനുഭവങ്ങളാണെങ്കിൽ കൂടിയും അതിൽ നർമ്മം ചാലിച്ച് അത് പറഞ്ഞുകേൾക്കാനും എഴുതാനും നമ്മളിൽ പലർക്കും കഴിയും. നർമ്മഭാവന അധികമില്ലാത്തവർക്ക് ഗൌരവത്തിലും കാര്യങ്ങൾ അവതരിപ്പിക്കാം. എന്നാൽ കണ്ണീരിൽ പോലും നർമ്മം ചാലിച്ച് കേൾക്കുന്നവനെയും വായിക്കുന്നവനെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും കരയിക്കുവാനും നർമ്മ ബോധമുള്ള ഒരാൾക്ക് കഴിയും. ഏതെങ്കിലും ഒരു സംഭവം അക്ഷരമറിയാത്തവരാണെങ്കിൽ അവർ പറഞ്ഞു കേൾപ്പിക്കും. അക്ഷരമറിയാവുന്നവർക്ക് അവ എഴുതിവയ്ക്കുകയുമാകാം. നർമ്മബോധവും അല്പം സാഹിത്യബോധവും കൂടി ചേർന്നാൽ എഴുത്ത് വായനക്കാരന് നല്ലൊരു വിഭവമായിരിക്കും.

എന്നാൽ എല്ലാവർക്കും നർമ്മ ബോധവും സാഹിത്യബോധവും ഒരു പോലെ കൈമുതലായി ഉണ്ടാകണമെന്നില്ല. ചിലർക്ക് നർമ്മ ബോധമുണ്ടാകും. ചിലർക്ക് സാഹിത്യബോധമുണ്ടാകും. ചിലർക്ക് ഇത് രണ്ടുംകൂടി ഉണ്ടാകും. ഇവിടെ കുമാരനെ സംബന്ധിച്ചിടത്തോളം നർമ്മഭാവനയും സാഹിത്യവും കൈമുതലായുണ്ട്. ഗൌരവമുള്ള സംഭവമാണെങ്കിലും കുമാരൻ എഴുതിയാൽ അത് നർമ്മമാകും. എന്നാൽ ആ നർമ്മത്തിനിടയിൽ നിന്ന് നമുക്ക് സംഭവത്തിന്റെ ഗൌരവം വായിച്ചെടുക്കുകയും ചെയ്യാം. വായിക്കുന്നവന് വായിക്കാനൊരു താല്പര്യം വരണം. എല്ലാവരും ഗൌരവ ബുദ്ധികളാകണമെന്നില്ല. അത്തരക്കാരെ വായനയിലേയ്ക്ക് ആകർഷിക്കാൻ നർമ്മം വേണം. നർമ്മം ആസ്വദിച്ചുകൊണ്ട് വായനയിൽ മുഴുകുമ്പോൾ ഒരെഴുത്തുകാരന് നൽകാനുള്ള സന്ദേശം വളരെ ലളിതമായി കൈമാറാൻ കഴിയുന്നു. ഇക്കാര്യത്തിൽ കുമാരന് അഭിമാനിക്കാം. കുമാരസംഭവങ്ങൾ വായിക്കുന്ന ഏതൊരാൾക്കും തോന്നും ഈ കുമാരൻ ഒരു സംഭവം തന്നെയാണെന്ന്!

കുമാരൻ എഴുതിയിരിക്കുന്ന ഓരോ നുറുങ്ങുകളോടും സാമ്യമുള്ള പല അനുഭവങ്ങളും അവരവരുടെ ജീവിതപരിസരങ്ങളിൽ എല്ലാവർക്കും ഉണ്ടായിരിക്കും. കേരളത്തിൽ എവിടെയുമുള്ള ജീവിത രീതികൾ തമ്മിൽ പൊതുവായ സമാനതകൾ ഉള്ളതിനാൽ എല്ലാവർക്കും ഓരേ തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാം. കണ്ണൂരിലുള്ള കുമാരൻ കോറിയിട്ടിരിക്കുന്ന നർമ്മ നുറുങ്ങുകളിൽ മിക്കതും ഇങ്ങ് തിരുവനന്തപുരം ഭാഗത്തുള്ള എന്റെ ഗ്രാമ പരിസരത്തും സംഭവിച്ചിട്ടുള്ളതാണ്. ചില നുറുങ്ങുകൾ വായിക്കുമ്പോൾ ങേ, കണ്ണൂരിലും നമ്മുടെ ഇവിടത്തെപോലുള്ള കാര്യങ്ങൾ തന്നെയോ നടക്കുന്നതെന്നു ചോദിച്ചു പോകും. എന്നെ ഞെട്ടിപ്പിച്ചത് എന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങൾ പോലും കുമാരൻ കുമാരനിൽ ആരോപിച്ച് എഴുതിവച്ചിരിക്കുന്നു. കുമാരൻ എന്നെങ്കിലും എന്റെ ജീവിതത്തെ ഒളിഞ്ഞു നോക്കിയോ എന്നറിയില്ല. പക്ഷെ അതേതൊക്കെ അനുഭവങ്ങൾ എന്ന് ഞാൻ ഇവിടെ തുറന്നു പറയാൻ കൂട്ടാക്കുന്നില്ല. കുമാരന് നാണവും മാനവുമില്ലെന്നുവച്ച് നമ്മ അങ്ങനെയാണോ? ഹഹഹ!

പട്ടിണിക്കാരനായ കുട്ടിരാമൻ ഉസ്കൂളിൽ ഉപ്പുമാവിനു വേണ്ടി തള്ളി ചട്ടിയിൽ വീണ സംഭവം നർമ്മത്തിൽ പൊതിഞ്ഞാണ് എഴുതിയതെങ്കിലും നമ്മുടെ മനസ്സിൽ അതൊരു നൊമ്പരമുണ്ടാക്കുന്നുണ്ട്. ചട്ടിയിൽ വീണെങ്കിലെന്താ ഇഷ്ടം പോലെ ഉപ്പുമാവു കിട്ടിയല്ലോ എന്ന് കുട്ടിരാമൻ പറയുന്നുണ്ട്. ഉണങ്ങാത്ത മുറിപ്പാടുകൾ എന്ന കഥയും നമ്മെ നന്നേ നൊമ്പരപ്പെടുത്തും. നർമ്മം മാത്രമല്ല ഗൌരവമുള്ള വിഷയങ്ങളും കൈകര്യം ചെയ്യാൻ കുമാരനു കഴിയാത്തതല്ല എന്ന് തെളിയിക്കുന്ന കഥകളും കുമാര സംഭവങ്ങളിലുണ്ട്.

കുമാരനിലെ നര്‍മ്മവും ഉപമ- അലങ്കാരഗുണങ്ങളും വെളിവാക്കുവാന്‍ വേണ്ടി കുമാരസംഭവങ്ങളിൽ നിന്ന് ചില വരികൾ മാത്രം ഇവിടെ ഉദാഹരണമായി നിരത്തട്ടെ:

“നാലുമണി കഴിഞ്ഞാൽ ഞങ്ങൾ മൂന്നുപേരും പെൺപിള്ളേരുടെ സെൻസസ് എടുക്കുന്നതുകൊണ്ട് ഫുൾ ബിസിയായിരിക്കും സ്കൂളിൽനിന്നും അണക്കെട്ടു പൊട്ടിയ പോലെ ആർത്തിരമ്പി വരുന്ന ആൺകുട്ടികളും മന്ദം മന്ദം കുളിർകാറ്റ് പോലെ തഴുകിവരുന്ന അരപ്പാവാടയുടുത്ത സുന്ദരി പെൺകുട്ടികളും, അതിനു ശേഷം വൃദ്ധരെപ്പോലും രോമാഞ്ചമണിയിച്ചുകൊണ്ട് ജൂനിയർ ഐശ്വര്യറയി മി.ജമീലയുടെ നേതൃത്വത്തിൽ കമലാ കോളേജിലെ ആൽമരം പോലെ വളർന്നുപന്തലിച്ച പെൺകുട്ടികളും ഞങ്ങളെയെന്താ ഇനിയും കെട്ടിച്ചുവിടാത്തത് വീട്ടുകാരേ എന്ന ചോദ്യവുമായി പ്രകടനം പോലെ വരും. ആ വർണ്ണക്കാഴ്ചകളെ ഒഴിവാക്കി വെറുതെ ഡീസന്റാവാൻ ഞങ്ങൾ കണ്ണുപൊട്ടന്മാരോ ടൌൺഹാളിന്റെ മുന്നിൽ ഒരുപണിയുമെടുക്കാതെ വെറുതെ സുഖിച്ചു കൈചൂണ്ടി നിൽക്കുന്ന കോൺക്രീറ്റ് പ്രതിമയോ അല്ലല്ലോ....” (കുമാരൻ റൈറ്ററുടെ നാൾവഴിപുസ്തകം എന്ന അദ്ധ്യായം)

അച്ഛൻ മരിക്കുമ്പോൾ കരയുന്ന മക്കളിൽ ഒരുത്തി പറയുന്നതു കേൾക്കൂ: “ എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചിൽ....അവളുടേത് (ചേച്ചി) കള്ളക്കരച്ചിലാണേ...” ( ശരിയായ കരച്ചിൽ)

“പ്രേമിക്കുന്നവർ ആദ്യം ചെയ്യുന്നത് അച്ഛനുമമ്മയുമിട്ട പേരു മാറ്റുകയെന്നതാണല്ലോ. വനജ കാമുകനായ നളിനാക്ഷനെ നളേട്ടാ, എന്നും, വനജയെ അയാ‍ൾ തിരിച്ച് വനൂ, വാ‍.. എന്നിങ്ങനെ വിളിക്കാൻ തുടങ്ങി.....“ (പ്രതികാര വനജ)

ലോകചരിത്രത്തിലെ പല പ്രേമങ്ങളും പൂത്തു വിടർന്ന് പരപരാഗണം നടത്തിയത് കോളേജ് കലോത്സവ ദിനത്തിലാണ്. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന് ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്. ......” (കോളേജ് ഡേയിൽ കോമളകുമാരി)`

“മാരുതി സ്വിഫ്റ്റ് കാറുപോലെ ഷെയ്പ്പുള്ള സുന്ദരി. വട്ടമുഖി, നീണ്ട മുടി, അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപ്പാവാട ആൻഡ് ഗ്രീൻ ബ്ലൌസ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.” (ദേവതാരു പൂത്തു, പക്ഷെ......)

ഇങ്ങനെ ഒരുപാടുണ്ട് “കുമാരൻ എന്ന സംഭവം” എഴുതിയ കുമാര സംഭവങ്ങളിൽ! പക്ഷെ കുമാരന്റെ പുസ്തകം അതേപടി പകർത്തിവയ്ക്കലല്ലല്ലോ ഇവിടെയിപ്പോൾ എന്റെ പണി! വേണമെന്നുള്ളവർ വില കൊടുത്ത് വാങ്ങി വായിക്കുക. തീർച്ചയായും നിങ്ങൾക്ക് ഈ പുസ്തകം ഒരു നല്ല വായന അനുഭവമായിരിക്കും. മനസിന്റെ പിരിമുറുക്കങ്ങൾ ഇറക്കിവച്ച് വായനാവേളകളിൽ ഇടയ്ക്കിടെ പൊട്ടിച്ചിരിക്കാനും പിന്നീട് പലപ്പോഴും അതിലെ സംഭവങ്ങൾ ഓർത്ത് ഊറിച്ചിരിക്കാനും ഉത്തമമാണ് കുമാരസംഭവങ്ങൾ!

10 comments:

  1. കലക്കന്‍ അവലോകനം.

    ReplyDelete
  2. ഇത് മുഖ്യ ധാര സാഹിത്യ മാമുനികള്‍ക്ക് മാത്രമല്ല
    ബ്ലോഗു ഞങ്ങള്‍ ആണെന്ന് കരുതുന്ന ബുദ്ധി (മന്ധ ) ജീവി തവളകള്‍ക്കും മനസ്സിലാക്കാന്‍ ഉള്ള നല്ലൊരു അടിയാണ്

    ReplyDelete
  3. സജിം ...
    ഇഷ്ട്മായി ഈ അവലോകനം.

    ഇപ്പോള്‍ മുഖ്യധാര.... പുറകിലെ ധാര ഇതിനൊന്നും പ്രസക്തിയില്ല.

    നന്നായി എഴുതുന്നവര്‍ ഏതു ധാരയില്‍ ആയാലും തിളങ്ങും. ദേ .. ശ്രീ കുമാരനെ പോലെ !!!

    ReplyDelete
  4. നല്ല അവലോകനം. കുമാരന്റെ പുസ്തകത്തെ കുറിച്ചു മാത്രമല്ല ബ്ലോഗ്‌ എന്താണെന്ന് അറിയാത്തവര്‍ക്ക് പോലും ഒരു ബ്ലോഗ്‌ വായിക്കാന്‍ തോന്നും ഇത് വായിച്ചു കഴിഞ്ഞാല്‍

    ReplyDelete
  5. അപ്പോ കുമാരഗുരുവിന്റെ പുസ്തകം മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാനുള്ള കുറിപ്പടിയാണെന്നാണു സജിം പറയുന്നത്..
    എന്നാലും കാശു കൊടുത്തു വാങ്ങണമല്ലോ എന്നാലോചിക്കുമ്പോള്‍...

    അവലോകനം നന്നായിരിക്കുന്നു, സജിം. കുമാരനു നര്‍മ്മം മാത്രമല്ല ഗൗരവത്തിലുള്ള എഴുത്തും നന്നായി വഴങ്ങും എന്നു കണ്ടു സന്തോഷം തോന്നാറുണ്ട്.

    ReplyDelete
  6. നര്‍മ്മഭാവമുള്ള മികച്ച അവലോകനം.

    ReplyDelete
  7. ആസ്വാദനം ശരിക്കും ആസ്വദിച്ചു വായിച്ചു..

    ReplyDelete
  8. കലക്കി. കുമാരന്റെ സംഭവബഹുലമായ അനുഭവങ്ങളും എഴുത്തും അടങ്ങിയ ഈ പുസ്തകം തീർച്ചയായും വായിക്കേണ്ടത് തന്നെ.,

    ReplyDelete
  9. അവലോകനം നന്നായി
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?