Sunday, October 21, 2012

അജ്ഞാതന്റെ വിളികള്‍

പുസ്തകം : അജ്ഞാതന്റെ വിളികള്‍
രചയിതാവ് : റസാഖ്‌ കുറ്റിക്കകം
പ്രസാധകര്‍ : ലിഖിതം ബുക്‌സ്‌, കണ്ണൂര്‍

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍




കാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ കഥാപുസ്‌തകം (വില-40രൂപ )
കഥകള്‍ മരണത്തിന്റെ മൗനഭാഷയിലേക്ക്‌ മൊഴിമാറ്റം ചെയ്‌ത എഴുത്തുകാരന്റെ പത്തുകഥകളുടെ സമാഹാരം. മരണത്തിന്റേയും വേവലാതിയുടേയും പ്രതിരോധത്തിന്റേയും കഥകളാണ്‌ റസാഖ്‌ കുറ്റിക്കകം എഴുതിയത്‌. സാധാരണവും അസാധാരണവുമായ ജീവിതചിത്രങ്ങള്‍. നാട്ടുഭാഷയുടെ താളത്തിലും സൗമ്യതയിലും അടയാളപ്പെടുത്തുകയാണ്‌ ഈ കഥാകാരന്‍. തെളിമയുള്ള ഭാഷയും അനാര്‍ഭാടമായ ശൈലിയും കൊണ്ട്‌ മലയാളകഥയെ വായനക്കാരിലേക്ക്‌ തിരിച്ചുപിടിക്കുകയാണ്‌ ഈ പുസ്‌തകം. അഴിമതിയും അതിന്റെ പൊരുളും ചെക്കുപോസ്റ്റിലെ ജോലിക്കാരന്‍ ശങ്കരന്‍കുട്ടിയുടെ ജീവിതത്തിലൂടെ വരച്ചുകാണിക്കുകയാണ്‌ 'പാപത്തിന്റെ ശമ്പളം' എന്ന കഥയില്‍. പുസ്‌തകത്തിലെ അവസാനകഥ 'റോജാ മിസ്സി'ല്‍ വസ്‌ത്രധാരവും പെരുമാറ്റവും കൊണ്ട്‌ നിമിഷ എന്ന വിദ്യാര്‍ത്ഥിനിയുടെ ഇഷ്‌ടപ്പെട്ട റോജ ടീച്ചറെക്കുറിച്ചാണ്‌ പറയുന്നത്‌. കടക്കെണി മൂലം ആത്മഹത്യ ചെയ്‌ത കുടുംബമാണ്‌ 'നാലാമത്തെ ചിത്രം' എന്ന കഥയില്‍. പാസഞ്ചര്‍ വണ്ടിയില്‍ സഹയാത്രികരായ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയാണ്‌ വിഷയം. വര്‍ത്തമാന ജീവിതാവസ്ഥയിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ്‌ ഈ കഥയിലൂടെ റസാഖ്‌. കഥയും കഥാപാത്രങ്ങളും നമുക്ക്‌ ചുറ്റും ജീവിക്കുന്നവരാണ്‌. അവരും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. പക്ഷേ, നാം അത്‌ തിരിച്ചറിയുന്നില്ല. കഥാകൃത്തിന്‌ അത്‌ കാണാതിരിക്കാനാവുന്നില്ല. 'അജ്ഞാതന്റെ വിളികളി'ലും കലാപവും കുടുംബങ്ങളും ഇഴചേരുകയാണ്‌. മൊബൈലില്‍ ഇടയ്‌ക്കിടെ തന്നെ വിളിക്കുന്ന അജ്ഞാതനില്‍ പ്രതീക്ഷയമര്‍പ്പിക്കുന്ന ഒരു അച്ഛന്റെ മനസ്സാണ്‌ ഈ കഥയില്‍ ആവിഷ്‌ക്കരിക്കുന്നത്‌. കുടുംബകലഹത്തിന്റെ തീരാക്കഴങ്ങളിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌ 'ദൃക്‌സാക്ഷി' എന്ന കഥ. മനുഷ്യന്റെ അകംപുറം കാഴ്‌ചയാണ്‌ ഈ കഥ അനുഭവിപ്പിക്കുന്നത്‌. ശ്യാമനൗനത്തിന്റെ പാട്ടുകാരനായ കഥയെഴുത്തുകാരന്റെ കാഴ്‌ചകളും നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ 'അജ്ഞാതന്റെ വിളികള്‍' എന്ന പുസ്‌തകം ജീവിതത്തിലേക്കുള്ള പിന്‍വിളിയാണ്‌. മറുകാഴ്‌ചയിലേക്കുള്ള ഉണര്‍ത്തലും.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?