Friday, May 18, 2012

The Emerging Mind

പുസ്തകം : The Emerging Mind
രചയിതാവ് : വിളയന്നൂര്‍ രാമചന്ദ്രന്‍

പ്രസാധകര്‍ : ബിബിസി,പ്രൊഫൈല്‍ ബുക്‌സ് ലണ്ടന്‍

അവലോകനം : ബിജു.സി.പി



­തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ന്യൂറോളജിസ്റ്റ് എഴുതിയ പുസ്തകത്തില്‍ സാധാരണവായനക്കാരെ ആകര്‍ഷിക്കുന്ന എന്തുണ്ടാകാനാണ്! അതും മസ്തിഷ്‌ക ശാസ്ത്രത്തില്‍ വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ ! എന്നാല്‍, പുസ്തകം എഴുതിയത് ഡോ.വി.എസ്.രാമചന്ദ്രനാകുമ്പോള്‍ ലോകമെങ്ങും അതൊരു ബെസ്റ്റ് സെല്ലറാവുന്നത് സ്വാഭാവികം മാത്രം. കാരണം, ഒരു പക്ഷേ, സ്റ്റീഫന്‍ഹോക്കിങ് കഴിഞ്ഞാല്‍ അഗാധശാസ്ത്രം ഇത്ര ജനപ്രീയമാകും വിധം അവതരിപ്പിക്കുന്ന മറ്റൊരാളില്ല എന്നതു തന്നെ. ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളായ നൂറു മനുഷ്യരിലൊരാളായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ ഗവേഷകനാണ് ഡോ.വിളയന്നൂര്‍ എസ്.രാമചന്ദ്രന്‍. തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന്, 1974ല്‍ മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ഡി. പാസ്സായ രാമചന്ദ്രന്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍, ന്യൂറോസയന്‍സില്‍ പിഎച്ച്.ഡി. പൂര്‍ത്തിയാക്കി. ഇപ്പോള്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ബ്രെയിന്‍ ആന്‍ഡ് കോഗ്നിഷന്റെ ഡയറക്ടറാണ്.



മനുഷ്യ മസ്തിഷ്‌കത്തിന്റെ മഹാരഹസ്യങ്ങള്‍ തേടിയുള്ള അന്വേഷണങ്ങളില്‍ വിപ്ലവകരമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. തലച്ചോറും മനസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ബോധത്തെക്കുറിച്ചുമൊക്കെ ആധികാരിക വിശദീകരണങ്ങളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. കാഴ്ചയെയും ദൃശ്യബോധത്തെയും കുറിച്ചുള്ള ഗവേഷണങ്ങളിലൂടെയാണ് ഡോ.രാമചന്ദ്രന്‍ ലോകശ്രദ്ധ നേടിയത്. ആത്മീയതയും ദാര്‍ശനികതയും മനശ്ശാസ്ത്രവുമെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വിശദമാക്കാനാണ് ഡോ.രാമചന്ദ്രന്‍ ശ്രമിക്കുന്നത്. വൈദ്യശാസ്ത്രത്തെ ദാര്‍ശനികതയുടെ നിലവാരത്തിലേക്കുയര്‍ത്തുന്ന അത്യപൂര്‍വം ഗവേഷകരിലൊരാളാണ് അദ്ദേഹം.

ഡോ.രാമചന്ദ്രന്റെ പ്രശസ്തമായ പുസ്തകങ്ങളിലൊന്നാണ് ദ എമര്‍ജിങ് മൈന്‍ഡ്. ഏതാനും വര്‍ഷം മുമ്പ് ബിബിസി റീത്ത് ലക്ചര്‍ പരമ്പരയില്‍ ചെയ്ത പ്രഭാഷണങ്ങളുടെ സമാഹാരം. 1948ല്‍ ബര്‍ട്രാന്റ് റസ്സല്‍ മുന്‍കൈയെടുത്തു തുടങ്ങി വെച്ച ഈ പ്രഭാഷണ പരമ്പര ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ തത്ത്വചിന്താ പ്രഭാഷണങ്ങളിലൊന്നാണ്. ഡോ.രാമചന്ദ്രന്റെ ഏറ്റവും പ്രശസ്ത പ്രബന്ധമായ ഫാന്റംസ് ഇന്‍ ദ ലിംബ്, ഉള്‍പ്പെടെ അഞ്ചു പ്രബന്ധങ്ങളാണ് പുസ്തകത്തില്‍. ബിലീവിങ് ഈസ് സീയിങ്, ദ ആര്‍ട്ഫുള്‍ ബ്രെയിന്‍, പര്‍പിള്‍ നംബേഴ്‌സ് ആന്‍ഡ് ഷാര്‍പ് ചീസ്, ന്യൂറോ സയന്‍സ് ദ ന്യൂ ഫിലോസഫി എന്നിവയാണ് മറ്റുള്ളവ.

അപകടത്തില്‍പ്പെട്ട് ഒരു കൈ മുറിഞ്ഞുപോയ ഫിലിപ്പ് എന്ന കായികതാരത്തിന് തന്റെ കൈ മുറിഞ്ഞു പോയെങ്കിലും ഇല്ലാത്ത ആ കൈയില്‍ പല തരത്തിലുള്ള വേദനകളും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ശരീരത്തില്‍ നിന്ന് കൈ മുറിഞ്ഞുപോയെങ്കിലും മസ്തിഷ്‌കത്തിലെ മാപ്പില്‍ നിന്ന് ആ കൈ നീക്കം ചെയപ്പെട്ടിട്ടില്ലാത്തതിനാലാണ് മുറിഞ്ഞില്ലാതായിട്ടും ആ കൈയില്‍ വേദനകളും മറ്റും അനുഭവപ്പെടുന്നതെന്ന് ഡോ.രാമചന്ദ്രന്‍ നിരീക്ഷിച്ചു. മുറിഞ്ഞ കൈയുടെ സ്ഥാനത്ത് തലച്ചോറില്‍ ഒരു ഫാന്റം കൈ രൂപപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മനശ്ശാസ്ത്രചികില്‍സ എന്നു പറയാവുന്ന ലളിതമായ ചില ചികില്‍സാ മാര്‍ഗങ്ങളിലൂടെ ആ ഫാന്റം കൈ നീക്കം ചെയ്യാന്‍ ഡോ.രാമചന്ദ്രനു കഴിഞ്ഞു. ഇതാണ് ഫാന്റംബ്രെയിന്‍ എന്ന സങ്കല്പനത്തിന് നല്‍കാവുന്ന ഏറ്റവും ലളിതമായ വിവരണം. ഇത്തരത്തില്‍ തലച്ചോറിന്റെ നിഗൂഢതകളിലേക്കു പുതുവെളിച്ചം വീശുന്നവയാണ് ഡോ.രാമചന്ദ്രന്റെ മിക്ക കണ്ടെത്തലുകളും. അവ അദ്ദേഹം വിവരിക്കുന്നതാകട്ടെ ഒരു സയന്‍സ് ഫിക്്ഷന്റെ ചാരുതയോടെയും.

എന്താണ് കല എന്ന ചോദ്യം നൂറ്റാണ്ടുകളായി കലാസാഹിത്യ വിശാരദരെയും തത്ത്വചിന്തകരെയും അലട്ടിയിരുന്ന പ്രശ്‌നമാണ്. കല എന്താണെന്നും അതു നാം ആസ്വദിക്കുന്നതെങ്ങനെ എന്നതിനുമുള്ള താത്തികവും വൈദ്യശാസ്ത്രപരവും മനശ്ശാസ്ത്രപരവും കലാത്മകവുമായ വിശദീകരണം അവതരിപ്പിക്കുന്നു കലയെക്കുറിച്ചുള്ള പ്രബന്ധം. അക്കങ്ങളും നിറങ്ങളും തമ്മിലുള്ള ദുരൂഹമായ ഏതോ പൊരുത്തത്തെക്കുറിച്ച് പറഞ്ഞിരുന്ന സിനസ്തീഷ്യയെക്കുറിച്ചുള്ളതാണ് പര്‍പ്പിള്‍ നമ്പേഴ്‌സ് ആന്‍ഡ് ഷാര്‍പ് ചീസ്. കാഴ്ചയുടെ മസ്തിഷ്‌കശാസ്ത്രത്തിന്മേല്‍ പടുത്ത ബിലീവിങ് ഈസ് സീയിങ് എന്ന പ്രബന്ധമാകട്ടെ കാഴച എന്ന അനുഭവത്തെക്കുറിച്ച് അത് കാഴ്ചപ്പാടുകളിലേക്കു സംക്രമിക്കുന്നതിനെക്കുറിച്ചുമുള്ള താത്ത്വിക സാമൂഹിക സംഗതികള്‍ സരളമായി വിശദീകരിക്കുന്നു. ന്യൂറോസയന്‍സാണ് പുതിയ മനുഷ്യന്റെ തത്ത്വചിന്ത എന്നു വിശദീകരിക്കുന്ന പ്രബന്ധം ദാര്‍ശനികതയുടെയും മസ്തിഷ്‌കശാസ്ത്രത്തിന്റെയും മനശ്ശാസ്ത്രത്തിന്റെയും അതിര്‍വരമ്പുകളില്ലാതാക്കുന്ന മഹിതമായ അന്തര്‍വൈജ്ഞാനികദര്‍ശനം മുന്നോട്ടു വെക്കുന്നു.

ഏറ്റവും സങ്കീര്‍ണമായ ശാസ്ത്രവസ്തുതകളെ ഏറ്റവും ലളിതമായ മനസ്സോടെ സമീപിക്കുകയും കേവലം യാന്ത്രികതയ്ക്കപ്പുറം ഭാരതീയമെന്നു പറയാവുന്ന ആത്മീയ ദാര്‍ശനിക തലങ്ങളിലേക്കു കടന്നു നില്‍ക്കുകയും ചെയ്യുന്ന ഉന്നതചിന്തകനാണ് ഡോ.രാമചന്ദ്രന്‍. യാന്ത്രികകാഴ്ചപ്പാടുകളെ അതിലംഘിക്കുന്ന അദ്ദേഹത്തിന്റെ വിസ്മയകരമായ നിലപാടുകള്‍ മൂലം ഒരു വിഭാഗം പാശ്ചാത്യശാസ്ത്രകാരന്മാര്‍ക്ക് ഡോ.രാമചന്ദ്രന്റെ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ഇപ്പോഴും. തന്റെ വാദങ്ങള്‍ അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു കാണിക്കുമ്പോഴും, ' എന്നാലും ഇതെങ്ങനെ..' എന്ന ഉള്‍ക്കൊള്ളാനാവായ്ക. വൈദ്യശാസ്ത്രത്തിനുള്ള നോബല്‍സമ്മാനത്തില്‍ നിന്ന് ഓരോ വര്‍ഷവും അദ്ദേഹം ഇങ്ങനെ മാറ്റി നിര്‍ത്തപ്പെടുന്നതിനെ ലോകം വിമര്‍ശനത്തോടെയും പരിഹാസത്തോടെയുമാണ് കാണുന്നത്. ദൈവം ഉണ്ടാകാനിടയുണ്ടെന്നും അത് നമ്മുടെ തലച്ചോറില്‍ത്തന്നെയാണെന്നും അദ്ദേഹം പറയുന്നു. തലച്ചോറിലെ ഒരു ജി സ്‌പോട്ടാണ് (God spot) ദൈവസ്ഥാനം എന്ന് ഡോ.രാമചന്ദ്രന്‍ വിശദീകരിക്കുന്നു. വിസ്മയകരമായ ഒരു വായനാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് സംശയലേശമെന്യേതിരഞ്ഞെടുക്കാവുന്നവയാണ് ഡോ.വി.എസ്.രാമചന്ദ്രന്റെ ഓരോ പുസ്തകവും. (പേജ് 208; വില 250. വിതരണം : വിവാ ബുക്‌സ് )

1 comment:

  1. പുസ്തകം വായിച്ചിട്ടില്ലെങ്കിലും അവലോകനത്തില്‍ നിന്ന് തന്നെ ഡോക്ടര്‍ രാമചന്ദ്രന്‍ എന്ന പ്രതിഭയെക്കുറിച്ചും അദ്ദേഹം മുന്നോട്ടു വെക്കുന്ന ചിന്തകളെക്കുറിച്ചും ഏകദേശജ്ഞാനം ലഭിക്കുന്നു....

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?