Tuesday, April 10, 2012

സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ്

പുസ്തകം : സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ്
രചയിതാവ് : ശ്രീബാല കെ മേനോന്‍

പ്രസാധകര്‍ : മാതൃഭൂമിബുക്‌സ്

അവലോകനം : ബുക്ക് മലയാളം



ഥക്കായി ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ജീവിതം. അനുഭവങ്ങള്‍ അതില്‍വന്നുവീഴും. കരഞ്ഞും ചീറിയും പിടഞ്ഞും ചത്തും ചിരിച്ചും ചിരിപ്പിച്ചും കാലങ്ങള്‍കൊണ്ട്കെട്ടുപോയേക്കാവുന്ന നിമിഷങ്ങളെ കഥയിലേക്ക് കൗതുക പൂര്‍വ്വം തുറന്നുവിടുകയാണ് എഴുത്ത്. ജീവിതത്തെയും എഴുത്തിനേയും കൗശലത്തോടെ നേരിടുന്ന ഈ വഴിവിട്ട സഞ്ചാരം 'ജീവിതം കഥക്കുവേണ്ടിയോ ജീവിതം ജീവിതത്തിനുവേണ്ടിയോ' എന്ന മട്ടിലുള്ള ഒരു സൈദ്ധാന്തിക സംവാദത്തിന് സാധ്യത നല്‍കുന്നുമുണ്ട്. 'മീന്‍ പിടിച്ചുവീണ്ടും ആറ്റിðവിട ആശൈ' എന്നതരം കാല്പനികഭാവുകത്വത്തെയല്ല, മറിച്ച് കെണിവച്ചുപിടിച്ചതിനെ തുറന്നുവിടുന്നതിന്റെ ഉല്ലാസവും സംതൃപ്തിയും സ്വയം പരിഹാസവും കലരുന്നതാണ് ശ്രീബാല കെ മേനോന്റെ സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ് എന്ന കഥാസമാഹാരം. കാല്‍പനികതയേയും കല്‍പനകളെത്തന്നെയും നഗ്നമാക്കുന്ന നര്‍മ്മയുക്തിയാണ് കഥകളുടെ കാതല്‍. ഓരോ അനുഭം/ ദര്‍ശനം മുന്നോട്ടുവച്ചുകൊണ്ടാണ് കഥകളോരോന്നും ആരംഭിക്കുന്നത്.
ഹിതവും അവിഹിതവുമെന്ന് ജീവലോകത്തെ രണ്ടായി വിഭജിക്കുക. ദാമ്പത്യവും പ്രണയവുമെന്ന് അതിന് മറ്റൊരനുബന്ധവും സാധ്യമാണ്. പ്രണയം ഒരര്‍ത്ഥത്തില്‍ അവിഹിതലോകമാണ്. സമൂഹത്തിന്റെ വിലക്കുകളെയും സദാചാര വഴക്കങ്ങളെയും അതിലംഘിക്കുന്ന പ്രണയത്തിന്റെ സര്‍വ്വതന്ത്ര സ്വതന്ത്രവലോകത്ത് ഈ ജന്‍മത്തിലായാലും വരും ജന്‍മങ്ങളിലായാലും നേരിടേണ്ടിവരു പരമപ്രധാനമായി പ്രശ്‌നമാണ് പുട്ടും കടലയും, എന്ന കഥ വിശകലനംചെയ്യുന്നത്.

പ്രണയികള്‍ക്ക് ഇനി വരാനിരിക്കുന്ന ഏതോ ജന്‍മത്തിലാണ് പുട്ടും കടലയും നേരിടേണ്ടിവരുന്നതെങ്കതില്‍ ഈ ജീവകാലത്തിന്റെ കടയ്ക്കല്‍ വെട്ടുകയാണ് ഗുല്‍മോഹറിനു കീഴെ എന്ന കഥ. എടുപ്പിലും നടപ്പിലും പേച്ചിലും സായിപ്പാകുമ്പോഴും തുളസിക്കതിരും ശാലീനതയും ഗ്രാമവിശുദ്ധിയും അമ്പലക്കുളവും സര്‍വ്വോപരി ഒരു കന്യകയെത്തന്നെ വേളിയും തരമാക്കാന്‍ ഇങ്ങിപ്പുറപ്പെടുന്ന അഴകൊഴമ്പന്‍ ആണത്തമാണ് ഈ കഥയില്‍ അപഹസിക്കപ്പെടുന്നത്.
സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് കഥക്കെണിയിലേക്ക് പെണ്ണെഴുത്തും ആണെഴുത്തും പുറം ജീവിതവും ഒരേപോലെ കടന്നുവരുന്നു. എഴുതിത്തുടങ്ങാത്ത ഒരു കഥ, പാതിയില്‍ യാത്രപറഞ്ഞുപോയ ചില ജീവിതക്കാഴ്ചകള്‍ അവയെ പൂരിപ്പിക്കാനാവാതെ തിക്കുമുട്ടുന്ന ഭാവന. ഇതിനിടയില്‍ കഥയിലെ കഥാകാരി സ്വപ്നം കണ്ടതുപോലെ ഒരു സാഹിത്യകാരനുമായി ആദര്‍ശ വിവാഹം. ഇപ്പോള്‍ 'എഴുത്തുനിര്‍ത്തിയ കഥാകാരികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി ക്ഷീണിച്ചു തിരിച്ചെത്തുന്ന ഭര്‍ത്താവിന് കുളിക്കാന്‍ വെള്ളം ചൂടാക്കിവയ്ക്കണം. ഇതിനെല്ലാമിടയിð മാസ്റ്റര്‍പീസെഴുതാന്‍ എവിടെയാണ് സമയം.? അഥവാ ഇനി എഴുതിയില്ലെന്നുകരുതി അത് മാസ്റ്റര്‍ പീസ് അല്ലാതാകുമോ? പ്രശ്‌നം സങ്കീര്‍ണ്ണമാണ്. സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയെ സംബന്ധിക്കുന്ന, ആവിഷ്‌കാരത്തേയും ജീവിത സ്വാതന്ത്ര്യത്തേയും സംബന്ധിക്കുന്ന കനപ്പെട്ട കാര്യങ്ങളാണ് നര്‍മ്മത്തിന്റെ രൂക്ഷ ഭാഷയിð ഇവിടെ വിചാരണയ്‌ക്കെടുക്കുന്നത്.

ആണ്‍ വിനിമയങ്ങളുടെ അതിരുകള്‍ക്കകത്ത് കടന്ന് കെണിവെച്ചുപിടിച്ച കഥയാണ് അഞ്ഞൂറാന്‍. കര്‍മ്മ ബന്ധങ്ങളുടെ കെട്ടും ചരടും പൊട്ടിക്കുന്നó ജീവിതത്തിന്റെ അനായാസത ഈ കഥയിലുണ്ട്. ജീവിതത്തെ ആയാസരഹിതമാക്കുന്നതാകട്ടെ അസ്ഥിത്വ/ആത്മീയ വ്യഥകളൊന്നുമല്ല. ഭാഷയെ കുറുക്കിയെടുക്കുന്ന കാവ്യ ഭാവുകത്വത്തെയാണ് അഞ്ഞൂറാന്‍ റദ്ദ് ചെയ്യുന്നത്. ശാപമോക്ഷം, ദാമ്പത്യം, പെണ്‍ഫ്രണ്ട്‌സ് മായ്ച്ചാലും മായാത്ത പാടുകള്‍, ബോംബേ ഡ്രീംസ്, ടോമി അഥവാ ഞാന്‍ മായ ലോസ്റ്റ് അറ്റ് ഹോട്ട്‌മെയില്‍ ഡോഡ്‌കോം തുടങ്ങിയ കഥകളിലെല്ലാം പൊതുവായുള്ളത് ഭാഷയുടെ ലഘുത്വമാണ്. ജീവിത്തെ കാണുന്ന രീതികളള്‍ക്കാണ് ഇവിടെ മാറ്റം വരുന്നത്. നര്‍മ്മത്തിന്റെ കണ്ണുകളിലൂടെ പുറത്തേക്കും അകത്തേക്കും നോക്കാന്‍ കഴിയുന്ന സുതാര്യതയാണ് ശ്രീബാല കെ മേനോന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ചുഴിഞ്ഞുപോകല്‍ മാത്രമല്ല, പരപ്പിലേക്ക് സ്വയം വിസ്തൃതമാകുന്ന കാഴ്ചയുടെ ബഹുലതകൂടിയാണ് ഈ കഥകള്‍.
(വില: 70 രൂപ)

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?