Saturday, November 19, 2011

സിനിമയല്ല ജീവിതം

പുസ്തകം : സിനിമയല്ല ജീവിതം
തയ്യാറാക്കിയത് : ബി.ശ്രീരേഖ
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : നിരക്ഷരൻ














ഡി.സി.ബുക്ക്‌സ് പുറത്തിറക്കിയ 23 ലേഖനങ്ങളുള്ള 'സിനിമയല്ല ജീവിതം' എന്ന ഉര്‍വ്വശിയുടെ ഓര്‍ക്കുറിപ്പിലെ 23 ലേഖനങ്ങള്‍ തയ്യാറാക്കിയത് ബി. ശ്രീരേഖയാണ്. സിനിമയ്ക്ക് കഥ എഴുതിയിട്ടുള്ള ആളാണ് ഉര്‍വ്വശി. അപ്പോള്‍പ്പിന്നെ ഇങ്ങനൊരു ഓര്‍മ്മക്കുറിപ്പ് എന്തിന് ശ്രീരേഖയെക്കൊണ്ട് എഴുതിക്കണം? ആദ്യം ചിന്ത പോയത് അങ്ങനെയാണ്. അതിനെപ്പറ്റി അന്വേഷിച്ചപ്പോളാണ് മനസ്സിലാക്കാനായത്. 'ഉത്സവമേളം' എന്ന സിനിമയുടെ കഥ ഉര്‍വ്വശി എഴുതിയതൊന്നും അല്ല. തമിഴിലെ ഒരു സിനിമാക്കഥ മലയാളത്തിലാക്കാന്‍ ഉര്‍വ്വശി നിര്‍ദ്ദേശിച്ചു. എന്നാല്‍പ്പിന്നെ ഉര്‍വ്വശിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗപ്പെടുത്താം എന്നുകരുതി ആ സിനിമയുടെ പ്രവര്‍ത്തകര്‍ ടൈറ്റിലില്‍, കഥ ഉര്‍വ്വശി എന്നങ്ങ് അടിച്ചുകയറ്റി. പോരേ പൂരം! ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ കൂടുതലെന്തുവേണം?

കവിതാരഞ്ജിനി എന്ന പേര് 'തുടരും ഉറവ് ' എന്ന തമിഴ് സിനിമയിലൂടെ എങ്ങനെ ഉര്‍വ്വശി ആയി മാറിയെന്ന് വിവരിക്കുന്ന 'ആ സന്ധ്യയില്‍ ഞാന്‍ ഉര്‍വ്വശിയെ സ്‌നേഹിച്ചു തുടങ്ങി' എന്ന ലേഖനത്തോടെ പുസ്തകത്താളുകള്‍ ആരംഭിക്കുന്നു. മുന്താണെ മുടിച്ച് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വ്വശിക്ക് 13 വയസ്സ് മാത്രമായിരുന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. ഉണ്ണിമേരിയെപ്പറ്റി പറയുന്ന ലേഖനത്തില്‍ ഉണ്ണിമേരിയെ ചേച്ചീ എന്ന് വിളിക്കണ്ട, പകരം 'ഉണ്ണി' എന്ന് വിളിച്ചാല്‍ മതി എന്ന് ഉണ്ണിമേരി പറയുന്നുണ്ട്. ഉണ്ണിമേരിയുടെ അമ്മൂമ്മയെ, അമ്മൂമ്മ എന്ന് വിളിക്കണ്ട, 'അമ്മൂ' എന്ന് വിളിച്ചാല്‍ മതിയെന്ന് അമ്മൂമ്മയും പറയുന്നുണ്ട്. പ്രായമാകുന്നതില്‍ എത്രയൊക്കെ വിഹ്വലപ്പെട്ടിട്ടും തങ്ങള്‍ക്കൊപ്പം നായകനായി അഭിനയിച്ച അതേ നായകന്റെ അമ്മയായി പല നടികള്‍ക്കും അഭിനയിക്കേണ്ടി വരുന്നത് വല്ലാത്തൊരു വിധിവിളയാട്ടം തന്നെ!. തങ്കമണീ എന്ന് കഥാപാത്രത്തിന്റെ പേരില്‍ സംബോധന ചെയ്ത് ലോഹിതദാസ് ഉര്‍വ്വശിക്ക് അയക്കുന്ന കത്ത് കൗതുകം ജനിപ്പിക്കുന്നതാണ്. ഒരു പക്ഷെ ഒരു എഴുത്തുകാരന്റെ ചിന്താധാരയില്‍ മാത്രം ഉദിക്കുന്ന ഒരു കാര്യമാകാം ആ കത്ത്. ഭരതം എന്ന സിനിമയില്‍ ജേഷ്ഠന്‍ മരിച്ചത് വെളിയില്‍ അറിയിക്കാതെ ദുഃഖം ഉള്ളിലൊതുക്കി അനുജത്തിയുടെ കല്യാണം നടത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രം അനുഭവിക്കുന്ന ആത്മസംഘര്‍ഷം, സ്വന്തം അനുജന്റെ മരണസമയത്ത് ഉര്‍വ്വശിയും അനുഭവിക്കുന്നുണ്ട്. സ്വയം അഭിനയിച്ച് ഫലിപ്പിച്ച് കൈയ്യടി വാങ്ങുന്ന പല സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന പച്ചമനുഷ്യര്‍ തന്നെയാണ് അഭിനേതാക്കളുമെന്ന് സംശയം വേണ്ട.

'നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍' എന്ന ലേഖനത്തില്‍.... മുരളി, മോണിഷ, പത്മരാജന്‍, രഘുവരന്‍ എന്നിവര്‍ മരിച്ചപ്പോള്‍ പത്രക്കാരും, സിനിമാക്കാരുടെ പളപളപ്പന്‍ ജീവിതത്തിനപ്പുറത്തേക്ക് മറ്റൊന്നും അറിയാന്‍ ആഗ്രഹമില്ലാത്ത പൊതുജനങ്ങളും, നേരവും കാണവുമൊന്നും നോക്കാതെ പത്രക്കാരും, നടത്തുന്ന നെറികെട്ട പ്രകടനങ്ങള്‍ക്ക് എതിരെ ഉര്‍വ്വശി രോഷം കൊള്ളുന്നുണ്ട്. സില്‍ക്ക് സ്മിതയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്ന 'കരയുന്ന സ്മിത' എന്ന ലേഖനത്തില്‍, സ്മിതയുടെ ചേതനയറ്റ ശരീരത്തെ, കഴുത്തുവരെ പൊതിഞ്ഞ് കിടക്കുന്ന തുണി അല്‍പ്പം കൂടെ താഴ്‌ത്തിക്കിട്ടി, മരിച്ചുപോയ മാദകനടിയുടെ മാദകാവസ്ഥയില്‍ത്തന്നെയുള്ള ഒരു ഫോട്ടോയ്ക്ക് വേണ്ടി ശ്രമിക്കുന്ന പത്രക്കാരെക്കുറിച്ച് ആര്‍ക്കും തോന്നാവുന്ന അവജ്ഞയും ദേഷ്യവും തന്നെയാണ് ഉര്‍വ്വശിക്കും തോന്നുന്നത്. സിനിമാ ഷൂട്ടിങ്ങിന്റെ ഷോട്ടുകള്‍ക്കുള്ള ഇടവേളകളില്‍ വലിയൊരു പുതപ്പുകൊണ്ട് ശരീരം മറച്ചിരിക്കുന്ന ആളാണ് സ്മിത എന്നത് പത്രക്കാര്‍ക്ക് അറിയാത്ത കാര്യമൊന്നും അല്ലന്നുറപ്പാണ്.

'എവിടെയോ ഒരു രാജലക്ഷ്മി' 'കരയുന്ന ആറുവയസ്സുകാരന്‍' എന്നിങ്ങനെ പല ലേഖനങ്ങളിലും മനസ്സിനെ ആര്‍ദ്രമാക്കാന്‍ പോന്ന തന്തുക്കള്‍ ഉണ്ടെങ്കിലും എഴുത്തില്‍ തീക്ഷ്ണത കുറവായതിനാലായിരിക്കണം അതൊന്നും അധികനേരം ഉള്ളിലുടക്കി നില്‍ക്കുന്നില്ല. പല ലേഖനങ്ങളും എവിടെയോ തുടങ്ങി ലക്ഷ്യമൊന്നും ഇല്ലാതെ മറ്റെവിടെയോ അവസാനിച്ചതുപോലുള്ള വായനാനുഭവം നല്‍കി. 'ഒരു മകന്റെ നൊമ്പരം' എന്ന ലേഖനം സത്യത്തില്‍ ഉര്‍വ്വശിയല്ല, സത്യന്‍ അന്തിക്കാടാണ് എഴുതേണ്ടിയിരുന്നത്. വനിതയിലോ മറ്റോ ഖണ്ഡശ വന്നിരുന്ന ലേഖനങ്ങള്‍ ആണിതൊക്കെ എന്നുള്ളതുകൊണ്ടാകാം വനിതയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് എം.മധു ചന്ദ്രന്, ഉര്‍വ്വശി നന്ദി പറയുന്നത്. ഒരു വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റ് ലേഖനങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ ഈ ഒരു കോളത്തിന്റെ അപാകതകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയെന്ന് വരാം. പക്ഷെ അതെല്ലാം ചേര്‍ത്ത് പുസ്തകമാകുമ്പോള്‍, വായനയുടെ തലം മാറുന്നുണ്ട്. അതുകൊണ്ടുതന്നെ അപാകതകള്‍ മുഴച്ച് നില്‍ക്കുകയും ചെയ്യുന്നു.

2 comments:

  1. ഉര്‍വശിയുടെ ലേഖനങ്ങള്‍ എല്ലാം തന്നെ വനിതയിലൂടെ വായിച്ചിട്ടുണ്ട്.ഹൃദയക്കണ്ണാടി എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്‍.
    ഉണ്ണിമേരി കൂടെ അഭിനയിച്ച ആ സിനിമ (പേര് മറന്നു) യുടെ കഥ ഉര്‍വശിയുടേതാണെന്നാണ് ഞാനും കരുതിയിരുനത്

    ReplyDelete
  2. സ്ഥിരം പൈങ്കിളി വര്‍ത്തമാനങ്ങള്‍ മാത്രം സിനിമയിലും പുറത്തും പറയുന്ന മലയാള സിനിമാ നടിമാരില്‍ നിന്നും വ്യത്യസ്ഥമായി ചിലപ്പോഴൊക്കെ ഉര്‍വശിയെ തോന്നിയിട്ടുണ്ട്.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?