Saturday, January 7, 2012

സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി

പുസ്തകം : സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി
രചയിതാവ് : ശ്രീജിത് അരിയല്ലൂര്‍

പ്രസാധകര്‍ :
മിസ്റ്റ് ബുക്ക്സ്
അവലോകനം : പ്രവീണ്‍ വട്ടപ്പറമ്പത്ത്





















കാളിദാസനെ കൈരളിയിൽ എഴുന്നള്ളിച്ചിരുത്തിയ എ.ആറും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ജിയും കേരളവർമ്മ വലിയകോയിത്തമ്പുരാനുമൊക്കെ ഈയിടെ വായനയിൽ സൃഷ്ടിച്ച വിസ്മയത്തെക്കുറിച്ചുള്ള ഒരു കാടുകയറിയ ചർച്ചകൾക്കൊടുവിൽ ആണു പ്രിയസുഹൃത്ത് “സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി” കയ്യിലേക്ക് വച്ചു തന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവിതകളോടെനിക്കുള്ള അപരിചിതത്വം നന്നായറിയാവുന്നവനായിട്ടും ഇത് വായിക്കാൻ പറഞ്ഞ് തന്നത് അൽപ്പം അതിശയിക്കാതെയിരുന്നുമില്ല. ഈ അപരിചിതത്വം പുതിയകവിതകളോടുള്ള അവജ്ഞയിൽ നിന്നോ അജ്ഞതയിൽ നിന്നോ ഉളവായതല്ല, അഭിസാരികയുടെ ആത്മരോഷത്തെക്കുറിച്ചു പ്രസംഗിച്ച്, കയ്യിലെ ഡയറിയിൽ സ്ഥലം പിടിച്ച ‘പുതിയവളുടെ‘ മാർക്കറ്റ് വാല്യൂ കൂട്ടിയും കുറച്ചും ലാഭനഷ്ടത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവന്റെ ഇരട്ടത്താപ്പാണു പുതിയ വായനയിൽ മുഴച്ച് നിന്നിരുന്നത്. അങ്ങനെയൊരു ധാരണമനസ്സിലെപ്പൊഴോ വേരൂന്നിയതുകൊണ്ടാവണം ‘പൊട്ടാമദ്യക്കുപ്പികളെക്കുറിച്ച്’ പാടിയ കവി പൊട്ടിച്ചകുപ്പിയുടെ ലഹരിയെക്കുറിച്ച് അഭിമാനത്തോടെ പ്രസംഗിക്കുന്നത് കേട്ടപ്പോൾ ‘കോൾമയിരു’ കൊള്ളാതിരുന്നതും.

പൂർണ്ണമായും അകന്നുനിന്നിരുന്നു എന്നല്ല, വിജയലക്ഷ്മിക്കും ചുള്ളിക്കാടിനും വിനയൻ മാഷിനും ശേഷം എപ്പൊഴൊക്കെയോ തീക്കുനിയും കുരീപ്പുഴയും കലേഷും ശൈലനുമൊക്കെ വായനയിൽ കടന്നുവന്നിരുന്നുതാനും. നിരഞ്ജന്റെ ചിലവുകുറഞ്ഞകവിതകളിൽ കണ്ട വിപ്ലവം വഴിയേപോയവന്റെ ആർപ്പ് വിളിയല്ല എന്ന തിരിച്ചറിവ് സമ്മാനിക്കുവാൻ ‘ശ്രീജിത്ത് അരിയല്ലൂരിന്റെ’ സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി എന്ന കവിതാസമാഹാരത്തിനു കഴിഞ്ഞു.. അരാഷ്ട്രീയവാദത്തോടുള്ള രോഷവും തേഞ്ഞ് തീർന്ന (തേഞ്ഞു എന്ന് കവി പറയുന്നു, എനിക്കഭിപ്രായമില്ല. :) ) ബിംബങ്ങളോടുള്ള അവജ്ഞയും തുടങ്ങി വലത് ലാവണ്യബോധംപേറുന്ന മാധ്യമങ്ങളോടുള്ള അമർഷവും നിറഞ്ഞു നിന്ന ആമുഖം സൃഷ്ടിച്ച മുൻവിധി (വെല്ലുവിളികളുടെ രതിമൂർച്ഛയിൽ കവിതയെ പാതിയിലുപേക്ഷിക്കുന്ന കവികൾ എന്നെ ഭയപ്പെടുത്താറുണ്ട്) അസ്ഥാനത്തായിരുന്നു എന്ന് കവിതകൾ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി.

ജീവിതത്തിന്റെ മുറിവേൽപ്പിക്കുന്ന മുനകളിൽ നിന്ന് കവിതയുണ്ടാക്കുന്നതിൽ ശ്രീജിത് പ്രകടിപ്പിച്ചിരിക്കുന്ന നൈപുണ്യം പ്രശംസാർഹമാണു. മൂർച്ചയേറിയ പരിഹാസവും വ്യാകുലതയും നർമ്മവും അഭിപ്രായപ്രകടനങ്ങളും നിറഞ്ഞ ‘ഒന്നൊന്നരക്കവിതകളുടെ‘ ഈ സമാഹാരം അരാഷ്ട്രീയമായ കാലഘട്ടത്തെ മാത്രമല്ല, ഒഴുക്കിനൊത്ത് നിർവികാരനായി ഒഴുകാനാഗ്രഹിക്കുന്ന വായനക്കാരന്റെ നരബാധിച്ച മനസ്സിന്റെയും കൂടി കൂമ്പിനിട്ടിടിക്കുന്നുണ്ട്.

പണ്ട് നാടുവിടുമ്പോൾ
ബസിലെഴുതിയിരുന്നു
‘ശ്രീ കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം ‘എന്ന് ..
ഇന്ന് തിരിച്ച് വരുമ്പോൾ
ബസിലെഴുതിയിരിക്കുന്നു
‘ശ്രീ മാതാ അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം’ എന്ന്
കാടാമ്പുഴ ഭഗവതി ഏത് സ്റ്റോപ്പിലാണു ഇറങ്ങിപ്പോയത്.

മുകളിലുദ്ധരിച്ച യാത്ര എന്ന കവിതനോക്കുക, അന്ധമായ, പ്രകടനോത്സുകമായ ഭക്തിയിൽ മുഴുകി യൊഴുകുന്ന ജനത്തിന്റെ ഗതിമാറിയുള്ള പോക്കിനെ സരസമായി പരിഹസിക്കുന്ന ശ്രീജിത്ത്, കറുപ്പ് എന്ന കവിതയിൽ സ്നേഹത്തെ കെട്ടിപ്പൂട്ടി കോപ്രായം കാണിക്കുന്നരീതികളെ കളിയാക്കുകയും ചെയ്യുന്നു.

അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദം തങ്ങളുടെ ശബ്ദമാക്കി മാറ്റുന്നതിൽ പുതിയകവികൾ കാണിക്കുന്ന ആത്മാർത്ഥത അഭിനന്ദനീയം തന്നെയാണു. ശ്രീജിത്തും ആ ധർമ്മത്തിൽ നിന്നകലുന്നില്ല എന്നത് ആശാവഹം തന്നെ.

തീനാമ്പകറ്റിയൊരൂർജ്ജപ്രവാഹമായ്
ലോകായതക്കാറ്റുടുത്തിറങ്ങിക്കൊണ്ട്
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ
ദു:ഖിതനോട് പറഞ്ഞു ചർവ്വാകൻ
എന്നെഴുതിയ കുരീപ്പുഴയും

ആദിവാസി തൻ ചോരയാടിയമണ്ണ്
കറുപ്പാണു ഞാൻ
വിഷപ്പല്ല്-
കരുതിയിരുന്നോളൂ
എന്നെഴുതി വെല്ലുവിളിച്ച വിജയലക്ഷ്മിയും നിർത്തിയിടത്ത് നിന്ന് ശ്രീജിത്ത് ആണി എന്ന കവിതയിലൂടെ വിളിച്ച് പറയുന്നതിങ്ങനെയാണു…

കറുത്തവൻ
എപ്പോഴും അടിച്ചമർത്തപ്പെടുന്നവൻ
നിങ്ങളുടെ ഉറപ്പുകൾക്കിടയിൽ
എന്നും
തുരുമ്പിച്ച് തീരുന്ന അറിയപ്പെടാത്ത ദലിതൻ…


മിഠായിയും ടൌവ്വലും പായലും മിസ്ഡ്കാളും ബ്ലേഡും എന്നുവേണ്ട സകലതിലും കവിത കണ്ടെത്തി അതിൽ ആവശ്യത്തിനു നർമ്മവും സൌകുമാര്യവും കലർത്തിയുള്ള കുട്ടിക്കവിതകൾ വായിച്ചു കഴിഞ്ഞപ്പോൾ അതിശയം തോന്നി, അതിലുപരി ബഹുമാനവും, അസ്പൃശ്യമെന്ന് കരുതി മാറ്റിവക്കാനൊന്നുമില്ലാതെ എന്തിലും കവിതകണ്ടെത്താനിവർ കാണിക്കുന്ന ആർജ്ജവത്തിനു മുന്നിൽ എഴുന്നേറ്റ് നിന്നുകൊണ്ട് തന്നെ കയ്യടിക്കട്ടെ…സൈക്കിൾ ചവിട്ടുന്ന പെൺകുട്ടിയിലെ കവിതകൾക്ക് മാറ്റുകൂട്ടിക്കൊണ്ടുള്ള അതിമനോഹരമായ അർത്ഥവത്തായ ഇല്ലസ്ട്രേഷനുകളുടെ കാര്യം കൂട്ടത്തിൽ പറയാതെ വയ്യ. സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി വില്പനക്കുള്ളവ ചിട്ടയായി അടുക്കിവച്ച സൂപ്പർമാർക്കറ്റിന്റെയല്ല, മറിച്ച് ജീവിതം തിളച്ചുമറിയുന്ന അടുക്കും ചിട്ടയുമില്ലാത്ത ഒരു മുഷിഞ്ഞ തെരുവിന്റെ പ്രതീതിയാണുളവാക്കിയത്. പ്രണയവും സ്വാർത്ഥതയും പ്രതികരണവും ജല്പനങ്ങളും എല്ലാമതിലുണ്ട്…

അധികം വലിച്ചു നീട്ടാതെ ആറ്റിക്കുറുക്കിയ ഒന്നോരണ്ടോ വാചകത്തിൽ കാര്യം പറയുന്ന ശ്രീജിത്ത് വാചകങ്ങളുടെ ഭംഗിക്കായി കവിതയിൽ ഒത്തുതീർപ്പ് നടത്തിയിട്ടില്ല എന്നതാണു ശ്രദ്ധേയമായ ഒരു കാര്യം.

“വേനലിൽ നീ ഉപേക്ഷിക്കുമെന്നറിയാമായിരുന്നിട്ടും
മഞ്ഞുകാലത്ത് ഞാൻ നിന്നെ ഇറുകെപുണർന്നു “ എന്ന് പുതപ്പെന്ന കവിതയിൽ കവി കുറിക്കുമ്പോൾ വായനക്കാരനു മുന്നിൽ പരിമിതികളില്ലാത്ത ആസ്വാദനതലമാണു സൃഷ്ടിക്കപ്പെടുന്നത്

ചാറ്റൽമഴയിൽ കിഴക്കേ ഉമ്മറത്തിരുന്നു മുറ്റത്തിന്റെ അതിരിൽ നാഗപ്രതിഷ്ഠയ്ക്ക് കവാടമെന്നവണ്ണം തലവിരിച്ച് നിൽക്കുന്ന പാരിജാതത്തിന്റെ പൂക്കൾ കൊഴിഞ്ഞ് വീഴുന്നതും നോക്കിക്കിടക്കുമ്പോൾ , അമ്മ കൊണ്ട് വന്നു തരുന്ന കട്ടൻചായയാണു ആ സന്ധ്യാനേരങ്ങളെ എനിക്കേറെ പ്രിയപ്പെട്ടതാക്കാറുള്ളത്. അങ്ങനെയൊരു കട്ടൻചായ കുടിച്ച ഒരു സുഖം ‘സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി’ യിൽ നിന്നു ലഭിച്ചു. അമ്മയുടെ കട്ടൻ പോലെ തന്നെ ഈ കട്ടൻ ചായക്ക് ഗുണവും മണവും കടുപ്പവുമുണ്ട്….

ഒരാളെയെങ്കിലും
സ്നേഹിച്ചുകളയണമെന്നതിനാൽ
ഞാനെപ്പൊഴും
നിന്നെമാത്രം
സ്നേഹിച്ചുകളയുന്നു

2 comments:

  1. ശ്രീജിത്തിന്റെ കവിതകള്‍ വളരെ നന്ന്‌.
    വായിക്കാത്തവരെക്കൂടി അവ വായിക്കാന്‍ പ്രേരിപ്പിക്കുന്ന നിലവാരമുള്ള അവലോകനമാണ് പ്രവീണിന്റെത്‌.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  2. പുസ്തക അവലോകനം നന്നാവുന്നുണ്ട്.
    വായിക്കാത്ത പുസ്തകങ്ങള്‍ വായിക്കാനുള്ള
    താല്‍പ്പര്യം ഇതുമൂലം കിട്ടുന്നുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?