Wednesday, April 13, 2011

ചരക്ക്

പുസ്തകം : ചരക്ക്
രചയിതാവ് : ബിജു സി.പി.

പ്രസാധനം : ഡി.സി.ബുക്ക്‌സ്
അവലോകനം : മനോരാജ്


















ബി
ജു.സി.പി എന്ന പത്രപ്രവര്‍ത്തകന്റെ ആദ്യ കഥാസമാഹാരമാണ്‌ ചരക്ക്. (വില : 70 രൂപ) സാമ്പ്രദായികമായ കഥ പറച്ചില്‍ രീതികളുടെ ഒരു പൊളിച്ചെഴുത്താണ്‌ സമാഹാരം എന്ന് പറയുന്നതില്‍ തീരെ അതിശയോക്തിയില്ല തന്നെ. വളരെ നാളുകള്‍ക്ക് ശേഷമാണ്‌ ഒരു സമാഹാരത്തിലെ എല്ലാകഥകളും അസാമാന്യനിലവാരം പുലര്‍ത്തികാണുന്നത്. പുതുകഥയുടെ പുതിയ മുഖം എന്ന പ്രസാധകരുടെ അവകാശവാദം പൊള്ളയായ മാര്‍ക്കറ്റിങ് തന്ത്രമല്ല എന്നത് സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു.

2005മുതല്‍ കഥയെഴുത്തില്‍ ശ്രദ്ധവെച്ചെങ്കിലും 5 വര്‍ഷം കൊണ്ട് ഇത്രയും കഥകളേ എഴുതാന്‍ കഴിഞ്ഞുള്ളൂ എന്ന കഥാകാരന്റെ വാക്കുകള്‍ ഒരു ചങ്കൂറ്റമായാണ്‌ ഫീല്‍ ചെയ്യുന്നത്. കാരണം അത്രക്ക് മനോഹരമാണ്‌ ചരക്കിലെ ഒന്‍പത് കഥകളും. പലപ്പോഴും നമുക്ക് ഒരു സാധാരണ പ്രമേയമായി തോന്നാമായിരുന്ന 'ഒരു ഹോംനേഴ്സിന്റെ ആത്മകഥ' എന്ന ആദ്യകഥയില്‍ തന്നെ കഥപറച്ചിലിന്റെ മറ്റൊരു വശം ബിജു വായനക്കാര്‍ക്കായി തുറന്നിടുന്നു. വലിയൊരു നോവലിനെ ചെറിയ പതിനഞ്ച് ഖണ്ഡങ്ങളിലേക്ക് വാറ്റിയെടുത്തത് പോലെ എന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ കഥയെ പറ്റി അവതാരികയില്‍ സൂചിപ്പിച്ചത് ഒരു ശരാശരി വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ പിന്താങ്ങുന്നു. കഥയുടെ പ്രമേയത്തേക്കാള്‍ കഥ പറയാനുപയോഗിച്ച നൂതനമായ സങ്കേതമാണ്‌ ഏറെ മനോഹരമെന്ന് തോന്നുന്നു. പരീക്ഷഹാളില്‍ വിദ്യാര്‍ത്ഥിനി കുനിഞ്ഞിരുന്ന്‍ എഴുതുമ്പോള്‍ ബ്ലൌസീക്കൂടി അകത്തേക്ക് നോക്കുന്ന അദ്ധ്യാപകനെ പറ്റി ഇത്ര സരസമായി അവതരിപ്പിക്കാൻ‍, തൊഴിലിടങ്ങളിലെ സ്ത്രീപീഢനങ്ങളെ ആക്ഷേപഹാസ്യശരങ്ങളിലൂടെ ഒരു പൊട്ടി പെണ്ണിന്റെ പൊള്ളയായ ചിന്താധാരയായി ഉയര്‍ത്തിക്കാട്ടാന്‍, ഒക്കെ കഥയില്‍ വളരെ മനോഹരമായി ബിജു ശ്രമിക്കുമ്പോള്‍ കഥ എന്ന മാധ്യമത്തില്‍ നിന്നും വായനക്കാരനും സമൂഹത്തിനും വേണ്ടത് കിട്ടുന്നു എന്ന് തന്നെ കരുതാം.

രണ്ടാമത്തെ കഥയായ 'സൂസന്ന പുതിയ നിയമങ്ങളിൽ‍' എന്നതില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീത്വവും അവളോട് കൂറുകാണിക്കുന്നവന്‌ ഭ്രഷ്ട് കല്പ്പിക്കുന്ന കപട സമൂഹത്തിന്റെ സ്മാര്‍ത്തവിചാരങ്ങളേയും രതിയുടെ പിന്‍ബലത്തോടെ വിളിച്ച് പറയുമ്പോള്‍ പോലും ഒരിക്കലും അതിലെ രതി അരോചകമാവാതിരിക്കുവാനും അതിരുകള്‍ ലംഘിക്കാതിരിക്കുവാനും കഥാകൃത്ത് ശ്രദ്ധിച്ചിരിക്കുന്നു.

'മന:ശാസ്ത്രജ്ഞന്‌ ഒരു കത്ത് ' എന്ന കഥയും 'ജൂനിയര്‍ മോസ്റ്റ് ', 'മറ്റൊരു കഥാകൃത്ത് കുരിശില്‍ ' എന്നീ കഥകളുമെല്ലാം മനോഹരങ്ങള്‍ തന്നെ. 'ജൂനിയര്‍ മോസ്റ്റ്' എന്ന കഥയില്‍ ഒരു പ്ലസ് ടൂ അദ്ധ്യാപികയുടെ മാനസീകവ്യാപാരങ്ങളിലേക്ക് ഒരു അദ്ധ്യയനവര്‍ഷത്തെ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് പരമ്പരാഗതമായ എഴുത്തിന്റെ ചട്ടകൂടുകളാണ്‌. കഥാപശ്ചാത്തലത്തിലെയും അവതരണത്തിലേയും പുതുമ കൊണ്ട് അസാമാന്യമായ നിലവാരം പുലര്‍ത്തുന്നു ടൈറ്റില്‍ (കവര്‍) സ്റ്റോറിയായ 'ചരക്ക് ' എന്ന കഥ. ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ യുഗത്തിന്റെയും പുത്തന്‍ ജീവിത ചുറ്റുപാടുകള്‍ തുറന്ന് കാട്ടുന്ന , ആഖ്യാനത്തിലെ വ്യത്യസ്തതകൊണ്ട് സമ്പുഷ്ടമായ ഒരു അനുഭൂതി തന്നെ ചരക്ക്.

എനിക്ക് സമാഹാരത്തില്‍ ഏറെ ഇഷ്ടപ്പെട്ടത് 'വാതപ്പരു' എന്ന കഥയാണ്‌. പുത്തന്‍ കാലത്തെ ബ്ലൂടൂത്തും, മൊബൈലും, ഇന്റെര്‍നെറ്റും, ഡിജിറ്റല്‍ ക്യാമറകളും മറ്റും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ്‌ വാതപ്പരു. ഷെറി എന്ന നായികയും അവള്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന കുറെ ഉപഗ്രഹങ്ങളും അടങ്ങിയ കഥ ഇറോട്ടിക് സെക്സ് എത്രത്തോളം മലയാളിയെ കീഴടക്കി എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് പറയാം.

പുസ്തകത്തെ പറ്റി പറയുമ്പോള്‍ ദേവപ്രകാശിന്റെയും സണ്ണിജോസഫിന്റെയും സംഭാവനകളെ വിസ്മരിക്കാനാവില്ല. കഥകള്‍ക്ക് വേണ്ടി മനോഹരമായി രേഖാചിത്രങ്ങള്‍ വരച്ച ദേവപ്രകാശും അതു പോലെ തന്നെ വളരെ നൂതനമായ , വ്യത്യസ്തതയുള്ള ഒരു കവര്‍ ഡിസൈന്‍ ചെയ്ത സണ്ണിജോസഫും പ്രശംസയര്‍ഹിക്കുന്നു. പുസ്തകത്തിന്റെ മനോഹാരിതക്ക് ഇവരുടെ സംഭാവനകളെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ്‌ ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ദേവപ്രകാശിന്‌ ലഭിച്ചപ്പോള്‍ അതില്‍ ചരക്ക് എന്ന പുസ്തകവും ഉള്‍പ്പെട്ടിരുന്നു എന്ന വസ്തുത.

ഒരു കാര്യം ഉറപ്പിച്ച് പറയാം. കുറച്ചേ പറഞ്ഞിട്ടുള്ളൂ എങ്കിലും ഒട്ടും പതിരില്ലാതെ പറയാന്‍ ബിജുവിലെ കഥാകാരന്‌ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥയുടേയൂം ആവിഷ്കാരത്തിലും ആഖ്യാനരീതിയിലും പുലര്‍ത്തുന്ന വൈവിധ്യവും നൂതനത്വവും എടുത്ത് പറയേണ്ടതാണ്‌. "വരുകാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാളസാഹിത്യത്തിന്റെ മുന്‍‌നിരയില്‍ കസേരവലിച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു" എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് സത്യം തന്നെ എന്ന് സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു. പുതു കഥയുടെ പുതിയ മുഖമായ കഥാകാരനും കഥാസമാഹാരവും തീര്‍ച്ചയായും വായന അര്‍ഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

4 comments:

  1. അവലോകനം പുസ്തകം വാങ്ങി വായിക്കാനുള്ള പ്രചോദനമായിട്ടുണ്ട്‌.

    ReplyDelete
  2. ഈ പരിചയപ്പെടുത്തല്‍ പുസ്തകം വായിക്കുവാന്‍ പ്രചോദനമായി,വൈകാതെ തന്നെ പുസ്തകം വാങ്ങുവാന്‍ ശ്രമിക്കും .നന്ദി

    ReplyDelete
  3. പുതിയ വായനയ്ക്ക് ഒരു പുതുമ കൂടി ..:൦

    ReplyDelete
  4. നന്ദി മനു, ഈ പരിചയപ്പെടുതലിനു... നാട്ടില്‍ വരുമ്പോള്‍ വാങ്ങാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഒന്ന് കൂടി.....

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?